Kerala

തുഷാര കൊലക്കേസ്: ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ, തുഷാരയെ കൊലപ്പെടുത്തിയത് പട്ടിണിക്കിട്ട്

Published by

കൊല്ലം: പൂയപ്പള്ളിയിൽ ഭാര്യയെ പട്ടിണിക്കിട്ട് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിനും ഭർതൃമാതാവിനും ജീവപര്യന്തം ശിക്ഷ. കരുനാഗപ്പള്ളി സ്വദേശി തുഷാരയുടെ മരണത്തിൽ ഭർത്താവ് ചന്തുലാലിനെയും അമ്മ ഗീത ലാലിയെയുമാണ് ശിക്ഷിച്ചത്. ഇവർ കുറ്റക്കാരാന്നെന്ന് കൊല്ലം അഡീഷണൽ ജില്ലാ ജഡ്ജി വിധിച്ചിരുന്നു. സ്ത്രീധനത്തിന്റെ പേരിലായിരുന്നു 28 കാരിയായ തുഷാരയെ പ്രതികൾ ക്രൂരമായി കൊലപ്പെടുത്തിയത്.

ശാസ്ത്രീയമായ തെളിവുകൾക്ക് ഒപ്പം അയൽക്കാരുടെയും തുഷാരയുടെ മൂന്നര വയസ്സുള്ള കുട്ടിയുടെയും അധ്യാപികയുടെയും മൊഴിയാണ് പ്രതികളെ കുറ്റക്കാരെന്ന് വിധിക്കുന്നതിൽ നിർണായകമായത്.

2019 മാർച്ച് 21ന് രാത്രിയാണ് 28 കാരിയായ തുഷാര മരണപ്പെട്ട കാര്യം പുറം ലോകം അറിഞ്ഞത്. പോസ്റ്റ് മോർട്ടത്തിൽ ക്രൂരമായ കൊലപാതകമാണെന്ന് തെളിഞ്ഞിരുന്നു. ആമാശയത്തിൽ ഭക്ഷണത്തിൻ്റ അംശം പോലുമില്ല. വയർ ഒട്ടി വാരിയല്ല് തെളിഞ്ഞിരുന്നു. മാംസമില്ലാത്ത ശരീരത്തിന്റെ ഭാരം വെറും 21 കിലോ മാത്രമായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ തുഷാരയെ ഭർത്താവ് ചന്തുലാലും അമ്മ ഗീത ലാലിയും ചേർന്ന് പണിക്കിട്ട് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

2013ലായിരുന്നു തുഷാരയുടെയും ചന്തു ലാലിന്റെയും വിവാഹം. സ്ത്രീധനത്തിന്റെ പേരിൽ മൂന്നാം മാസം മുതൽ തുഷാരയെയും കുടുംബത്തെയും ഭർത്താവും അമ്മയും ശാരീരികമായും മാനസികമായും പീഡിപ്പിച്ചു. ആ പീഡനം അവസാനിച്ചത് തുഷാരയുടെ മരണത്തിലായിരുന്നു. തുഷാരയെ സ്വന്തം കുടുംബവുമായി സഹകരിക്കാൻ പ്രതികൾ സമ്മതിച്ചിരുന്നില്ല. തുഷാരയ്‌ക്ക് 2 പെൺകുട്ടികൾ ജനിച്ചിരുന്നു. കുട്ടികളെ പോലും തുഷാരയുടെ വീട്ടുകാരെ കാണാൻ അനുവദിച്ചിരുന്നില്ല. അമ്മ കുഞ്ഞുങ്ങളെ ലാളിക്കുന്നത് ഭർത്താവും ഭർതൃമാതാവും വിലക്കിയിരുന്നു.

കുട്ടിയെ നഴ്സറിയിൽ ചേർത്തപ്പോൾ അമ്മയുടെ അഭാവം അന്വേഷിച്ച അധ്യാപികയോട് തുഷാര കിടപ്പു രോഗിയാണെന്ന് പ്രതികൾ ധരിപ്പിച്ചു. മാത്രമല്ല അമ്മയുടെ പേര് രണ്ടാം പ്രതിയുടെ പേരായ ഗീത എന്നാണെന്നും അധ്യാപികയെ വിശ്വസിപ്പിച്ചു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by