ന്യൂദല്‍ഹി : സിബിഐ അന്വേഷണത്തിനുള്ള ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം സുപ്രീംകോടതിയില്‍. വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നാണ് കെഎം എബ്രഹാമിന്റെ വാദം.
അതിനിടെ, തനിക്ക് പറയാനുള്ളത് കേള്‍ക്കാതെ തീരുമാനമെടുക്കരുത് എന്ന് ആവശ്യപ്പെട്ട് പരാതിക്കാരനായ ജോമോന്‍ പുത്തന്‍പുരയ്‌ക്കല്‍ സുപ്രീംകോടതിയില്‍ തടസഹര്‍ജി നല്‍കി. അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകള്‍ ചുമത്തിയ സിബിഐ കെ എം എബ്രഹാമിന്റെ 12 വര്‍ഷത്തെ സ്വത്ത് വിവരങ്ങള്‍ അന്വേഷിക്കാന്‍ തീരുമാനിച്ചിരിക്കെയാണ് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചത്.
2003 ജനുവരി മുതല്‍ 2015 ഡിസംബര്‍ വരെയുള്ള കാലയളവിലെ എബ്രഹാമിന്റെ സ്വത്ത് വിവരങ്ങളാണ് പ്രധാനമായും അന്വേഷണ പരിധിയിലുള്ളത്. എബ്രഹാമിനെതിരെ പ്രഥമ ദൃഷ്ട്യാ തെളിവുകള്‍ ഉണ്ടെന്നാണ് എഫ് ഐ ആറില്‍ സിബിഐ പരാമര്‍ശിച്ചിട്ടുളളത്.
മുംബൈയിലെ മൂന്ന് കോടി വിലയുള്ള അപ്പാര്‍ട്ട്മെന്റ്, തിരുവനന്തപുരത്തെ ഒരു കോടിയുടെ അപ്പാര്‍ട്ട്മെന്റ്, കൊല്ലം കടപ്പാക്കടയിലെ 8 കോടി വിലയുളള ഷോപ്പിംഗ് കോംപ്ലക്സ് ഉള്‍പ്പെടെ കെ.എം എബ്രഹാം സമ്പാദിച്ച ആസ്തികള്‍ വരവില്‍ കവിഞ്ഞ സ്വത്താണ് എന്നാണ് ആരോപണം. പരാതി ആദ്യം അന്വേഷിച്ചത് സംസ്ഥാന വിജിലന്‍സായിരുന്നു. വിജിലന്‍സ് ക്ലീന്‍ ചിറ്റ് നല്‍കിയതോടെ കേസ് സിബിഐ അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ജോമോന്‍ പുത്തന്‍ പുരയ്‌ക്കല്‍ 2018 ല്‍ ഹൈക്കോടതിയിലെത്തി. 2025 ഏപ്രില്‍ 11 ന് കേസ് സിബിഐ അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: