ദല്‍ഹി ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത് തിളങ്ങുന്ന വിജയം കാഴ്ചവച്ചിരിക്കുന്നു. ഒന്‍പതു വര്‍ഷത്തെ ഇടവേളയ്‌ക്കുശേഷം എബിവിപിയുടെ സ്ഥാനാര്‍ഥി ജോയന്റ് സെക്രട്ടറി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു. 43 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണവും കരസ്ഥമാക്കി വന്‍വിജയമാണ് എബിവിപി നേടിയിരിക്കുന്നത്. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ ഏതെങ്കിലും ഒരു വിദ്യാര്‍ത്ഥി സംഘടന ഇങ്ങനെയൊരു വിജയം നേടുന്നത് ആദ്യമാണ്. സഖ്യമില്ലാതെ ഒറ്റയ്‌ക്കാണ് എബിവിപി ഈ വിജയം നേടിയതെന്ന കാര്യം കണക്കിലെടുക്കുമ്പോള്‍ അതിന്റെ മാറ്റ് വര്‍ദ്ധിക്കുന്നു.
പ്രസിഡന്റ് സ്ഥാനം ഓള്‍ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷനിലെ (ഐസ) നിതീഷ് കുമാര്‍ നേടിയപ്പോള്‍ എബിവിപിയുടെ ശിഖ സ്വരാജ് വന്‍തോതില്‍ വോട്ട് നേടി രണ്ടാമത് എത്തിയത് സുപ്രധാനമാണ്. എസ്എഫ്ഐ പിന്തുണച്ച തയബ അഹമ്മദ് വളരെ കുറഞ്ഞ വോട്ടുകളുമായി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു.
ഡെമോക്രാറ്റിക് സ്റ്റുഡന്റ്‌സ് ഫെഡറേഷന്റെ (ഡി എസ്എഫ്) മനീഷ വൈസ് പ്രസിഡന്റ് പദവി നേടിയപ്പോള്‍ എബിവിപിയിലെ നിട്ടു ഗൗതം രണ്ടാം സ്ഥാനത്തെത്തിയതും ശ്രദ്ധേയമാണ്.
ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിലും എബിവിപി രണ്ടാം സ്ഥാനത്തെത്തി.
ജോയിന്റ് സെക്രട്ടറിയായി എബിവിപിയിലെ വൈഭവ് മീണ ഐസയിലെ നരേഷ് കുമാറിനെയും പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ നിഗം കുമാരിയേയും പിന്നിലാക്കി.
ഒന്‍പത് വര്‍ഷത്തിനു മുന്‍പ് സൗരഭ് ശര്‍മയുടെ വിജയത്തിനു ശേഷം എബിവിപി ആദ്യമായാണ് ഒരു കേന്ദ്ര പാനല്‍ പദവി നേടുന്നത്. പ്രസിഡന്റ് സ്ഥാനത്ത് എബിവിപി അവസാനമായി വിജയിച്ചത് കാല്‍നൂറ്റാണ്ട് മുന്‍പാണ്. സന്ദീപ് മഹാപത്രയാണ് അന്ന് വിജയിച്ചത്. കൊവിഡ് കാലത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നില്ല.
ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തുള്ള ഐസയും ഡിഎസ്എഫും ഒന്നിച്ച് മത്സരിച്ചപ്പോള്‍ എസ്എഫ്ഐയും എ ഐഎസ്എഫും ബിര്‍സ അംബേദ്കര്‍ ഫുലെ സ്റ്റുഡന്റ്‌സ് അസോസിയേഷനും പ്രോഗ്രസീവ് സ്റ്റുഡന്റ്‌സ് അസോസിയേഷനും ഒരുമിച്ചു മത്സരിച്ചു.
എബിവിപി ഒറ്റയ്‌ക്കാണ് മത്സരിച്ചത്. ജെഎന്‍യുവിലെ രാഷ്‌ട്രീയ ഭൂപടത്തില്‍ ചരിത്രപരമായ മാറ്റം സംഭവിച്ചിരിക്കുന്നുവെന്നും, ഇടതുപക്ഷത്തിന്റെ കോട്ട തകര്‍ന്നിരിക്കുന്നതിന്റെ തെളിവാണിതെന്നുമാണ് വിജയത്തെ എബിവിപി വിശേഷിപ്പിച്ചത്.
ജെഎന്‍യുവിലെ ഈ വിജയം എബിവിപിയുടെ ആശയത്തിന്റെയും, ദേശീയ ചിന്തയോടുള്ള വിദ്യാര്‍ഥികളുടെ വിശ്വാസത്തിന്റെയും പ്രതീകമാണിതെന്നും എബിവിപി കരുതുന്നു. വിദ്യാഭ്യാസത്തെ രാഷ്ട്രനിര്‍മ്മാണത്തിന്റെ അടിത്തറയായി കണക്കാക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ഈ വിജയം സമര്‍പ്പിക്കുകയാണെന്നും, വര്‍ഷങ്ങളായുള്ള ഇടതുപക്ഷ ഏകാധിപത്യത്തിനെതിരെയുള്ള ജനാധിപത്യ വിപ്ലവമാണിതെന്നും എബിവിപി പറയുന്നത് ഇപ്പോഴത്തെ വിജയത്തിന്റെ പ്രാധാന്യത്തിന് അടിവരയിടുന്നു.
ഈ വിജയത്തെ വ്യക്തിഗത നേട്ടമായി കണക്കാക്കുന്നില്ലന്നും, ഇടതുപക്ഷം വര്‍ഷങ്ങളായി അടിച്ചമര്‍ത്തിവച്ച ദേശീയ ചിന്തയുടെയും വിജയം കൂടിയാണിതെന്നും, സാംസ്‌കാരികമായ തിരിച്ചറിവോടെ രാഷ്‌ട്രത്തിന്റെ ആത്മാവിനെയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് വിദ്യാഭ്യാസത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ വിജയത്തിന്റെ പ്രതീകമാണിതെന്നുമുള്ള ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയിച്ച വൈഭവ് മീണയുടെ വാക്കുകള്‍ ആദര്‍ശത്തിന്റെയും ആത്മവിശ്വാസത്തിന്റെയും പ്രതിഫലനമാണ്.
രാജ്യത്തെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമാണ് എബിവിപി. ഭൂരിപക്ഷം കോളജുകളിലെയും മുന്‍നിര വിദ്യാര്‍ത്ഥി സംഘടനയാണ് എബിവിപി.വിദ്യാര്‍ത്ഥികള്‍ നാളത്തെ പൗരന്മാരല്ല, ഇന്നത്തെ പൗരന്മാരാണെന്ന് വിശ്വസിക്കുന്ന ഈ പ്രസ്ഥാനം രാഷ്‌ട്ര നവ നിര്‍മ്മാണത്തില്‍ നിര്‍ണായകമായ പങ്കുവഹിക്കുന്നു. എബിവിപിയിലൂടെ വളര്‍ന്നുവന്ന നിരവധി പേര്‍ പിന്നീട് രാഷ്‌ട്രീയത്തില ടക്കം രാജ്യത്തിന്റെ വിവിധ മേഖലകളില്‍ നേതൃപദവികളില്‍ എത്തുകയുണ്ടായി.
ദേശീയ ശക്തികള്‍ രാജ്യത്ത് പ്രാമുഖ്യം നേടുകയും, ജനങ്ങളെ പ്രതിനിധീകരിക്കുകയും ചെയ്യുമ്പോഴും ജെഎന്‍യു പോലുള്ള അപൂര്‍വ്വം ചില കാമ്പസുകള്‍ ഇടതുപക്ഷ ശക്തികള്‍ ഇസ്ലാമിക മതമൗലികവാദികള്‍ ഉള്‍പ്പെടെ രാജ്യവിരുദ്ധ ശക്തികളുമായി പോലും സഖ്യം ഉണ്ടാക്കി കയ്യടക്കി വച്ചിരിക്കുകയാണ്. ഈ അവസ്ഥയ്‌ക്കാണ് ജെഎന്‍ യുവിലെ എബിവിപിയുടെ തിളക്കമാര്‍ന്ന വിജയത്തോടെ മാറ്റം സംഭവിച്ചിരിക്കുന്നത്. ഇടതുപക്ഷ ചിന്താഗതിയുടെയും സംഘടനാ ശേഷിയുടെയും സമ്പൂര്‍ണ്ണമായ തകര്‍ച്ചയുടെ പ്രതിഫലനമാണ് എബിവിപി ജെഎന്‍യുവില്‍ നേടിയ ചരിത്രപരമായ വിജയം.
പ്രതികരിക്കാൻ ഇവിടെ എഴുതുക