ശ്രീനഗര്‍: പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കാനൊരുങ്ങുന്ന ഭാരതം അതിര്‍ത്തിയില്‍ സൈനിക വിന്യാസം ശക്തമാക്കി. കനത്ത ജാഗ്രത പ്രഖ്യാപിച്ചു. അതിര്‍ത്തി ഗ്രാമങ്ങളില്‍ നിന്ന് മാറാന്‍ ഗ്രാമീണരോടു നിര്‍ദേശിച്ചു. അതിര്‍ത്തി പ്രദേശങ്ങളിലേക്കുള്ള പ്രവേശനം പൂര്‍ണമായി നിരോധിച്ചു.
ഭാരതത്തിന്റെ സുരക്ഷാ ഏജന്‍സികള്‍ പാക് അധീന കശ്മീരിലെ ഒന്നിലധികം സജീവമായ ഭീകരകേന്ദ്രങ്ങള്‍ തിരിച്ചറിഞ്ഞു. ഭാരതത്തിന്റെ തിരിച്ചടി ഭയന്ന് പാക് സൈന്യം പിഒകെയിലെ നിരവധി ഭീകര കേന്ദ്രങ്ങള്‍ ഒഴിപ്പിക്കുകയും ഭീകരരെ സൈനിക ഷെല്‍ട്ടറുകളിലേക്കും ബങ്കറുകളിലേക്കും മാറ്റുകയും ചെയ്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. കെല്‍, സര്‍ദി, ദുധ്‌നിയാല്‍, അത്മുക്വം, ജുറ, ലിപ, പച്ചിബാന്‍, ഫോര്‍വേഡ് കഹുത, കോട്ലി, ഖുയിരറ്റ, മന്ധാര്‍, നികൈല്‍, ചാമന്‍കോട്ട്, ജാന്‍കോട്ട് എന്നിവയുള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങളില്‍ നിന്ന് ഭീകരരെ മാറ്റുന്നതായാണ് കണ്ടെത്തിയത്.
കശ്മീരിലെ തന്ത്രപ്രധാന കേന്ദ്രങ്ങള്‍ക്കും പ്രധാനപ്പെട്ട റെയില്‍വേ ലൈനുകള്‍ക്കും അത് കടന്നുപോകുന്ന ടണലുകള്‍ക്കും സിആര്‍പിഎഫ് സുരക്ഷ വര്‍ധിപ്പിച്ചു.
പഞ്ചാബ് അതിര്‍ത്തിയിലെ പാടങ്ങളില്‍ 48 മണിക്കൂറിനുള്ളില്‍ കൊയ്‌ത്തുള്‍പ്പടെയുള്ളവ പൂര്‍ത്തിയാക്കാന്‍ ഗുരുദ്വാരകളിലെ ഉച്ചഭാഷിണികളിലൂടെ കര്‍ഷകര്‍ക്ക് ബിഎസ്എഫ് നിര്‍ദേശം നല്‍കി. പഞ്ചാബിലെ അന്താരാഷ്‌ട്ര അതിര്‍ത്തിക്ക് സമീപം 45,000 ഏക്കറില്‍ കൃഷിയുണ്ട്. അതിര്‍ത്തികളിലെ ബങ്കറുകളും മറ്റും സജ്ജമാക്കി തുടങ്ങി.
അതേസമയം കശ്മീരില്‍ നിയന്ത്രണ രേഖയില്‍ വീണ്ടും പാക് സൈന്യം വെടിയുതിര്‍ത്തു. ടുട്മാറി ഗലി, റാംപുര്‍ സെക്ടര്‍ എന്നിവിടങ്ങളില്‍ ഏറ്റുമുട്ടല്‍ നടന്നതായി കരസേന അറിയിച്ചു. തുടര്‍ച്ചയായി നാലാം ദിവസമാണ് യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടിയുതിര്‍ക്കുന്നത്. പൂഞ്ച് സെക്ടറില്‍ പാക് സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് ഇതാദ്യമാണ്. ഭാരത സൈന്യം ശക്തമായി തിരിച്ചടിച്ചു.
പഹല്‍ഗാം ഭീകരാക്രമണത്തിന്റെ അന്വേഷണം ഔദ്യോഗികമായി ഏറ്റെടുത്ത ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ദൃക്‌സാക്ഷികളുടെ മൊഴിയെടുപ്പ് ഉള്‍പ്പെടെയുള്ള നടപടികള്‍ ആരംഭിച്ചു. ഭീകരാക്രമണത്തില്‍ നിന്നു രക്ഷപ്പെട്ടവരുടെ മൊഴിയെടുക്കാന്‍ വിവിധ സംസ്ഥാനങ്ങളിലും സംഘങ്ങളെ നിയോഗിച്ചു. ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്കൊപ്പമുണ്ടായിരുന്നവരുടെ മൊഴി രേഖപ്പെടുത്തുമെന്ന് എന്‍ഐഎ അറിയിച്ചു.കേരളത്തിലടക്കം എന്‍ഐഎ സംഘമെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക