സൂര്യന്‍ കരുതിവച്ച മുഴുവന്‍ ചൂടും പെയ്തിറങ്ങുന്ന ഇടമാണ് സഹാറ മരുഭൂമി. ഏതാണ്ട് 90 ലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ പരന്നുകിടക്കുന്ന മണലാരണ്യം. അവിടെ പച്ചനിറം പേരിന് പോലുമില്ല. ജീവന്റെ ഇടിപ്പുകളുമില്ല. അതുകൊണ്ടുതന്നെ സഹാറയെന്ന പേര് പോലും ആളെ പേടിപ്പിക്കും. ഉറക്കത്തില്‍പ്പോലും വേട്ടയാടും.
പക്ഷേ സഹാറയില്‍ നിന്ന് ‘ചൂടു’ വാര്‍ത്തകള്‍ വരുന്നു-അവിടെ പല സ്ഥലങ്ങളിലും പുതുനാമ്പുകള്‍ മുളച്ചു പൊന്തുന്നുവത്രേ. വെള്ളപ്പൊക്കത്തില്‍ കര കാണാതാവുന്നു… കേള്‍ക്കുമ്പോള്‍ നല്ല സുഖം തരുന്ന വാര്‍ത്ത. കൊടുംചൂടില്‍ ഹിമകണങ്ങള്‍ പെയ്തിറങ്ങുന്ന സുഖം. പക്ഷേ ആ തണുപ്പിന്റെ സുഖത്തിനു പിന്നില്‍ വലിയൊരു ചതിക്കുഴി മറഞ്ഞുകിടക്കുന്നുണ്ട്. ആഗോള താപനത്തിന്റെ ക്രൂരകൃത്യങ്ങള്‍.
ആഗോള താപനവും അതിന്റെ തുടര്‍ച്ചയായെത്തിയ കാലാവസ്ഥാ മാറ്റവും ചേര്‍ന്ന് ലോകത്തിലെ വരണ്ടയിടങ്ങളില്‍ മഴയായി പെയ്തിറങ്ങുമ്പോള്‍ സഹാറയിലും തൊട്ടടുത്ത മൊറോക്കയിലും ലിബിയയിലും അള്‍ജീരിയയിലുമൊക്കെ വസന്തം വിരിയിക്കുകയാണ്. പക്ഷേ ഭൂഗോളത്തിന്റെ മറുഭാഗങ്ങളില്‍ കൊടിയ വരള്‍ച്ച താണ്ഡവമാടുന്നു. തടാകങ്ങളും പുഴകളും വറ്റിവരളുന്നു. വിളകള്‍ കരിഞ്ഞുണങ്ങുന്നു: പകര്‍ച്ച വ്യാധികളും പട്ടിണിയും നിത്യ സംഭവമാകുന്നു. പക്ഷേ ലോകത്തെ വന്‍ ശക്തിയുടെ അമരക്കാരന് ഇതുവരെ നേരം പുലര്‍ന്നിട്ടില്ല. ആഗോള താപനം അദ്ദേഹത്തിന് ഇന്നും വലിയൊരു തമാശ മാത്രം!
സഹാറ എരിതീയിലെ വറചട്ടിയാണെങ്കില്‍ അന്റാര്‍ട്ടിക്ക മജ്ജ മരവിപ്പിക്കുന്ന തണുപ്പിന്റെ കൂടാരമാണ്. അനന്തമായ മഞ്ഞുമലകളുടെ താഴ്‌വാരങ്ങളിലും പച്ചപ്പുകള്‍ പൊട്ടിമുളയ്‌ക്കുന്നുവെന്ന് വാര്‍ത്തകള്‍. കത്തിപ്പടരുന്ന ഉഗ്രതാപത്തില്‍ മഞ്ഞ് പാളികള്‍ ഉരുകിയൊലിക്കുമ്പോള്‍ പച്ചയുടെ നാമ്പുകള്‍ പൊടിക്കുക തികച്ചും സ്വാഭാവികം.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി അതിവേഗമാണ് മഞ്ഞ് മലകള്‍ ഉരുകി ഒലിക്കുന്നത്. 1986 ല്‍ കേവലം ഒരു ചതരുശ്രകിലോമീറ്ററില്‍ താഴെ മാത്രമായിരുന്നു അന്റാര്‍ട്ടിക്കയിലെ പച്ചപ്പെങ്കില്‍, 2021 ആയപ്പോഴേക്കും അത് 12.94 ചതുരശ്ര കിലോമീറ്ററിലേക്ക് വ്യാപിച്ചുവെന്ന് ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു. പല കാലത്തും അന്റാര്‍ട്ടിക്കയിലെ താപനിലയില്‍ പത്ത് ഡിഗ്രി വരെ വര്‍ധനയുണ്ടാകുന്നുവെന്നും അതിന്റെയൊക്കെ ഫലമായി പലേടത്തും മഞ്ഞ് പാളികള്‍ ഉരുകിയകന്ന് മണ്ണ് പാളികള്‍ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ ശുദ്ധജലശേഖരമായ അന്റാര്‍ട്ടിക്കയിലെ ഹിമാനികള്‍ ഉരുകിയൊലിച്ച് ഉപ്പുവെള്ളത്തില്‍ ലയിക്കുന്നതോ കടല്‍ നിരപ്പ് ഉയര്‍ന്ന് താഴ്ന്ന പ്രദേശങ്ങള്‍ കടലിനടയിലാകുന്നതോ മാത്രമല്ല പ്രശ്‌നം; മഞ്ഞ് മലകളില്‍ പിറവിയെടുത്ത നാള്‍ മുതല്‍ ജീവിതം കണ്ടെത്തുന്ന ജീവികളുടെ വംശനാശവും സംഭവിക്കുന്നു… മറ്റൊരു വസ്തുതകൂടി നാം അറിയേണ്ടതുണ്ട്. നോക്കെത്താദൂരത്ത് പരന്നുകിടക്കുന്ന ഹിമാനികള്‍ സൂര്യനില്‍നിന്ന് പ്രവഹിക്കുന്ന താപകിരണങ്ങളെ പ്രതിഫലിപ്പിച്ച് കയ്യോടെ തിരിച്ചയക്കുന്നു. അങ്ങനെ വലിയൊരളവ് കാലാവസ്ഥാ മാറ്റത്തെയും ആഗോളതാപനത്തെയും ചെറുക്കുന്നു. അവ ഇല്ലാതാകുന്നതോടെ താപകിരണങ്ങളെ പ്രതിഫലിപ്പിക്കാനുള്ള ഭൂമിയുടെ ശേഷി കുറയുന്നു. ഹിമാനികള്‍ ഉരുകിയൊഴിഞ്ഞ സ്ഥലങ്ങളില്‍ പ്രത്യക്ഷമാകുന്ന കറുകറുത്ത കടല്‍ ജലം അന്തരീക്ഷത്തില്‍ നിന്നെത്തുന്ന താപകിരണങ്ങളെ മൊത്തമായി ആഗിരണം ചെയ്ത് ആഗോളതാപനത്തിന് ആക്കം കൂട്ടുന്നു.
പോളാര്‍ കരടികളുടെ ആവാസകേന്ദ്രമായ ആര്‍ട്ടിക് ഭൂഖണ്ഡത്തിന്റെ സ്ഥിതിയും മറിച്ചല്ല. അന്റാര്‍ട്ടിക്കയിലെ പോലെ തന്നെ അവിടെയും ഹിമാനികള്‍ പരന്നു കിടക്കുന്നു. അവ ഉരുകിയൊലിച്ച് കറുകറുത്ത കടലില്‍ വിലയം പ്രാപിക്കുന്നു. ഓരോ വര്‍ഷവും ചുരുങ്ങിയത് 12 ശതമാനം ഹിമാനികളെങ്കിലും ഇല്ലാതാവുന്നുവെന്ന് ഗവേഷകര്‍. കുറെയൊക്കെ പുതുതായി ജനിക്കുന്നു. ഇങ്ങനെ പോയാല്‍ രണ്ട് ദശാബ്ദം കഴിയുമ്പോള്‍ മഞ്ഞുപാളികള്‍ മരുന്നിനു പോലും അവിടെ ഉണ്ടാവില്ലത്രേ. ലോകത്തിന്റെ ഇതര ഭാഗങ്ങളില്‍ സംഭവിക്കുന്നതിനേക്കാള്‍ വേഗത്തിലാണ് ആര്‍ട്ടിക്കില്‍ ചൂടു കൂടുന്നത്. അതുകൊണ്ടുതന്നെ അവിടത്തെ അതിലോലമായ ആവാസ വ്യവസ്ഥയും തകര്‍ച്ചയുടെ വക്കിലാണ്.
എട്ട് രാജ്യങ്ങളാണ് ആര്‍ട്ടിക് മേഖലയിലുള്ളത്. അവരുടെ കൂട്ടം ‘ആര്‍ട്ടിക് കൗണ്‍സില്‍’ എന്നറിയപ്പെടുന്നു. ആര്‍ട്ടിക് സംരക്ഷണത്തിനും ഗവേഷണത്തിനും വികസനത്തിനും മുന്‍തൂക്കം നല്‍കുകയാണ് കൗണ്‍സിലിന്റെ ലക്ഷ്യം. പക്ഷേ ഉക്രൈയിന്‍ യുദ്ധം തുടങ്ങിയതില്‍ പിന്നെ കൗണ്‍സില്‍ യോഗം ചേര്‍ന്നിട്ടില്ല. മഞ്ഞ് മലകള്‍ ഉരുകിപ്പോയാല്‍ കിട്ടാവുന്ന സൗഭാഗ്യം കാത്ത് കഴിയുകയാണ് റഷ്യയും മറ്റ് പല നാറ്റോ രാജ്യങ്ങളും. അങ്ങനെ സംഭവിച്ചാല്‍ അവര്‍ക്ക് പുതിയ കടല്‍പ്പാതകള്‍ തുറക്കാം. കിഴക്കേഷ്യയ്‌ക്കും യൂറോപ്പിനും അമേരിക്കയുമായുള്ള ബന്ധത്തിന്റെ ചെലവ് കുറയ്‌ക്കാം. ആര്‍ട്ടിക് കടലിനടിയില്‍ ഒളിഞ്ഞുകിടക്കുന്ന അപാരമായ ഓയില്‍-പ്രകൃതി വാതക-ഖനിജ സമ്പാദ്യങ്ങള്‍ കൈക്കലാക്കാം. ഭൂഗോളത്തിന്റെ നിലനില്‍പ്പ് അപകടത്തിലായാലും വേണ്ടില്ല, സമ്പത്ത് വാരിക്കൂട്ടണമെന്ന അത്യാഗ്രഹം മാത്രമാണവരുടെ കൈമുതല്‍.
ചിലന്തികളിലെ രാജവെമ്പാല
പാമ്പുകളിലെ കേമനാണ് രാജവെമ്പാല. വിഷ വീര്യംകൊണ്ടും സര്‍പ്പസൗന്ദര്യം കൊണ്ടും ആകാരത്തിലെ മികവുകൊണ്ടും കേമന്‍. അതേപോലെ ചിലന്തികളുടെ കൂട്ടത്തിലുമുണ്ട് ഒരു വിഷ വീരന്‍. ‘അട്രാക്‌സ് ക്രിസ്റ്റിന്‍ സേനി’ എന്നറിയപ്പെടുന്ന ന്യൂകാസില്‍ ഫണല്‍ വെബ് ചിലന്തി. ‘ബിഗ് ബോയ്’ അഥവാ തടിമാടന്‍ എന്നാണ് വിളിപ്പേര്.
ന്യൂകാസിന്‍ വിഭാഗത്തില്‍ പെടുന്ന മൂന്നിനം ചിലന്തികളെ കൊണ്ടുവന്ന ചിലന്തി ഗവേഷകന്‍ കാനെ ക്രിസ്റ്റിന്‍ സെന്‍ എന്ന വ്യക്തിയുടെ ഓര്‍മ്മയിലാണ് ഈ തടിമാടന് ‘അട്രാക്‌സ് ക്രിസ്റ്റിന്‍ സേനി’ എന്ന പേര് ലഭിച്ചത്.
ഏതാണ്ട് 28 സെ.മീ. വലിപ്പമുള്ള ‘ഗോലിയാത്ത് ബേര്‍ഡ് ഈറ്ററാ’ണ് അറിയപ്പെടുന്ന ചിലന്തികളില്‍ ഏറ്റവും വലിയവന്‍. ‘തിറാഫോസ ബ്ലോണ്ടി’ എന്ന് ശാസ്ത്രനാമം. പക്ഷേ വിഷവീര്യത്തിന്റെ കരുത്തില്‍ അട്രാക്‌സ് ക്രിസ്റ്റിന്‍ സേനി തന്നെ കേമന്‍. ഇവന്‍ കടിച്ചാല്‍ മരണം വരെ സംഭവിക്കാം. ഇത്തരത്തില്‍ ഇതേവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് 13 മരണങ്ങള്‍. 1981 ല്‍ മാത്രമാണ് സേനിയുടെ കടിക്കുള്ള പ്രതിവിഷം കണ്ടെത്തിയത്. പ്രതിവിഷം കറന്നെടുക്കുന്നതിനായി ആസ്‌ട്രേലിയന്‍ റപ്‌റ്റൈല്‍ പാര്‍ക്കില്‍ ഇത്തരം 2000 ചിലന്തികളെയാണത്രേ തീറ്റിപ്പോറ്റുന്നത്. ഒരു വയല്‍ ആന്റിവെനം നിര്‍മിക്കുന്നതിന് 150 ചിലന്തികളില്‍ നിന്നുള്ള വിഷമാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: