2018 ഒക്ടോബര്‍ 2, ദുഖാര്‍ദ്രമായി ഒഴുകിയെത്തുന്ന വയലിന്‍ വാദനം കേട്ട് മലയാളികളുടെ നെഞ്ചുലഞ്ഞുപോയ ദിനം. വയലിന്‍ തന്ത്രികളില്‍ മാന്ത്രികത തീര്‍ത്ത ബാലഭാസ്‌കറുടെ മാന്ത്രിക വിരലുകളും ചേതനയും നിലച്ചുപോയ ദിനം. അന്നേ ദിവസം മറ്റൊരിടത്ത് ഒരു നാലര വയസ്സുകാരി നിശ്ചയദാര്‍ഢ്യത്തോടെ പറഞ്ഞു, ”എനിക്ക് വയലിന്‍ പഠിക്കണം”. ആ തന്ത്രിവാദ്യത്തില്‍ വിരല്‍ മീട്ടാന്‍ അതിനുമുമ്പേ അവള്‍ തുടങ്ങിയിരുന്നെങ്കിലും വയലിന്‍ നെഞ്ചോട് ചേര്‍ക്കാന്‍ അവള്‍ തീവ്രമായി ആഗ്രഹിച്ചത് ബാലഭാസ്‌കര്‍ വിടപറഞ്ഞ അന്നാണ്. അമ്മ യൂട്യൂബില്‍ കാണിച്ചുകൊടുത്ത ബാലഭാസ്‌കറിന്റെ പെര്‍ഫോമന്‍സ് കണ്ടും കേട്ടും വിസ്മയിച്ച ആ പെണ്‍ കുഞ്ഞ് ഇന്ന് മലയാളികളുടെ ഒന്നടങ്കം സ്‌നേഹഭാജനമാണ്.
ഗുരുക്കന്മാരുടെ പുണ്യം
പ്രതിഭയുടെ മിന്നലാട്ടങ്ങള്‍ക്ക് പ്രായം ഒരു ഘടകമേ അല്ലെന്ന് തെളിയിക്കുകയാണ് ഗംഗാ ശശിധരന്‍. മലപ്പുറം വെളിയങ്കോട് കുമ്മില്‍ വീട്ടില്‍ കെ.എം. ശശിധരന്റേയും കൃഷ്ണവേണിയുടേയും മകള്‍. കളിപ്പാട്ടങ്ങള്‍ക്കൊണ്ട് സമൃദ്ധമാകേണ്ട ബാല്യത്തില്‍ അവള്‍ കൂടെക്കൂട്ടിയത് അമ്മയുടെ വയലിന്‍. വയലിന്‍ തന്ത്രികളില്‍ അത്ഭുതങ്ങള്‍ വിരിയിച്ച കുന്നുക്കുടി വൈദ്യനാഥന്‍, ഈ തലമുറയിലെ പ്രതിഭകളായ വയലിന്‍ ബ്രദേഴ്‌സ് എന്നറിയപ്പെടുന്ന ഗണേഷ്-കുമരേഷ്, മലയാളികളുടെ സ്വന്തം ബാലഭാസ്‌കര്‍ എന്നിവരുടെ വയലിന്‍ കച്ചേരികള്‍ അമ്മ യൂട്യൂബിലൂടെ നിരന്തരം കേള്‍പ്പിച്ചിരുന്നു. വയലിന്‍ പഠനം പാതിയില്‍ അവസാനിപ്പിക്കേണ്ടി വന്ന അമ്മ കൃഷ്ണവേണി തന്റെ ആഗ്രഹം മകളിലേക്ക് സന്നിവേശിപ്പിച്ചു എന്നതാണ് വാസ്തവം. മകള്‍ക്ക് വയലിനുള്ള താല്‍പര്യം മനസ്സിലാക്കിയപ്പോള്‍ കൃഷ്ണവേണി തന്റെ സുഹൃത്തും വയലിനിസ്റ്റുമായ നിതിന്‍. എസ്. കാര്‍ത്തികേയനോട് ബാലപാഠങ്ങള്‍ പറഞ്ഞുകൊടുക്കുമോ എന്ന് ചോദിച്ചു. അതാണ് തുടക്കം. പിന്നീട് ഗുരുവായൂരിലെ രാധിക ടീച്ചറുടെ അടുത്തായി ശിക്ഷണം. അവിടെ ആറ് മാസം തുടര്‍ന്നു. കോവിഡിനെ തുടര്‍ന്ന് ക്ലാസ് നിന്നു. അതിനുശേഷമാണ് ആകാശവാണിയിലെ എ ടോപ്പ് ആര്‍ട്ടിസ്റ്റായ സി.എസ്. അനുരൂപിന്റെയടുത്ത് ഗംഗ എത്തുന്നത്.
തന്റെ മുന്നിലെത്തിയ കുഞ്ഞു ഗംഗയെ അവള്‍ കുറച്ചുകൂടി വളര്‍ന്നതിന് ശേഷം പഠിപ്പിക്കാം എന്ന് പറഞ്ഞു മടക്കി അയക്കാന്‍ തുടങ്ങിയ അനുരൂപ് മാഷിനെ വയലിന്‍ വായിച്ചുതന്നെ മയക്കി ഗംഗ. ‘രാരവേണു ഗോപബാല’ എന്ന ഗാനം വായിച്ചു കേള്‍പ്പിച്ചതോടെ മാഷ് തീരുമാനം മാറ്റി. അവളിലെ അസാമാന്യ പ്രതിഭയെ തിരിച്ചറിഞ്ഞ അദ്ദേഹം തന്റെ ശിഷ്യയായി ഗംഗയെ സ്വീകരിച്ചു. പിന്നെ ചിട്ടയായ പരിശീലനം. ഒഴിവു ദിനങ്ങളില്‍ മലപ്പുറത്തുനിന്ന് തൃശൂരിലെത്തിയാണ് പഠനം. അല്ലാത്തപ്പോള്‍ ഓണ്‍ലൈനായും. പരിശീലനത്തിനായുള്ള ദീര്‍ഘദൂര യാത്രയൊന്നും കുഞ്ഞു ഗംഗയെ തെല്ലും അലട്ടിയിട്ടില്ല. ഒരിക്കലും ശാസിക്കാത്ത, കളി തമാശകള്‍ പറഞ്ഞ് ക്ലാസ് എടുക്കുന്ന അനുരൂപിന്റെ വാത്സല്യം നിറഞ്ഞ ശിക്ഷണം തന്നെയാണ് ഗംഗയിലെ പ്രതിഭയെ രാകിമിനുക്കിയത്. ദിവസവും രണ്ട് മണിക്കൂര്‍ നിര്‍ബന്ധമായും പ്രാക്ടീസ് ചെയ്യും എന്ന ഉറപ്പാണ് ആദ്യമേ തന്നെ ഗുരു, പ്രിയ ശിഷ്യയില്‍ നിന്നു വാങ്ങിയത്. അനുരൂപിന്റെ കച്ചേരികളിലൂടെയാണ് ഗംഗയെ പുറംലോകം അറിഞ്ഞതും.
ഏഴാം വയസ്സിലായിരുന്നു ഗംഗയുടെ ആദ്യ സോളോ വയലിന്‍ പരിപാടി. ഗുരുവായൂര്‍ മമ്മിയൂര്‍ മഹാദേവക്ഷേത്രത്തില്‍. അരങ്ങേറ്റമെന്ന രീതിയില്‍ ആയിരുന്നില്ല അത്. ‘സദാ പാലയ സാരസാക്ഷി ‘ എന്ന കീര്‍ത്തനമായിരുന്നു അന്ന് വായിച്ചത്. 2023 ല്‍ ഗുരുവായൂര്‍ ഏകാദശി വിളക്കിനാണ് ആദ്യമായി ഒന്നര മണിക്കൂര്‍ കച്ചേരി നടത്തിയത്. തുടര്‍ന്ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ ഗുരുവിനൊപ്പം നടത്തിയ കച്ചേരിയിലൂടെയാണ് ഗംഗ ശശിധരന്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായി മാറിയത്. ഗുരുവിനൊപ്പം കട്ടയ്‌ക്ക് തനിയാവര്‍ത്തനം ചെയ്യുന്ന, പഞ്ചരത്‌ന കീര്‍ത്തനവും ശങ്കരാനാദ ശരീരാ പരായും മരുതമലൈ മാമണിയേയും എല്ലാം അനായാസം വായിക്കുന്ന ഈ ശിഷ്യ അദ്ദേഹത്തിന് ലഭിച്ച പുണ്യങ്ങളിലൊന്നാണ്. ഗംഗയുടെ റോള്‍ മോഡലും ഇദ്ദേഹം തന്നെ. മകളുടെ എല്ലാ ശ്രേയസ്സിനും കാരണം അനുരൂപാണെന്ന് അമ്മ കൃഷ്ണവേണി പറയുന്നു. അദ്ദേഹത്തിന്റെ കീഴില്‍ അഞ്ച് വര്‍ഷം പഠിച്ചു. ആകാശവാണി ആര്‍ട്ടിസ്റ്റായ ഇടപ്പള്ളി അജിത്തിന്റെ അടുത്താണ് ഇപ്പോള്‍ പഠിക്കുന്നത്.
ഭാവങ്ങള്‍ വിടരും മുഖം
ഗംഗയുടെ വയലിന്‍ കച്ചേരി കാണുമ്പോള്‍ സാക്ഷാല്‍ കുന്നുക്കുടി വൈദ്യനാഥനെ ഓര്‍മ വരിക സ്വാഭാവികം. അദ്ദേഹത്തിന്റെ മാനറിസങ്ങളുടെ ചെറു സ്ഫുരണങ്ങള്‍ ഗംഗയിലും പ്രകടം. അതിനാല്‍ തന്നെ കുന്നുക്കുടിയുടെ പുനര്‍ജന്മം എന്നൊക്കെയുള്ള വിശേഷണങ്ങളും ഗംഗയ്‌ക്കുണ്ട്. ഈ പ്രതിഭയുടെ കച്ചേരി കണ്ണടച്ച് കേട്ടിരുന്നുപോകും എന്ന് ആരും പറയില്ല. കണ്ണടച്ചിരുന്നാല്‍ ആസ്വാദനം പൂര്‍ണ്ണമാവില്ല, അത്ര തന്നെ. മുഖത്ത് വിടരുന്ന ഭാവങ്ങളും വയലിന്‍ തന്ത്രികളില്‍ നിന്നുയരുന്ന നാദ തരംഗങ്ങളും ഒന്നിച്ചുചേര്‍ന്നുള്ള ലയനമാണ് ഗംഗയുടെ കച്ചേരിയുടെ കാന്തി. തലകുലുക്കി, പുരികക്കൊടികള്‍ ഉയര്‍ത്തി, കാലുകൊണ്ടും താളം പിടിച്ച്, വിടര്‍ന്ന കണ്ണുകളോടെ, നിറഞ്ഞ ചിരിയോടെയുള്ള ആ വയലിന്‍ വാദനം ആരുടേയും മനം കവരും. സ്വയം ആസ്വദിക്കുകയും ഒപ്പം സദസ്സിനെ കൂടെക്കൂട്ടുകയും ചെയ്യുന്ന കലാ വൈഭവം. പക്കമേളക്കാരുടെ അകമഴിഞ്ഞ പിന്തുണയാണ് ഗംഗയുടെ കച്ചേരിയെ കൂടുതല്‍ മികവുറ്റതാക്കുന്നത്. അവര്‍ക്കിടയിലുള്ള ആശയവിനിമയം പോലും ഗംഗയുടെ മുഖഭാവങ്ങളിലൂടെയാണെന്ന് തോന്നും വിധമാണ് അവതരണം. എന്നാല്‍ ഇതൊന്നും മനപ്പൂര്‍വ്വം ചെയ്യുന്നതല്ലെന്നും അങ്ങനെ സംഭവിക്കുന്നതാണെന്നുമാണ് ഗംഗ പറയുന്നത്.
മനം നിറയും ഭക്തിരസം
ആഭേരി രാഗത്തിലുള്ള നഗുമോ ഓ മു ഗനലേ, ദര്‍ബാരി കാനഡ രാഗത്തിലുള്ള മരുതമലൈ മാമണിയെ മുരുകയ്യ എന്നീ കീര്‍ത്തനങ്ങളോട് പ്രത്യേക ഇഷ്ടമുണ്ട് ഗംഗയ്‌ക്ക്. ആസ്വാദകര്‍ കൂടുതലായും വായിക്കാന്‍ ആവശ്യപ്പെടുന്നത് ഇത് രണ്ടുമാണെന്ന് ഗംഗ പറയുന്നു. 30 ഓളം കീര്‍ത്തനങ്ങളും അമ്പതിലേറെ ചലച്ചിത്ര ഗാനങ്ങളും ഈ ചെറുപ്രായത്തില്‍ തന്നെ ഹൃദിസ്ഥമാക്കിയ ഗംഗയ്‌ക്ക് ക്ലാസിക്കലിനോടാണ് കൂടുതല്‍ പ്രിയം. സിനിമാ പാട്ടുകള്‍ അമ്മ പാടിക്കൊടുക്കും. നൊട്ടേഷന്‍സ് അനുസരിച്ച് ഗംഗ വായിക്കും. കീര്‍ത്തനമായാലും സിനിമാ പാട്ടായാലും പഠിക്കാന്‍ എത്ര വേണമെങ്കിലും കഠിനാധ്വാനം ചെയ്യും. സിന്ധുഭൈരവി, ധര്‍മവതി ഇഷ്ടരാഗങ്ങള്‍. വാതാപി ഗണപതിം ഭജേ, അയിഗിരി നന്ദിനി ഇതില്‍ ഏതെങ്കിലും ഒന്ന് വായിച്ചാകും വയലിന്‍ ഫ്യൂഷന്‍ ആരംഭിക്കുക. എന്തരോ മഹാനുഭാവുലു, അലൈപായുതേ കണ്ണാ, സ്വാമിനാഥ പരിപാലയാ സുമാം, കൃഷ്ണ നീ ബേഗനേ തുടങ്ങി ജനകീയമായ എല്ലാ കീര്‍ത്തനങ്ങളും ഗംഗാതരംഗം പോലെ ഗംഗയുടെ വയലിനിലൂടെ ഒഴുകിയെത്തും. ശങ്കരാ നാദ ശരീരാ പരാ, ഹരിവരാസനം, കണികാണും നേരം, തേടിവരും കണ്ണുകളില്‍, കാര്‍മുകില്‍ വര്‍ണന്റെ ചുണ്ടില്‍ തുടങ്ങി ഭക്തിരസം നിറയുന്ന ഗാനങ്ങള്‍ കൊണ്ടും മനം നിറയ്‌ക്കും. മലയാളികളുടെ ഹിറ്റ് ലിസ്റ്റില്‍ ഇടം പിടിച്ചിട്ടുള്ള ഒട്ടുമിക്ക ചലച്ചിത്ര ഗാനങ്ങളും ഗംഗ ഫ്യൂഷന്റെ ഭാഗമാക്കാറുണ്ട്. എസ്.പി.ബാലസുബ്രഹ്മണ്യം അനശ്വരമാക്കിയ ‘മണ്ണില്‍ ഇന്ത കാതലന്‍ട്രി ‘ എന്ന ഗാനം ഒറ്റ ശ്വാസത്തിലെന്ന പോലെ വയലിനില്‍ വായിച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്.
വരുന്ന ജൂലൈയില്‍ ഗംഗയ്‌ക്ക് വയസ് 12. 2013 ജൂലൈ 26 ന് ഗുരുവായൂരില്‍ ജനനം. പ്രായത്തിന്റേതായ എല്ലാ കുസൃതികളും കുട്ടിക്കുറുമ്പുകളും ഉള്ള ഗംഗ വേദിയിലെത്തിയാല്‍ മണിച്ചിത്രത്താഴിലെ ഗംഗയെപ്പോലെയാകും. ഞൊടിയിടയില്‍ മറ്റൊരാളായി മാറും. പൂര്‍ണ്ണമായും ഒരു പ്രൊഫഷണല്‍ അര്‍ട്ടിസ്റ്റിനെപ്പോലെ, ഏത് സാഹചര്യത്തേയും പരിഭ്രമമോ ഭയമോ കൂടാതെ സ്ഥിതപ്രജ്ഞയോടെ കൈകാര്യം ചെയ്യും. എല്ലാ വേദികളും ഗംഗയ്‌ക്ക് പ്രിയപ്പെട്ടതാണ്. ആസ്വാദകരുടെ കയ്യടികളാണ് അവളില്‍ ഊര്‍ജ്ജം നിറയ്‌ക്കുന്നത്. ഭാരതത്തിലെമ്പാടുമായി 200 ല്‍ അധികം വേദികളില്‍ പരിപാടി അവതരിപ്പിച്ചു.
സദസ്സ് മനസ്സിലാക്കിയാവും പാട്ടുകള്‍ ലിസ്റ്റ് ചെയ്യുക. സ്‌പോട്ട് വായനയാണ് അധികവും. പ്രേക്ഷകര്‍ ആവശ്യപ്പെടുന്ന പാട്ട് അറിയാമെങ്കില്‍ വായിച്ചുകൊടുക്കുമെന്നും ഗംഗ പറയുന്നു. മാഞ്ഞൂര്‍ ഉണ്ണികൃഷ്ണന്‍(ഘടം), വൈക്കം വിജയകുമാര്‍ (റിഥം പാഡ്), തൃപ്പൂണിത്തുറ ശ്രീകുമാര്‍(തവില്‍), ചേര്‍ത്തല സുനില്‍ കുമാര്‍(കീബോഡ്) എന്നിവരാണ് കൂടെയുള്ള പക്കമേളക്കാര്‍.
ഗുരുവായൂര്‍, വൈക്കം മഹാദേവ ക്ഷേത്രം, ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രം, തിരുനക്കര ക്ഷേത്രം, ആറ്റുകാല്‍ ദേവീ ക്ഷേത്രം, കൊല്ലം പുറ്റിങ്ങല്‍ ദേവീ ക്ഷേത്രം, ചെട്ടിക്കുളങ്ങര ഭഗവതി ക്ഷേത്രം, മരുത്തോര്‍വട്ടം ധന്വന്തരി ക്ഷേത്രം, കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രം, മള്ളിയൂര്‍ തുടങ്ങി കേരളത്തിലെ എല്ലാ പ്രമുഖ ക്ഷേത്രങ്ങളിലും ‘ഗംഗാ തരംഗം’ അലയടിച്ചു കഴിഞ്ഞു. കാസര്‍കോട് മധൂര്‍ ശ്രീ മദനന്തേശ്വര-സിദ്ധിവിനായകക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിച്ചപ്പോള്‍ കേള്‍ക്കാനെത്തിയത് 25000 ത്തോളം പേര്‍!. മാംഗ്ലൂര്‍, ഉഡുപ്പി, നാഗര്‍കോവില്‍, തഞ്ചാവൂര്‍, കുംഭകോണം, വീരാളിമല, ദേവകോട്ടൈ, മൈസൂര്‍, ബെംഗളൂരു, ഹൈദരാബാദ്, ഗുജറാത്ത്, മുംബൈ, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളിലും പരിപാടി അവതരിപ്പിച്ചു. ഭാരതത്തിന് വെളിയില്‍ ആദ്യമായി പരിപാടി അവതരിപ്പിച്ചത് ദുബായിയിലാണ്. അബുദാബിയിലാണ് അടുത്തത്.
പഠനം പരിശീലനം പാട്ട്
മലപ്പുറം അയിരൂര്‍ എയുപിഎസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി. അദ്ധ്യാപകരുടെ പൂര്‍ണ്ണ പിന്തുണയും പ്രോത്സാഹനവുമാണ് കരുത്ത്. ക്ലാസില്‍ പോകാന്‍ പറ്റാത്ത ദിവസങ്ങളിലെ പാഠങ്ങള്‍ ഓണ്‍ലൈനായി അദ്ധ്യാപകര്‍ പറഞ്ഞുകൊടുക്കും. നോട്ടുകള്‍ സഹപാഠികള്‍ നല്കും. കണക്കാണ് ഇഷ്ട വിഷയം. സ്‌കൂളിലും പരിപാടി അവതരിപ്പിച്ചിട്ടുണ്ട്. സ്‌കൂളിന് അഭിമാനമാണിന്ന് ഗംഗ.
ദിവസവും രണ്ടര മണിക്കൂര്‍ വയലിന്‍ പരിശീലിക്കും. രാവിലെ 5.30 ന് എഴുന്നേറ്റ് പ്രാക്ടീസ് ചെയ്യുകയാണ് പതിവ്. പ്രോഗ്രാം കഴിഞ്ഞെത്തിയാല്‍ ഈ പതിവില്‍ അല്‍പം മാറ്റമുണ്ടാകും. എന്നാലും പരിശീലനം മുടക്കില്ല. ഭൈരവി രാഗത്തിലുള്ള അംബ കാമാക്ഷി എന്ന കീര്‍ത്തനവും ഒരു ഗണപതി സ്തുതിയും വായിച്ചതിന് ശേഷമാവണം പ്രാക്ടീസ് എന്നാണ് അനുരൂപ് മാഷിന്റെ നിര്‍ദേശമെന്ന് ഗംഗ പറയുന്നു. മൂന്നര വയസ്സുമുതല്‍ ശാസ്ത്രീയ സംഗീതവും അഭ്യസിക്കുന്നു. അമ്മയുടെ ഗുരു വേണുഗോപാല്‍, കൊല്ലം ബാലമുരളി, കണ്ണന്‍ മാഷ് എന്നിവര്‍ സംഗീതത്തിലെ ഗുരുക്കന്മാരാണ്. ഇപ്പോള്‍ എറണാകുളം സ്വദേശിയായ സംഗീതജ്ഞന്‍ നന്ദകിഷോറിന്റെ കീഴില്‍ ഓണ്‍ലൈനായാണ് പഠനം. അരങ്ങേറ്റം കഴിഞ്ഞിട്ടില്ല. തത്കാലം സംഗീത പഠനത്തിന് അല്പം ഇടവേള കൊടുത്തിരിക്കുകയാണ്. ഭരതനാട്യത്തില്‍ അരങ്ങേറ്റം കഴിഞ്ഞു. ഗുരുവായൂരുള്ള അനുശ്രീ ടീച്ചറാണ് ഗുരു.
ഗണേഷ്-കുമരേഷ് മുതല്‍ മോഹന്‍ലാല്‍ വരെ
വയലിനില്‍ നാദവിസ്മയം തീര്‍ക്കുന്ന ഗണേഷ്-കുമരേഷ് സഹോദരങ്ങളുടെ അടുത്ത് നിന്ന് വയലിന്‍ പാഠങ്ങള്‍ അഭ്യസിക്കണം എന്നൊരു മോഹം ഗംഗയ്‌ക്കുണ്ട്. വീഡിയോ കോള്‍ വഴി ഇവരുമായി സംസാരിക്കാന്‍ ഒരിക്കല്‍ അവസരം കിട്ടി. അന്ന് ഒന്നേ ചോദിച്ചുള്ളൂ, ”എന്നെ വയലിന്‍ പഠിപ്പിക്കാമോ” എന്ന്. ഷുവര്‍ എന്ന മറുപടിയും കിട്ടി. അവരുടെ നോട്ടേഷന്‍സ് അടിപൊളിയാണെന്നാണ് ഗംഗയുടെ അഭിപ്രായം. സോഷ്യല്‍ മീഡിയയില്‍ ഗംഗയെ ഫോളൊ ചെയ്യുന്ന മറ്റൊരു സെലിബ്രിറ്റി നടന്‍ മാധവനാണ്. എല്ലാവരും വളരെ നല്ലതാണെന്ന് പറയാറുണ്ടെന്നാണ് ഗംഗയുടെ ഒറ്റവാക്കിലുള്ള മറുപടി. സോഷ്യല്‍ മീഡിയയില്‍ വരുന്ന കമന്റുകളൊന്നും നോക്കാറില്ലെന്നും പറയുന്നു. നടന്‍ മോഹന്‍ലാലിന്റെ ആരാധികയാണ്. താരത്തെ നേരില്‍ കാണണമെന്നതാണ് മറ്റൊരു കുഞ്ഞാഗ്രഹം. പാട്ട് കംപോസ് ചെയ്യണം. പൈലറ്റാവണം എന്നും ഗംഗ ആത്മവിശ്വാസത്തോടെ പറയുന്നു.
വേദികള്‍ അനുഭവങ്ങള്‍
എല്ലാ വേദിയും ഇഷ്ടമാണ് ഗംഗയ്‌ക്ക്. ഓരോ വേദിയും ഓരോ അനുഭവങ്ങളാണ്. കഴിഞ്ഞ ദിവസം കോഴിക്കോട് പേരാമ്പ്രയിലായിരുന്നു വയലിന്‍ ഫ്യൂഷന്‍. കോരിച്ചൊരിയുന്ന മഴ. ആ മഴ മുഴുവന്‍ നനഞ്ഞാണ് ആളുകള്‍ പരിപാടി ആസ്വദിച്ചത്. എന്നാല്‍ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തില്‍ പരിപാടി അവതരിപ്പിക്കുന്നതിനിടയിലാണ് സമയം കഴിഞ്ഞുവെന്നതിന്റെ പേരില്‍ പോലീസ് ഇടപെടലുണ്ടായത്. വായിച്ചുകൊണ്ടിരുന്ന പാട്ട് പൂര്‍ത്തിയാക്കും മുമ്പേ ലൈറ്റും സൗണ്ടും ഓഫാക്കി. പോലീസ് വരുന്നതു കാണുമ്പോഴുള്ള ഗംഗയുടെ മുഖഭാവം അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. അപ്പോള്‍ വായിച്ചുകൊണ്ടിരുന്ന മരുതമലൈ മാമണിയേ എന്ന കീര്‍ത്തനം പൂര്‍ത്തിയാക്കാന്‍ സാധിക്കാത്തതിലായിരുന്നു കൂടുതല്‍ സങ്കടം. ലക്ഷക്കണക്കിന് ആളുകളാണ് ഗംഗയെ സോഷ്യല്‍ മീഡിയയില്‍ ഫോളോ ചെയ്യുന്നത്. ഇവരില്‍ നിന്നെല്ലാം അകമഴിഞ്ഞ പ്രോത്സാഹനവും അനുഗ്രഹങ്ങളുമാണ് ഗംഗയ്‌ക്ക് ലഭിക്കുന്നത്. അച്ഛനും അമ്മയും സഹോദരനും അടങ്ങുന്ന കുടുംബം പൂര്‍ണ്ണ പിന്തുണയുമായി ഒപ്പമുണ്ട്. ദുബായിയില്‍ സ്പെയര്‍ പാര്‍ട്സ് ബിസിനസാണ് അച്ഛന്. മകളുടെ പരിപാടികളുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നാട്ടിലാണ്. സഹോദരന്‍ മഹേശ്വര്‍ പ്ലസ് ടു കഴിഞ്ഞു.
പുരസ്‌കാരങ്ങള്‍
2024-26 ലെ ഷണ്മുഖാനന്ദ ഭാരതരത്‌ന ഡോ. എം.എസ് സുബ്ബലക്ഷ്മി ഫെലോഷിപ്പിന് അര്‍ഹയായി. ഈ നേട്ടം കൈവരിക്കുന്ന കേരളത്തില്‍ നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് ഗംഗ. മുംബൈയില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത പുല്ലാങ്കുഴല്‍ വാദകന്‍ പണ്ഡിറ്റ് ഹരിപ്രസാദ് ചൗരസ്യയില്‍ നിന്നാണ് ഇതേറ്റു വാങ്ങിയത്. ശതനാരായണം പുരസ്‌കാരമാണ് മറ്റൊന്ന്.
വേദികളില്‍ നിന്ന് വേദികളിലേക്ക് വയലിനില്‍ അമൃത ഗംഗാ പ്രവാഹം തീര്‍ത്ത് നിറഞ്ഞൊഴുകുകയാണ് ഈ കുഞ്ഞുപ്രതിഭ. കല്ലിനേയും അലിയിക്കുന്ന ശുദ്ധ സംഗീതത്തിന്റെ മാസ്മരികത കൊണ്ട് വിശ്വമാകെ ആനന്ദത്തിന്റെ ഗംഗാ ധാര ചൊരിയാന്‍ അവള്‍ പ്രയാണം തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: