ശ്രീനഗര്‍: അവരുടെ സുരക്ഷിതമായ മടക്കം എന്റെ ഉത്തരവാദിത്വമായിരുന്നു. എനിക്ക് കഴിഞ്ഞില്ല. എനിക്ക് ക്ഷമാപണം നടത്താന്‍ വാക്കുകളില്ല. പഹല്‍ഗാം ഭീകരാക്രമണത്തിന് ശേഷം ജമ്മു കശ്മീര്‍ നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പറഞ്ഞു. ഈ ആക്രമണത്തിനെതിരെ മുഴുവന്‍ കശ്മീര്‍ ഒറ്റക്കെട്ടാണെന്നും ഇത് താഴ്വരയിലെ ‘ഭീകരതയുടെ അവസാനത്തിന്റെ തുടക്ക’മായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘വടക്ക് മുതല്‍ തെക്ക് വരെയും, കിഴക്ക് മുതല്‍ പടിഞ്ഞാറ് വരെയും, അരുണാചല്‍ മുതല്‍ ഗുജറാത്ത് വരെയും, ജമ്മു കശ്മീര്‍ മുതല്‍ കേരളം വരെയും ഈ ആക്രമണത്തിന്റെ വേദനയിലാണ്.പഹല്‍ഗാമിനെ സംസ്ഥാന പദവി ഉയര്‍ത്താന്‍ ഉപയോഗിക്കില്ല’. മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി എന്ന നിലയിലും ടൂറിസം മന്ത്രി എന്ന നിലയിലും ഞാന്‍ ടൂറിസ്റ്റുകളെ ഇവിടേയ്ക്ക് സ്വാഗതം ചെയ്തു. ഒരു ആതിഥേയന് എന്ന നിലയില്‍, അവരുടെ സുരക്ഷിതമായ മടക്കം ഉറപ്പാക്കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു. എനിക്ക് കഴിഞ്ഞില്ല. എനിക്ക് ക്ഷമാപണം നടത്താന്‍ വാക്കുകളില്ലായിരുന്നു. രക്തത്തില്‍ കുളിച്ചുകിടക്കുന്ന അച്ഛന്മാരെ കണ്ട ആ കുട്ടികളോട്, ദിവസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ ആ നാവിക ഉദ്യോഗസ്ഥന്റെ വിധവയോട് എനിക്ക് എന്ത് പറയാന്‍ കഴിയും? അവരുടെ തെറ്റ് എന്താണെന്ന് അവര്‍ ഞങ്ങളോട് ചോദിച്ചു; ‘ അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രതികരണത്തെ ബിജെപി പ്രശംസിച്ചു. ഭീകരാക്രമണത്തെ പ്രതിപക്ഷ നേതാവ് സുനില്‍ ശര്‍മ്മ അപലപിക്കുകയും സര്‍വകക്ഷി യോഗം വിളിച്ചതിന് മുഖ്യമന്ത്രിയെയും പ്രത്യേക സമ്മേളനം വിളിച്ചതിന് നിയമസഭാ സ്പീക്കര്‍ അബ്ദുള്‍ റഹിം റാത്തറിനെയും പ്രശംസിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: