Kerala

വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഐ.എം വിജയന് സ്ഥാനക്കയറ്റം; നിയമനം സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ച്

Published by

മലപ്പുറം: വിരമിക്കാന്‍ ഒരു ദിവസം ബാക്കി നില്‍ക്കേ ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാസം ഐ.എം വിജയന് പോലീസ് സേനയില്‍ സ്ഥാനക്കയറ്റം. ഡെപ്യൂട്ടി കമാന്‍ഡന്റന്റായാണ് സ്ഥാനക്കയറ്റം. നിലവില്‍ മലപ്പുറത്ത് എംഎസ്പിയില്‍ അസിസ്റ്റന്റ് കമാന്‍ഡന്റാണ് ഐ.എം വിജയൻ.

സ്ഥാനക്കയറ്റം ആവശ്യപ്പെട്ട് ഐ.എം വിജയന്‍ അപേക്ഷ നല്‍കിയിരുന്നു. പിന്നാലെ സൂപ്പര്‍ ന്യൂമറി തസ്തിക സൃഷ്ടിച്ചാണ് നിയമനം ലഭിച്ചിരിക്കുന്നത്. 1987ലാണ് ഐ എം വിജയന്‍ പൊലീസ് കോണ്‍സ്റ്റബിളായി ജോലിയില്‍ പ്രവേശിച്ചത്. ഇന്നും നാളെയും മാത്രമേ ഈ തസ്തികയില്‍ ഐ എം വിജയന് പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂവെങ്കിലും ആനുകൂല്യങ്ങള്‍ ലഭിക്കുന്നതായിരിക്കും.

2021ല്‍ എംഎസ്പി അസിസ്റ്റന്റ് കമാന്‍ഡന്റ് ആയി സ്ഥാനക്കയറ്റം ലഭിച്ചത്. 2002ല്‍ അര്‍ജുനയും 2025ല്‍ പത്മശ്രീയും നല്‍കി ഐ എം വിജയനെ രാജ്യം ആദരിച്ചു.
1991 മുതല്‍ 2003 വരെ 12 വര്‍ഷം ഇന്ത്യന്‍ ഫുട്ബോള്‍ ടീമിലെ സ്ഥിര സാന്നിധ്യമായിരുന്നു ഐ.എം വിജയന്‍. മോഹന്‍ ബഗാന്‍, ഈസ്റ്റ് ബംഗാള്‍, ജെസിടി മില്‍സ് ഫഗ്വാര, എഫ്സി കൊച്ചിന്‍, ചര്‍ച്ചില്‍ ബ്രദേഴ്സ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.

2000-2004 കാലത്ത് ഇന്ത്യന്‍ ക്യാപ്റ്റനായും ചുമതലയേറ്റ വിജയന്‍ 2006ലാണ് പ്രൊഫഷണല്‍ ഫുട്ബോളില്‍നിന്ന് വിടവാങ്ങിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by