എ.ഡി.1131ല്‍ കര്‍ണാടക ബിജാപൂര്‍ ജില്ലയിലെ ഇംഗലേശ്വര ഭഗവാഡ ഗ്രാമത്തിലാണ് ഭാരതത്തിന്റെ നവോത്ഥാന പ്രസ്ഥാനത്തിന് നാന്ദി കുറിച്ച വിപ്ലവ സൂര്യന്‍ ജനിച്ചത്. ശൈവ ബ്രാഹ്മണ ദമ്പതികളായ മദരസയും, മദലാംബയുമാണ് മാതാപിതാക്കള്‍. പിതാവ് അഗ്രഹാരത്തിന്റെ തലവനായിരുന്നു. ബ്രാഹ്മണ്യത്തില്‍ അടിയുറച്ച് വിശ്വാസമര്‍പ്പിച്ച് ജീവിച്ചിരുന്ന ആളായിരുന്നു ബസവണ്ണയുടെ പിതാവ്. ബ്രാഹ്മണരുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും തന്റെ മക്കളെയും അദ്ദേഹം പഠിപ്പിച്ചു,
ബസവണ്ണയ്‌ക്ക് എട്ടു വയസ്സുള്ളപ്പോള്‍ ആചാര പ്രകാരം ഉപനയന ചടങ്ങ് നടത്താന്‍ മാതാപിതാക്കള്‍ നിശ്ചയിച്ചു. ആചാരപൂര്‍വ്വം എല്ലാ പ്രൗഢിയോടെയും ചടങ്ങ് നടത്തണമെന്ന് ഗ്രാമത്തലവന് ആഗ്രഹമുണ്ടായിരുന്നു. എന്നാല്‍ ബസവേശ്വരന്‍ ഈ ചടങ്ങിനെ ശക്തിയായി എതിര്‍ത്തു. എന്തുകൊണ്ടാണ് തന്റെ സഹോദരിക്ക് ഉപനയനം നടത്താത്തതെന്ന ആ ബാലന്റെ ചോദ്യത്തിനു മുന്‍പില്‍ ഉത്തരം നല്‍കാനാവാതെ മാതാപിതാക്കള്‍ അടക്കമുള്ള ആചാര്യ സദസ്സും ഗുരുജനങ്ങളും കുഴങ്ങി. പെണ്‍കുട്ടികള്‍ക്ക് ഉപനയനം നടത്താന്‍ പാടില്ല. എന്നുമാത്രമാണ് ബാലനായ ബസവണ്ണയോട് അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കും മറ്റും പറയാനുണ്ടായ മറുപടി. എന്നാല്‍ ഈ മറുപടിയില്‍ അദ്ദേഹം തൃപ്തനായില്ല. തന്റെ സഹോദരിക്ക് വേണ്ടാത്ത ആചാരങ്ങള്‍ തനിക്കും വേണ്ടെന്ന നിലപാട് സ്വീകരിച്ചു. അങ്ങനെ സ്ത്രീ പുരുഷ വിവേചനത്തിനെതിരെ ആദ്യമായി ശബ്ദമുയര്‍ത്തിയത് അദ്ദേഹമായിരുന്നു.
സാമൂഹിക അനാചാരങ്ങള്‍ക്കെതിരെ ശക്തമായ പോരാട്ടത്തിന് നേതൃത്വം നല്‍കിയ ആചാര്യന്റെ ജയന്തിയാഘോഷം ഭാരതം മാത്രമല്ല, ലോകരാജ്യങ്ങള്‍ മുഴുവനും ആഘോഷിക്കുകയാണ്. ഭാരത പാര്‍ലമെന്റില്‍ 2025 ഏപ്രില്‍ 30 ന് പാര്‍ലമെന്റ് ഹൗസില്‍ വെച്ച് ആഘോഷിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം പ്രകാശ് ബിര്‍ള അനുവാദം നല്‍കുകയും അതിന്റെ മുന്നൊരുക്കങ്ങള്‍ നടത്താന്‍ ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. ഇത് ഭാരതത്തിലെ വീരശൈവ സമൂഹത്തിന് മാത്രമല്ല, സനാതന ധര്‍മ്മസിദ്ധാന്തത്തില്‍ വിശ്വസിക്കുന്ന മുഴുവന്‍ ഭാരതീയര്‍ക്കും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷങ്ങളായിരുന്നു.
തന്റെ ജീവിതയാത്രയില്‍ ബസവേശ്വരന്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നേരിട്ടു. സവര്‍ണാധിപത്യം കൊടുമ്പിരികൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ ഒരു സവര്‍ണന്റെ കൊടിയ മര്‍ദ്ദനത്തിന് ഇരയായി മരണത്തോടു മല്ലടിച്ച, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട ഒരു ചെറുപ്പക്കാരനെ ബസവേശ്വരന്‍ കാണാനിടയായി. അദ്ദേഹത്തെ തന്റെ ഭവനത്തില്‍ കൊണ്ടുപോയി പ്രഥമ ശുശ്രൂഷ നല്‍കി. കുളിപ്പിച്ച് ഭക്ഷണവും വസ്ത്രവും നല്‍കി. പാര്‍ശ്വവത്കരിക്കപ്പെട്ട ആ സാധുവിനെ അദ്ദേഹത്തിന്റെ കുടിയില്‍ കൊണ്ടാക്കി. അക്കാലത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഇത്. ബസവേശ്വരനെ വീട്ടില്‍നിന്ന് പുറത്താക്കി. മാത്രമല്ല കഠിന ശിക്ഷയാണ് അദ്ദേഹത്തിന് അന്ന് ലഭിച്ചത്. കമ്പി പഴുപ്പിച്ച് ദേഹത്ത് പൊള്ളല്‍ ഏല്‍പ്പിച്ചപ്പോഴും അദ്ദേഹം തന്റെ നിലപാട് തിരുത്തിയില്ല. അങ്ങനെ അധഃസ്ഥിത സമൂഹത്തിനു വേണ്ടി ശബ്ദമുയര്‍ത്തിയ കര്‍മ്മയോഗിയാണ് ബസവേശ്വരന്‍. അങ്ങനെ അദ്ദേഹം നവോത്ഥാന പ്രസ്ഥാനത്തിന്റെ വിപ്ലവ സൂര്യനായി മാറി.
16 വയസ്സ് പിന്നിടുമ്പോള്‍ അദ്ദേഹം വിജ്ഞാന മേഖലയില്‍ ബഹുദൂരം സഞ്ചരിച്ചു. വേദങ്ങളും ഉപനിഷത്തുക്കളും മഹാകാവ്യങ്ങളും സ്വായത്തമാക്കി. മറ്റുള്ളവരെ ഉപദേശിക്കണമെങ്കില്‍ ആ ഉപദേശത്തിന്റെ സത്യസന്ധത തന്നില്‍ ഉണ്ടാവണമെന്ന് സ്വയം നിശ്ചയിച്ചു. അനുഭവ മണ്ഡപത്തിന്റെ അദ്ധ്യക്ഷ സ്ഥാനത്ത് അല്ലമ പ്രഭുവിനെ നിയോഗിച്ചു കൊണ്ട് സമൂഹത്തില്‍ പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്ക് ആത്മവിശ്വാസം നല്‍കി.
അധഃസ്ഥിത വിഭാഗത്തോട് സമൂഹം വിലക്കേര്‍പ്പെടുത്തി അവഗണിച്ച് മാറ്റി നിര്‍ത്തിയപ്പോള്‍ അവരെ മാറോട് ചേര്‍ത്ത് നിര്‍ത്തി മാതൃകയായി. അദ്ദേഹത്തിന്റെ അടുത്ത ലക്ഷ്യം അറിവിന്റെ വേരുകള്‍ തേടിയുള്ള യാത്രയായിരുന്നു. അങ്ങനെ അദ്ദേഹം കുടില സംഗമം എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു. ബഗേവാഡക്കടുത്ത് കൃഷ്ണാനദിയും കായപ്രഭാനദിയും സംഗമിക്കുന്ന പുണ്യതീരത്ത് കുടല സംഗമത്തില്‍ ബസവേശ്വരന്‍ തന്റെ അറിവിന്റെ പ്രഭാകിരണങ്ങള്‍ ലോകത്തിനായി സംഭാവന ചെയ്തു.
ബസവേശ്വരന്റെ ഒട്ടേറെ വചനങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അവ പ്രകാശപൂരിതമായ ഒരു പ്രഭാവലയം തന്നെ സമൂഹത്തില്‍ സൃഷ്ടിച്ചു. വിഗ്രഹാരാധന, ലൗകിക സുഖഭോഗങ്ങള്‍, അര്‍ഹതയില്ലാത്ത സ്വത്ത് സമ്പാദനം എന്നിവയെ അദ്ദേഹം അനുകൂലിച്ചിരുന്നില്ല. അത്തരക്കാരെ അതില്‍ നിന്ന് പിന്തിരിപ്പിക്കാനും ശ്രമിച്ചു. പാരമ്പര്യ മതാചാരങ്ങളില്‍ അര്‍ഹതയില്ലാത്തതും ആവശ്യമില്ലാത്തതുമായ അനാചാരങ്ങളെ തിരസ്‌കരിക്കാന്‍ സമൂഹത്തോട് ആഹ്വാനം ചെയ്തു. അതിന്നും ലോക രാഷ്‌ട്രങ്ങള്‍ ചര്‍ച്ച ചെയ്യുന്നു.
ചാതുര്‍ വര്‍ണ്യത്തിന്റെ ഉരുക്കുകോട്ടകള്‍ തകര്‍ത്തു സ്ത്രീപുരുഷ സമത്വവും സമഭാവനയും മുഖമുദ്രയാക്കി പന്ത്രണ്ടാം നൂറ്റാണ്ടില്‍ അദ്ദേഹം ജന്മം നല്‍കിയ ലിംഗായത്ത് സമ്പ്രദായം പിന്നീട് വീരശൈവസിദ്ധാന്തത്തിനും ബലമേകി.
ബസവേശ്വരന്‍ പന്ത്രണ്ടാം നൂറ്റാണ്ടില്‍ തുടങ്ങിവച്ച നവോത്ഥാന പ്രസ്ഥാനം പിന്നീട് പത്തൊമ്പതാം നൂറ്റാണ്ടില്‍ പുനരാരംഭിച്ചത് രാജാറാം മോഹന്റോയ് ആയിരുന്നു. ബസവേശ്വരന്റെ സംഭാവനകളില്‍ ഏറ്റവും മുഖ്യമായതില്‍ ഒന്നാണ് കായവേ കൈലാസം. കര്‍മമാണ് ഈശ്വരന്‍ എന്ന് ഉദ്‌ഘോഷിച്ച അദ്ദേഹം ജീവിത വൃത്തിക്ക് തൊഴില്‍ ചെയ്യണമെന്നും ഏത് തൊഴിലിനും അതിന്റേതായ മാന്യതയുണ്ടെന്നും തൊഴില്‍ ചെയ്ത് കിട്ടുന്ന പണം ‘ദശോഹ’ അടിസ്ഥാനത്തില്‍ പാവപ്പെട്ടവര്‍ക്ക് കൂടി കൊടുക്കണമെന്നും നിര്‍ദ്ദേശിച്ചു. എല്ലാവര്‍ക്കും തൊഴിലും തുല്യതയും ആണ് വേണ്ടതെന്ന് സമൂഹത്തെ ബോധ്യപ്പെടുത്തി.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ ബസവേശ്വരന്‍ സ്ഥാപിച്ച വീരശൈവ സിദ്ധാന്തം ആ നൂറ്റാണ്ടിലെ അന്നുവരെ രൂപംകൊണ്ടിരുന്ന ചിന്താ ബോധങ്ങളുടെയും അതിലുപരിയായ തത്വചിന്തകളുടെയും ഒരു സംയോഗമായിരുന്നു. ശിവസിദ്ധാന്തത്തിലെ ഭക്തി മാര്‍ഗവും ഉപനിഷത്തിലെ ജ്ഞാനമാര്‍ഗവും ബുദ്ധമതത്തിലെ ധാര്‍മിക മൂല്യവും കൂടിച്ചേര്‍ന്ന നവീന തത്വസംഹിതയാണ് വീരശൈവസിദ്ധാന്തത്തിലൂടെ അദ്ദേഹം വിഭാവനം ചെയ്തത്. ഇത് ഭാരത സമൂഹത്തിന് ഒരു നൂതന പരിവേഷവും ചൈതന്യവും നേടിക്കൊടുത്തു. അതുപോലെ അനുഭവ മണ്ഡപം എന്ന വിജ്ഞാന സദസ്സ് സ്ഥാപിച്ചു കൊണ്ട് എല്ലാവിഭാഗം ജനങ്ങളെയും ഉള്‍ക്കൊണ്ട് സംവാദം നടത്തുന്നതിനും വേദിയുണ്ടാക്കി. ഇന്നത്തെ ജനാധിപത്യ പാര്‍ലമെന്റിന് സമാനമായിരുന്നു അനുഭവ മണ്ഡപം. സത്യാന്വേഷികളായ അനേകം പേര്‍ ഇതില്‍ പങ്കാളികളായി. ചോള, ചേര, പാണ്ഡ്യ, ഗുജറാത്ത്, ഒറീസ, കശ്മീര്‍ എന്നിവിടങ്ങളില്‍ നിന്നും കര്‍ണാടകത്തില്‍ നിന്നും ധാരാളം പേര്‍ ഇതിന്റെ ഭാഗമായി. 770 ഓളം ആധ്യാത്മിക പ്രതിഭാശാലികള്‍ പങ്കെടുത്ത പ്രഥമ അനുഭവ മണ്ഡപ സദസ്സില്‍ മുന്നൂറോളം പേര്‍ മഹാന്മാരായ ഗ്രന്ഥകാരന്മാരും 60 ഓളം പേര്‍ സംന്യാസിമാരും മുപ്പതോളം പേര്‍ വചന സാഹിത്യത്തില്‍ നൈപുണ്യം നേടിയവരും ആയിരുന്നു എന്നാണ് ചരിത്രം പറയുന്നത്. ഇതാണ് പിന്നീട് ആധുനിക പാര്‍ലമെന്റിനും ജനാധിപത്യ സങ്കല്‍പ്പത്തിനും മാതൃകയായത് എന്നും വിശ്വസിക്കുന്നു. അനുഭവ മണ്ഡപത്തില്‍ ചെരുപ്പുകുത്തിയും, അലക്കുകാരനും, കര്‍ഷകനും, തയ്യല്‍ക്കാരനും ഉള്‍പ്പെടെ സമസ്തമേഖലകളിലുള്ള ആളുകളെ കൂടി ഉള്‍പ്പെടുത്തി ജനാധിപത്യത്തിന് ബലമേകാന്‍ സന്ദേശം നല്‍കിയതും അദ്ദേഹമാണ്.
വീരശൈവരുടെ പഞ്ചാചാരങ്ങളും അനുഷ്ഠാനങ്ങളും ചിട്ടപ്പെടുത്തിയത് ബസവേശ്വരനാണ്. പഞ്ചശുദ്ധി, ശിവയോഗം, പഞ്ചാചാരം, അഷ്ടാവരണം ഇതെല്ലാം വീരശൈവര്‍ക്ക് വിധിക്കപ്പെട്ട ജീവിതക്രമങ്ങളാണ്. സ്‌നാനം, മന്ത്രം, അഭിഷേകം, ലിംഗപൂജ, ജപം, ലിംഗാചാരം, സദാചാരം, ശിവാചാരം, ഭൃത്യാചാരം, ഗണാചാരം, ഗുരു ലിംഗം ജംഗമം, പാദോദകം, പ്രസാദം, ഭസ്മധാരണം, ശിവ ലിംഗ ധാരണം, രുദ്രാക്ഷ ധാരണം, ശിവമന്ത്രം എന്നീ അഷ്ടാചാരങ്ങളും വീരശൈവന്റെ ആചാരാനുഷ്ഠാനത്തിന്റെ ഭാഗമായി വിധിക്കപ്പെട്ടവയാണ്.
കല്യാണ ഭരിച്ചിരുന്ന ബിജില രാജാവിന്റെ ഖജനാവ് സൂക്ഷിപ്പുകാരനും പിന്നീട് രാജാവിന്റെ പ്രധാനമന്ത്രിയുമായിരുന്ന മികച്ച ഭരണകര്‍ത്താവും ആത്മീയ ചിന്തകനും ഭക്തകവിയും തത്വശാസ്ത്രപണ്ഡിതനും ആയിരുന്നു അദ്ദേഹം. ജഗദ്ഗുരു ശ്രീ. ബസവേശ്വരന്റെ പ്രതിമ ഭാരത പാര്‍ലമെന്റിലും ലണ്ടന്‍ പാര്‍ലമെന്റിലും പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്തുവെന്നതും ഏറെ സന്തോഷകരമായ കാര്യമാണ്. ഏപ്രില്‍ 30 ന് ഭാരതത്തിന്റെ പാര്‍ലമെന്റ് അടക്കമുള്ള സ്ഥലങ്ങളിലും ലോകരാജ്യങ്ങളിലും ബസവ ജയന്തി ആഘോഷിക്കുകയാണ്.
ആ സൂര്യന്‍ 1167-ല്‍ 36-ാം വയസ്സില്‍ കാവേരിയും, ഗോദാവരിയും, മാലപ്രഭയും ഒന്നിക്കുന്ന തൃവേണി സംഗമത്തില്‍ സംഗമേശ്വരനില്‍ വിലയം പ്രാപിച്ചു. ബസവേശ്വരന്‍ സമാധിയായ കുടല സംഗമം ഇന്ന് ടൂറിസ്റ്റ് കേന്ദ്രമാണ്. ഭഗവാന്‍ സംഗമേശ്വരനോടുള്ള അദ്ദേഹത്തിന്റെ അവസാനത്തെ പ്രാര്‍ത്ഥന ഇപ്രാകമായിരുന്നു. ‘അല്ലയോ, കുടല സംഗമ ദേവാ.. അങ്ങയുടെ ആജ്ഞകള്‍ ഞാന്‍ നിറവേറ്റി. ഇനി അങ്ങയുടെ ഹൃദയത്തിലേക്ക് എന്നെ സ്വീകരിച്ചാലും.’ എന്ന് മഹാദേവനോട് പ്രാര്‍ത്ഥിച്ചുകൊണ്ട് ആ സൂര്യന്‍ എന്നന്നേക്കുമായ് മറഞ്ഞു. ബസവേശ്വരന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് ഒരു വികസിത രാഷ്‌ട്രം കെട്ടിപ്പടുക്കാന്‍ നമുക്കും കൈകോര്‍ക്കാം. ബസവേശ്വരന്‍ നല്‍കിയ സന്ദേശങ്ങള്‍ ഭാരതത്തിന്റെ മണ്ണില്‍ നടപ്പിലാക്കുന്ന ഭരണാധികാരികള്‍ക്ക് നന്ദിയും ആശംസകളും നേരുന്നു.
(അഖില കേരള വീര ശൈവ മഹാസഭ സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: