Varadyam

അറിവിന്റെ അടിസ്ഥാനം തകര്‍ക്കുന്ന ഉത്തരാധുനികത

Published by

ഭൗതിക ശാസ്ത്ര രീതിയെയാണ് കാള്‍ പോപ്പര്‍ അപനിര്‍മാണത്തിന് വിധേയമാക്കി വ്യാഖ്യാനിച്ചത്. എന്നാല്‍ പോപ്പറെ അനുഗമിച്ചവരാകട്ടെ ശാസ്ത്രഘടനയെത്തന്നെ ആക്രമിക്കുന്നവരായിരുന്നു. ഇവരില്‍ പ്രധാനികളാണ് തോമസ് കൂണ്‍, പോള്‍ ഫെയറബെന്‍ഡ് എന്നിവര്‍. ഭാഷ, സാഹിത്യം മുതലായ സാംസ്‌കാരിക മേഖലകളിലെ പരമ്പരാഗത ആശയങ്ങളെ കീഴ്മേല്‍ മറിക്കുന്നതിലൂടെ ആ മേഖലകളിലെ ഘടനകളെ വിമര്‍ശന ബുദ്ധിയാല്‍ ധ്വംസിക്കുകയായിരുന്നു ദറിദയെപ്പോലുള്ള ഉത്തരഘടനാവാദികള്‍ ചെയ്തത്. എന്നാല്‍ ഭൗതിക ശാസ്ത്രത്തിന്റെ ഘടനയെ വെല്ലുവിളിക്കുന്നവരാണ് തോമസ് കൂണും ഫെയറബെന്‍ഡും. ഇവര്‍ ദറിദ ആഹ്വാനം ചെയ്ത അപനിര്‍മാണത്തെയും ഉത്തരഘടനാവാദത്തെയും ഭൗതിക ശാസ്ത്രത്തിലും സ്ഥാപിക്കാന്‍ ശ്രമിക്കുന്നവരാണ്. ഭൗതിക ശാസ്ത്രത്തിലെ ഘടനയിലും ഇവര്‍ ദര്‍ശിക്കുന്നത്, ചില നിയമങ്ങള്‍ മറ്റ് സിദ്ധാന്തങ്ങളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചിരിക്കുന്നതായിട്ടാണ്. ശാസ്ത്രഘടനയിലെ ഇത്തരം മേല്‍ക്കോയ്മകളെ അപനിര്‍മാണത്തിലൂടെ തകര്‍ക്കുന്നതിനായി ഇവര്‍ ദറിദയുടെ ഉത്തര ഘടനാവാദത്തെ കൂടാതെ ലിയോത്താര്‍ഡിന്റെ മെറ്റാ നറേറ്റീവിനെതിരെയുള്ള വാദങ്ങളെയും ആശ്രയിക്കുന്നു. ഇപ്രകാരം ഉത്തരാധുനികതയുടെ അനിശ്ചിതത്വം, ക്രമഭംഗം, ധ്വംസാത്മക വിമര്‍ശനം, നാസ്തികത എന്നീ സവിശേഷതകള്‍ ഭൗതിക ശാസ്ത്രമേഖലയിലേക്കും വ്യാപിപ്പിക്കുന്നുവെന്നത് ഏറെ ആശ്ചര്യമുളവാക്കുന്നതാണ്.

ശാസ്ത്ര മാതൃകകളെ അട്ടിമറിക്കാന്‍ കൂണ്‍

ജൂതവംശജനെങ്കിലും അമേരിക്കക്കാരനായ തോമസ് സാമുവല്‍ കൂണ്‍ (1922-1996) ഇരുപതാം നൂറ്റാണ്ടിലെ പ്രസിദ്ധനായ തത്ത്വചിന്തകനും ചരിത്രകാരനുമാണ്. 1962-ല്‍ പ്രസിദ്ധീകരിച്ച ‘ദ സ്ട്രക്ചര്‍ ഓഫ് സയന്റിഫിക്ക് റവല്യൂഷന്‍സ്’ എന്ന കൂണിന്റെ പുസ്തകം അക്കാദമിക രംഗത്ത് മാത്രമല്ല, സാധാരണ വായനക്കാരുടെ ഇടയിലും വളരെ സ്വാധീനം ചെലുത്തിയ ഒന്നാണ്. തോമസ് കൂണ്‍ അതിലുപയോഗിച്ച ‘പാരഡൈം ഷിഫ്റ്റ്’ (paradigm shift) എന്ന പ്രയോഗം പില്‍ക്കാലത്ത് ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ഒരു സാധാരണ ഭാഷാ ശൈലിയായി മാറുകയുണ്ടായി.

ഭൗതിക ശാസ്ത്രത്തിന്റെ ജ്ഞാനഘടന സാധാരണയായി നിശ്ചയിക്കപ്പെട്ടിട്ടുള്ളത്, ചില അടിസ്ഥാന സാര്‍വ്വത്രിക നിയമങ്ങളെ ഉള്‍ത്തട്ടിലും, ആ നിയമങ്ങളെ ആശ്രയിച്ചുള്ള മറ്റ് സിദ്ധാന്തങ്ങളെ ഉപരിതലത്തിലും ക്രമീകരിക്കുന്ന വിധത്തിലാണെന്ന് തോമസ് കൂണ്‍ ചൂണ്ടിക്കാട്ടുന്നു. അതായത് ശാസ്ത്രത്തിന്റെ അടിസ്ഥാന ഘടന (paradigm) സാര്‍വ്വത്രിക നിയമങ്ങളുടേതാണ്. ഈ തലം സാധാരണയായി ഇളക്കമില്ലാതെ തുടരുന്നു. ഇപ്രകാരം സാധാരണ അവസ്ഥയിലുള്ള ശാസ്ത്രത്തെ ‘നോര്‍മല്‍ സയന്‍സ്’ എന്നാണ് കൂണ്‍ വിളിക്കുന്നത്. എന്നാല്‍ ഉപരിതലത്തിലുള്ള സിദ്ധാന്തങ്ങളില്‍ തെളിവിന്റെ അടിസ്ഥാനത്തില്‍ ചിലപ്പോഴൊക്കെ മാറ്റങ്ങള്‍ സംഭവിക്കാറുണ്ട്. പൊതുജനം ഇത് അറിയാറില്ലെന്നുമാത്രം. പക്ഷേ അപൂര്‍വ്വം ചില അവസരങ്ങളില്‍ അടിസ്ഥാനം തന്നെ ഇളകിയേക്കാം. ഉദാഹരണമായി, കാലത്തിനും ദിക്കിനും സ്വതന്ത്ര അസ്തിത്വം കല്‍പ്പിച്ചിരുന്ന ശാസ്ത്രനിഗമനം നൂറ്റാണ്ടുകളോളം ഇളക്കമില്ലാതെ ശാസ്ത്രത്തിന്റെ അടിസ്ഥാനമായി നിലനിന്നിരുന്നു. ഇരുപതാം നൂറ്റാണ്ടിലാകട്ടെ ഇവ രണ്ടും ആപേക്ഷികമാണെന്നും, ഊര്‍ജപരിണാമത്തിന്റെ ഫലങ്ങളാണെന്നും ശാസ്ത്രം തിരിച്ചറിഞ്ഞു. അതായത് ദ്രവ്യത്തിന്റെ ചലനവും ആകൃതിയുമാണ് യഥാക്രമം കാലത്തിനും ദിക്കിനും ആധാരമായിട്ടുള്ളതെന്ന നിഗമനത്തില്‍ ശാസ്ത്രം എത്തിച്ചേര്‍ന്നു. ഇങ്ങനെയുള്ള അടിസ്ഥാനപരമായ മാറ്റത്തെയാണ് ‘പാരഡൈം ഷിഫ്റ്റ്’  എന്ന് കൂണ്‍ വിളിച്ചത്. ശാസ്ത്രത്തിന്റെ അടിത്തറ ഇളക്കി മറിക്കുന്ന ഇത്തരം അവസ്ഥയെ കൂണ്‍ വിശേഷിപ്പിക്കുന്നത് ‘റവല്യൂഷണറി സയന്‍സ്’ എന്നാണ്.

കൂണ്‍ ഇവിടെ സൂചിപ്പിക്കുന്നത് ശാസ്ത്രത്തില്‍ മാറ്റം സംഭവിക്കാത്തതായി ഒരു സിദ്ധാന്തവുമില്ലെന്നതാണ്. അടിസ്ഥാനം പോലും അട്ടിമറിക്കപ്പെടാറുണ്ട്. സിദ്ധാന്തങ്ങളുടെ സാര്‍വ്വലൗകിക സത്യം ശാസ്ത്രത്തിന് ഒരിക്കലും  തെളിയിക്കാവില്ലെന്ന പോപ്പറിന്റെ വാദം ഇവിടെ ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ശാസ്ത്രത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ (ുീേൗഹമലേ)െ സാധാരണയായി ചോദ്യം ചെയ്യപ്പെടാറില്ല. കാരണം അവ യുക്ത്യധിഷ്ഠിതവും സര്‍വ്വസമ്മതവുമാണ്. ഉദാഹരണത്തിന് എല്ലാ സംഭവങ്ങള്‍ക്കും പിന്നില്‍ ഒരു കാരണമുണ്ട് എന്ന തത്ത്വം ശാസ്ത്രം അതിന്റെ അടിസ്ഥാന നിയമമായി സ്വീകരിച്ചിട്ടുള്ളതാണ്. ഈ കാര്യ-കാരണ നിയമത്തെ  അടിസ്ഥാനമാക്കിയാണ് ശാസ്ത്രത്തിന് ഭൗതിക പ്രതിഭാസങ്ങളെയും വ്യതിയാനങ്ങളെയും തമ്മില്‍ ബന്ധപ്പെടുത്തി പഠിക്കാനാവുന്നത്. (ഇപ്രകാരമുള്ള ചില അടിസ്ഥാന നിയമങ്ങളെ അനുസരിക്കുന്ന സിദ്ധാന്തങ്ങള്‍ക്ക് മാത്രമാണ് ശാസ്ത്രീയ സിദ്ധാന്തം എന്ന പദവി നല്‍കാറുള്ളത്) പുതിയ സംഭവ വികാസങ്ങളെ കഴിഞ്ഞുപോയവയുമായി ബന്ധപ്പെടുത്തി പഠിക്കാതെ ഒരു ശാസ്ത്രീയ ഗവേഷണത്തിനും പ്രസക്തിയുണ്ടാവുന്നതല്ല. എന്നാല്‍ തികച്ചും അയുക്തികമായ നിലപാട് സ്വീകരിച്ചുകൊണ്ട് ശാസ്ത്രങ്ങളുടെ അടിസ്ഥാനം തോണ്ടുന്നവരാണ് ഉത്തരാധുനികര്‍. മനുഷ്യന്റെ അനുഭവങ്ങളുടെതന്നെ അടിസ്ഥാനം ഇളക്കിമറിക്കുന്ന തികച്ചും വ്യര്‍ത്ഥമായ സാഹസമാണ് ഇക്കൂട്ടര്‍ കാഴ്ചവയ്‌ക്കുന്നത്.

ഇവര്‍ക്ക് പ്രചോദനമായത് ഡേവിഡ് ഹ്യൂമിന്റെ ചില നിലപാടുകളാണ്. ഇന്ദ്രിയങ്ങളിലൂടെ ലഭ്യമാകുന്ന അനുഭവം മാത്രമാണ് എല്ലാ അറിവിനും ആധാരമെന്ന വാദം (empiricism) ഉന്നയിച്ച ആധുനിക കാലത്തെ പാശ്ചാത്യചിന്തകരില്‍ പ്രമുഖനായിരുന്ന ഡേവിഡ് ഹ്യൂം കാര്യ-കാരണങ്ങള്‍ തമ്മിലുള്ള അഭേദ്യബന്ധം നിരസിക്കുന്നു.  അതിന്റെ അനിവാര്യതയെക്കുറിച്ച് ഹ്യൂം സംശയാലുവാകുന്നു. കാര്യത്തെ ഉത്പാദിപ്പിക്കുവാനുള്ള കാരണത്തിന്റെ ശക്തി നിഗൂഢമാണ്, അത് ഇന്ദ്രിയ വിഷയമാകുന്നില്ല. കാരണവും കാര്യവും ഒന്നിനുപുറകെ മറ്റൊന്നായി, ഉദാഹരണത്തിന് മേഘവും മഴയും, സദാ കാണപ്പെടുന്നതുകൊണ്ട് അവ തമ്മില്‍ അനിവാര്യബന്ധമുണ്ടെന്നു ധരിക്കുന്നത് ശരിയല്ലത്രേ! അറിവിന്റെ അടിസ്ഥാനം തകര്‍ക്കുന്ന ഉത്തരാധുനികരുടെ ഇപ്രകാരമുള്ള വാദം എത്ര അശാസ്ത്രീയവും ബാലിശവുമായ കുതര്‍ക്കമാണെന്ന് മനസ്സിലാക്കുവാന്‍ ഹ്യൂം ഉദ്ധരിച്ച ഈ ഉദാഹരണം മാത്രം മതിയാകും. കാര്യ-കാരണ ബന്ധം പോലുള്ള അടിസ്ഥാന തത്ത്വങ്ങളെ ശാസ്ത്രഘടനയില്‍ കേന്ദ്രീകൃതമാക്കുന്നതിനെയാണ് തോമസ് കൂണിനെപ്പോലുള്ള ഉത്തരാധുനികര്‍ ചോദ്യം ചെയ്യുന്നത്.

കൂണ്‍ ശാസ്ത്രസത്യങ്ങളുടെ വസ്തുനിഷ്ഠതയെയും ചോദ്യം ചെയ്യുന്നുണ്ട്. ശാസ്ത്രസത്യങ്ങള്‍ വാസ്തവികമായ മാനദണ്ഡം കൊണ്ടുമാത്രം സ്ഥാപിക്കപ്പെടുന്നവയല്ലെന്നാണ് കൂണിന്റെ വാദം. അവ സ്ഥാപിക്കപ്പെടണമെങ്കില്‍ ശാസ്ത്രജ്ഞര്‍ അടങ്ങുന്ന സമൂഹത്തിന്റെ അഭിപ്രായ സമന്വയവും ആവശ്യമാണ്. ചിലപ്പോള്‍ ചില ശാസ്ത്രസത്യമാതൃകകള്‍ തമ്മില്‍ തുല്യപരിഗണയ്‌ക്കായി മത്സരിച്ചെന്നുവരാം. ചില ശാസ്ത്രീയ പ്രസ്താവനകളും സാങ്കേതിക പദങ്ങളും തമ്മില്‍ കൃത്യമായി യോജിച്ചില്ലെന്നും വരാം. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശാസ്ത്ര സമൂഹത്തിന്റെ ആത്മനിഷ്ഠമായ കാഴ്ചപ്പാടുകളും തീരുമാനങ്ങളും ശാസ്ത്രജ്ഞാനരൂപീകരണത്തെ സ്വാധീനിക്കാറുണ്ടെന്നാണ് കൂണ്‍ വാദിക്കുന്നത്. അതിനാല്‍ ഒരു ശാസ്ത്രസത്യത്തിന്റെ നിലനില്‍പ്പിന് ശാസ്ത്രജ്ഞരുടെ ഉഭയ സമ്മതവും ആവശ്യമാകുന്നു.

കൂണ്‍ പ്രധാനമായി എതിര്‍ക്കുന്ന കാര്യം, ശാസ്ത്രം സാധാരണയായി അനുഷ്ഠിച്ചുകൊണ്ടിരിക്കുന്ന പാരമ്പര്യമനുസരിച്ച് പുതുതായി കണ്ടുപിടിക്കപ്പെടുന്ന സിദ്ധാന്തങ്ങള്‍ അടിസ്ഥാന നിയമങ്ങള്‍ക്ക് എതിരായാല്‍ അവ നിരസിക്കപ്പെടുന്നു എന്നതാണ്. അടിസ്ഥാന നിയമങ്ങളുടെ ഇത്തരം മേല്‍ക്കോയ്മയോട് പൊതുവെ വിയോജിക്കുന്നവരാണ് ഉത്തരാധുനിക ചിന്തകര്‍. അവരുടെ ഉത്തരഘടനാ വാദത്തിലെ അനേക വാദം, ഘടനകളുടെ സ്വാതന്ത്ര്യം, മേല്‍ക്കോയ്മകളെ തകര്‍ക്കല്‍, തുല്യതാവാദം എന്നിവയ്‌ക്കെല്ലാം അനുസരണമായി ശാസ്ത്രം എല്ലാത്തരം സിദ്ധാന്തങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളണമത്രേ. ശാസ്ത്രജ്ഞാനത്തിന്റെ അടിസ്ഥാന ക്രമീകരണങ്ങളെ തകര്‍ക്കുന്നതിനുവേണ്ടിയുള്ള പദ്ധതിയാണിത്. അടിസ്ഥാന തത്ത്വങ്ങള്‍ ഇളക്കപ്പെടുമ്പോഴുള്ള ശാസ്ത്രത്തിന്റെ അവസ്ഥയെ (Revolutionary Science) കൂണ്‍ സാമ്യപ്പെടുത്തുന്നത് രാഷ്‌ട്രീയ വിപ്ലവത്തോടും മതപരിവര്‍ത്തനത്തോടുമാണ്. തോമസ് കൂണ്‍ ഒരു പ്രഖ്യാപിത മാര്‍ക്സിസ്റ്റ് അല്ലെങ്കിലും മാര്‍ക്സിയന്‍ വിപ്ലവത്തിന്റെ ഗന്ധം ഇവിടെ അനുഭവപ്പെടുന്നുണ്ട്.

ഫെയറബന്‍ഡിന്റെ അരാജകത്വം

കാള്‍ പോപ്പറും കൂണും ചെയ്തതുപോലെ ഭൗതിക ശാസ്ത്രത്തെ വിമര്‍ശനവിധേയമാക്കുന്ന മറ്റൊരു പ്രധാനപ്പെട്ട തത്ത്വചിന്തകനാണ് പോള്‍ കെ. ഫെയറബന്‍ഡ് എന്ന ഓസ്ട്രിയക്കാരന്‍. തന്റെ പ്രശസ്തമായ ‘എഗന്‍സ്റ്റ് മെത്തേഡ്’ (Against Method, 1975) എന്ന പുസ്തകത്തില്‍ ഫെയറബന്‍ഡ് വാദിക്കുന്നത്, ശാസ്ത്ര രീതിക്ക് സാര്‍വ്വത്രിക നിയമങ്ങളൊന്നുമില്ല. അതിനാല്‍ ഒരു രീതി-ശാസ്ത്ര വീക്ഷണത്തെയും (Methodology) സ്ഥിരമായി നിലനിര്‍ത്തേണ്ടതില്ല എന്നാണ്. ശാസ്ത്രജ്ഞരുടെ മേല്‍ കര്‍ശനമായ രീതി നിയമങ്ങള്‍ അടിച്ചേല്‍പ്പിക്കേണ്ട കാര്യമില്ല. ഫെയറബന്‍ഡിന്റെ അഭിപ്രായത്തില്‍ ശാസ്ത്രജ്ഞര്‍ ‘മനസ്സാക്ഷിക്കുത്തില്ലാത്ത അവസരവാദികള്‍’ (unscrupulous opportunists) ആയിരിക്കണമെന്നാണ്. അതായത് ഒരു പ്രത്യേക പരീക്ഷണ ഘട്ടത്തില്‍ സാഹചര്യങ്ങള്‍ ആവശ്യപ്പെടുന്ന പുതിയ രീതി കൈയ്‌ക്കൊള്ളുന്നതില്‍ തെറ്റ് കാണേണ്ട കാര്യമില്ലത്രേ. ഇപ്രകാരമുള്ള പുതിയ രീതികള്‍ ശാസ്ത്രത്തിന്റെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നതാണ്. ശാസ്ത്രം മനുഷ്യന്റെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ വേണ്ടിയുള്ളതാണ്, അല്ലാതെ സത്യാന്വേഷണത്തിനു വേണ്ടിയുള്ളതല്ല. മനുഷ്യരുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ക്കനുസരിച്ച് പുതിയ രീതികള്‍ ഉണ്ടാകണമെന്നാണ് ഫെയറബന്‍ഡ് വാദിക്കുന്നത്.

ശാസ്ത്രത്തില്‍ പുതിയ പ്രസ്താവനകള്‍ സ്വീകാര്യമാകണമെങ്കില്‍ അവ അടിസ്ഥാന നിയമങ്ങളെ അനുസരിക്കുന്നവയായിരിക്കണമെന്ന വ്യവസ്ഥയെയും ഫെയറബന്‍ഡ് എതിര്‍ക്കുന്നു. ധാരാളം പുതിയ സിദ്ധാന്തങ്ങള്‍ ഉണ്ടാകണമെന്നാണ് ഫെയറബന്‍ഡിന്റെ വാദം. പരസ്പരം യോജിക്കുന്നവയായാലും വിയോജിക്കുന്നവയായാലും ശാസ്ത്രം എല്ലാത്തരം സിദ്ധാന്തങ്ങളെയും ഒരുപോലെ ഉള്‍ക്കൊള്ളണമത്രേ! കാരണം ചിലപ്പോള്‍ വിയോജിക്കുന്ന സിദ്ധാന്തമായിരിക്കാം മുന്‍പ് സ്ഥാപിക്കപ്പെട്ടവയുടെ പോരായ്മ കാട്ടിത്തരുന്നത്. ഫെയറബന്‍ഡിന്റെ അഭിപ്രായത്തില്‍ ബാഹ്യലോകം അനേകങ്ങളാല്‍ ഏറെ സമൃദ്ധമാണ്. ഒരേ സമയം എത്ര വ്യത്യസ്തമായ അസ്തിത്വങ്ങളും പ്രതിഭാസങ്ങളുമാണ് അത് ഉള്‍ക്കൊള്ളുന്നത്. ഒരു പൊതു യാഥാര്‍ത്ഥ്യത്തിലേക്ക് ചുരുക്കാന്‍ പറ്റാത്ത നിരവധി യാഥാര്‍ത്ഥ്യങ്ങളുണ്ട്. ഇപ്രകാരമുള്ള ലോകത്തെ പഠിക്കുന്ന ശാസ്ത്രം ചില സിദ്ധാന്തങ്ങളെ അടിച്ചമര്‍ത്തി നിയമവാഴ്ച നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നാണ് ഫെയറബന്‍ഡിന്റെ നിലപാട്. ശാസ്ത്രത്തിന്റെ ഇപ്രകാരമുള്ള ‘ഉഗ്രശാസന’ത്തെ (Tyrrany of Science) തകര്‍ക്കുന്നതിനായിട്ടാണ് ഫെയറബന്‍ഡ് ‘സൈദ്ധാന്തിക അരാജകത്വം’ (Theoretical Anarchy) നിര്‍ദ്ദേശിക്കുന്നത്. സാമൂഹിക ശാസ്ത്രത്തില്‍ മെറ്റാ നറേറ്റീവിനെതിരെയുള്ള ലിയോത്താര്‍ഡിന്റെ നിലപാട് ഭൗതിക ശാസ്ത്രത്തിലേക്കും വ്യാപിപ്പിക്കുകയാണ് ഫെയറബന്‍ഡ് ചെയ്യുന്നത്.  കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളുടെ ‘ഇര’വാദവും ഇവിടെ ദര്‍ശിക്കാനാവും.

ഇപ്രകാരം ശാസ്ത്രസത്യങ്ങളുടെ സാര്‍വ്വലൗകികത, ശാസ്ത്രീയ രീതി, ശാസ്ത്രത്തിന്റെ അടിസ്ഥാനം എന്നിവയെയൊക്കെ ചോദ്യം ചെയ്യുന്നതിനു പിന്നില്‍ നിരപേക്ഷവും ശാശ്വതവുമായ സത്യങ്ങളൊന്നുമില്ലെന്ന ഉത്തരാധുനികതയുടെ മുന്‍വിധിയാണ്. ശാസ്ത്രസത്യങ്ങളെ ക്രമീകരിക്കുന്ന ഘടന ഉത്തരാധുനികത അംഗീകരിക്കുന്നില്ല. അതായത് സാര്‍വ്വത്രിക നിയമങ്ങളെ അടിസ്ഥാന തലത്തിലും, മറ്റുള്ള സിദ്ധാന്തങ്ങളെ ഉപരിതലത്തിലും ക്രമീകരിക്കുന്ന ഘടനയെ ഉത്തരാധുനികത എതിര്‍ക്കുന്നു. ഒന്നിന്റെയും കേവല യാഥാര്‍ത്ഥ്യം അസന്നിഗ്‌ദ്ധമായി തെളിയിക്കപ്പെട്ടിട്ടില്ലാത്തതിനാല്‍ ചില സിദ്ധാന്തങ്ങളെ പാര്‍ശ്വവല്‍ക്കരിച്ചുകൊണ്ടുള്ള ക്രമീകരണം അസാധുവാണെന്നാണ് വാദം. ഇപ്രകാരം സാമൂഹികവും ശാസ്ത്രീയവുമായിട്ടുള്ള പഠനക്രമങ്ങളെ മുഴുവന്‍ അട്ടിമറിച്ചുകൊണ്ട് അവയുടെ മേല്‍ അനൈക്യത്തിന്റെയും അനിശ്ചിതത്വത്തിന്റെയും മേല്‍ക്കോയ്മ സ്ഥാപിക്കാനാണ് ഉത്തരാധുനികരും കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും കൈയ്കോര്‍ത്ത് പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്.

ഉത്തരാധുനിക വിമര്‍ശകര്‍ക്ക് ഭൗതിക ശാസ്ത്ര മേഖലയില്‍ നേരിട്ട് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുന്നതല്ല. ഇവര്‍ ഭൗതിക ശാസ്ത്രജ്ഞന്‍മാര്‍ അല്ല എന്നതാണ് കാരണം. ഇവര്‍ക്ക് ചെയ്യാന്‍ സാധിക്കുന്നത് ചില വിമര്‍ശനങ്ങള്‍ ഉന്നയിക്കാമെന്നതു മാത്രമാണ്. (ഇക്കാരണത്താല്‍ ഔദ്യോഗിക ശാസ്ത്രജ്ഞരല്ലാത്ത സാധാരണ ചിന്തകന്‍മാര്‍ ശാസ്ത്രത്തിന് നല്‍കിയിട്ടുള്ള  സംഭാവനകളെക്കുറിച്ച്‌ഫെയറബന്‍ഡ് പുകഴ്‌ത്തിപ്പറയുന്നുമുണ്ട്). ഇവരുടെ വിമര്‍ശനങ്ങള്‍കൊണ്ട് ശാസ്ത്രത്തിന്റെ രീതിയോ ഘടനയോ മാറുന്നതല്ല. കാരണം ശാസ്ത്രീയ രീതിയും ഘടനയും അഭിപ്രായങ്ങളിലോ വിമര്‍ശനങ്ങളിലോ അല്ല അധിഷ്ഠിതമായിട്ടുള്ളത്. നിരീക്ഷണ-പരീക്ഷണങ്ങളെയാണ് അവ ആശ്രയിക്കുന്നത്. സമുദ്രത്തിലെ തിരയെണ്ണുന്നതു പോലെ അലക്ഷ്യമായും അനന്തമായും ഭൗതിക പ്രതിഭാസങ്ങളെ എണ്ണിക്കൊണ്ടിരിക്കുന്നതല്ല ശാസ്ത്രീയ നിരീക്ഷണങ്ങളുടെ സ്വഭാവം. അടിസ്ഥാന നിയമങ്ങളും പൊതുസിദ്ധാന്തങ്ങളും, നിശ്ചിതമാനദണ്ഡങ്ങളടങ്ങുന്ന രീതിയുമാണ് അവയുടെ പ്രത്യേകത. ഇവ കൂടാതെയുള്ള ഒരു പഠനവും ഭൗതിക ശാസത്രത്തില്‍ മാത്രമല്ല, ഒരു ശാസ്ത്രത്തിലും ഫലപ്രദമാകുന്നതല്ല.

എന്നാല്‍ കള്‍ച്ചറല്‍ മാര്‍ക്സിസ്റ്റുകളും അവരെ പിന്താങ്ങിയ ഇത്തരാധുനികരുമാകട്ടെ ഭാഷ, സാഹിത്യം, തത്ത്വചിന്ത, മതം, സാമൂഹിക ശാസ്ത്രം, രാഷ്‌ട്രമീമാംസ, മനഃശാസ്ത്രം മുതലായ മേഖലകളില്‍ പ്രതിലോമപരമായി വലിയ സ്വാധീനം ചെലുത്തിയവരാണ്. സദാചാരങ്ങളിലുള്ള മനുഷ്യരുടെ വിശ്വാസങ്ങളെപ്പോലും തകര്‍ത്തെറിയാന്‍ കെല്പുള്ളവയാണ് ഇവരുടെ വിമര്‍ശന കുതന്ത്രങ്ങള്‍.

(തുടരും)

(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by