Kerala

‘നമുക്ക് സൂര്യനെയും ചാന്തിനെയും അങ്ങോട്ടുമിങ്ങോട്ടും മാറ്റിയാലോ?’ – ലാല്‍ ചോദിച്ചു; ‘ദിലീപ് ചിത്രത്തിലെ ആ പാട്ട് വിദ്യാസാഗര്‍ പൊന്നാക്കി’

ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന ദിലീപിന്‍റെ ചാന്തുപൊട്ട് എന്ന സിനിമയിലെ ഗാനം ലാല്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ ഇത്ര മനോഹരമാകില്ലെന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ.

Published by

കൊച്ചി: ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന ദിലീപിന്റെ ചാന്തുപൊട്ട് എന്ന സിനിമയിലെ ഗാനം ലാല്‍ എന്ന നിര്‍മ്മാതാവില്ലായിരുന്നെങ്കില്‍ ഇത്ര മനോഹരമാകില്ലെന്ന് ഗാനരചയിതാവ് വയലാര്‍ ശരത് ചന്ദ്ര വര്‍മ്മ.

ലാല്‍ ജോസ് സംവിധാനം ചെയ്ത ഈ സിനിമയിലെ പ്രാധാനഗാനമാണ് ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്ന് തുടങ്ങുന്ന ഗാനം. ‘സൂര്യന്‍ ചാന്തുകുടഞ്ഞൊരു മാനത്ത്’ എന്നായിരുന്നു വയലാര്‍ ശരത് ചന്ദ്രവര്‍മ്മ ആദ്യം കുറിച്ച വരികള്‍. ലാലിന്റെ ലാല്‍ ക്രിയേഷന്‍സാണ് സിനിമയുടെ നിര്‍മാണം. വൈകുന്നേരം പാട്ട് കേള്‍ക്കാന്‍ ലാല്‍ എത്തി. സംഗീതത്തെക്കുറിച്ച് നല്ല ധാരണയുള്ള നടനാണ് ലാല്‍. അതുകൊണ്ട് ലാല്‍ ചോദിച്ചു:” ശരതേ, നമുക്ക് സൂര്യനെയും ചാന്തിനെയും അങ്ങോട്ടുമിങ്ങോട്ടും ഒന്നു മാറ്റിയാലോ”. ലാലിന്റെ ഈ ചോദ്യത്തില്‍ കഴമ്പുണ്ടെന്ന് തോന്നിയ വയലാര്‍ ശരത് ചന്ദ്രവര്‍മ്മ വരികള്‍ മാറ്റിയെഴുതി. അങ്ങിനെ മാറ്റിയപ്പോള്‍ അത് മനോഹരമായി. അങ്ങിനെയാണ് ‘ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത്’ എന്ന ഗാനത്തിന്റെ പിറവി.

ചാന്തു കുടഞ്ഞൊരു സൂര്യൻ മാനത്ത്
പൊട്ടു തൊടുന്നൊരു നാണം തീരത്ത് (2)
നിൻ ചുടുനിശ്വാസത്തിൻ കാറ്റത്ത്
എന്നിലെയെന്നെയറിഞ്ഞൂ അരികത്ത് (ചാന്തു…)

വെള്ളിനിലാവല നിന്നുടെ പൊന്നുടൽ
വന്നു പൊതിഞ്ഞൊരു നേരത്ത് നേരത്ത് നേരത്ത്
വീണ്ടുമെനിക്കൊരു പൂംതിരയാകണ
മെന്നൊരു മോഹം നെഞ്ചത്ത് നെഞ്ചത്ത് നെഞ്ചത്ത്.

നടന്‍ ദിലീപ് ആണെങ്കിലും പെണ്‍കുട്ടിയെപ്പോലെ വളര്‍ന്ന ദിലീപില്‍ ഒരു പുരുഷന്‍ ഉണരുന്നതിന്റെ മാറ്റമാണ് ഈ ഗാനം കൊണ്ടു വരുന്നത്. ദിലീപ് എന്ന കഥാപാത്രത്തിന്റെ സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട പരിവര്‍ത്തനം.

“വരികള്‍ മുഴുവന്‍ എഴുതിക്കഴിഞ്ഞ ശേഷമാണ് ഈ ഗാനം ട്യൂണ്‍ ചെയ്തത്. വിദ്യാസാഗര്‍ സാര്‍ ആയിരുന്നു സംഗീതസംവിധായകന്‍. സാഹിത്യത്തെക്കുറിച്ച് നല്ല പരിജ്ഞാനമുള്ള അദ്ദേഹം ആ വരികളെ അനശ്വരമാക്കി”.- വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറയുന്നു.

“ചാന്തുകുടഞ്ഞൊരു സൂര്യന്‍ മാനത്ത് എന്നഈ ഗാനം ആലപിച്ചത് ഷഹബാസ് ആണ്. ഷഹബാസ് അമന്റെ പതിഞ്ഞ ഗസല്‍ ശബ്തം ഈ വരികളെ മറ്റൊരു തലത്തിലേക്കുയര്‍ത്തുകയും ചെയ്തു”. -വയലാര്‍ ശരത് ചന്ദ്രവര്‍മ്മ പറഞ്ഞു. ബെന്നി പി നായരമ്പലമാണ് അപൂര്‍വ്വമായ ഒരു കടലിന്റെ പുത്രനെക്കുറിച്ചുള്ള ഈ കഥ എഴുതിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക