ന്യൂദല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന് തെരഞ്ഞെടുപ്പില്‍ ചരിത്രനേട്ടവുമായി എബിവിപി. ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ ശക്തികേന്ദ്രമെന്ന് അവകാശപ്പെടുന്ന ജെഎന്‍യുവില്‍ എബിവിപി നടത്തിയത് വന്‍മുന്നേറ്റം. 42 കൗണ്‍സിലര്‍ സീറ്റുകളില്‍ 23 എണ്ണവും എബിവിപി നേടി. ജെഎന്‍യുവിന്റെ ചരിത്രത്തില്‍ത്തന്നെ ഒരു വിദ്യാര്‍ത്ഥി സംഘടന നേടുന്ന വലിയ വിജയമാണിത്.
25 വര്‍ഷത്തിനുശേഷം സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അഞ്ചില്‍ രണ്ട് കൗണ്‍സിലര്‍ സീറ്റുകള്‍ എബിവിപി നേടി. സ്കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലും അഞ്ചില്‍ രണ്ട് സീറ്റുകളില്‍ വിജയിച്ചു. ഇതുരണ്ടും എബിവിപിയുടെ ചരിത്രത്തിലെ വലിയ നേട്ടമാണ്. സ്കൂള്‍ ഓഫ് എഞ്ചിനീയറിംഗിലെ നാലില്‍ നാലും സ്കൂള്‍ ഓഫ് സംസ്കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസിലെ മൂന്നില്‍ മൂന്നും സംയുക്ത കേന്ദ്രത്തിലെ രണ്ടില്‍ രണ്ടും എബിവിപി പിടിച്ചു.
അടല്‍ ബിഹാരി വാജ്പേയി സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആന്‍ഡ് എന്റര്‍പ്രണര്‍ഷിപ്പ്, സ്കൂള്‍ ഓഫ് നാനോ സയന്‍സ്, സ്പെഷ്യല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിന് എന്നിവിടങ്ങളില്‍ ഓരോ സീറ്റ് വീതം എബിവിപി നേടി. സ്കൂള്‍ ഓഫ് ബയോ ടെക്നോളജി, സ്കൂള്‍ ഓഫ് കമ്പ്യൂട്ടേഷണല്‍ ആന്‍ഡ് ഇന്റഗ്രേറ്റീവ് സയന്‍സസ്, സ്കൂള്‍ ഓഫ് എന്‍വയോണ്‍മെന്റല്‍ സയന്‍സ് എന്നിവിടങ്ങളിലെ രണ്ടില്‍ ഒന്നു വീതം സീറ്റുകളില്‍ വിജയിച്ചു. സ്കൂള്‍ ഓഫ് കമ്പ്യൂട്ടര്‍ ആന്‍ഡ് സിസ്റ്റം സയന്‍സിലെയും സ്കൂള്‍ ഓഫ് ഫിസിക്കല്‍ സയന്‍സസിലെയും മൂന്നില്‍ രണ്ടുവീതം സീറ്റുകളും നേടി.
സ്കൂള്‍ ഓഫ് ബയോടെക്നോളജിയിലെ ഏക സീറ്റിലേക്ക് സുരേന്ദ്രബിഷ്ണോയും സ്കൂള്‍ ഓഫ് സംസ്കൃതം ആന്‍ഡ് ഇന്‍ഡിക് സ്റ്റഡീസിലെ മൂന്ന് സീറ്റുകളിലേക്ക് പ്രവീണ്‍ പിയൂഷ്, രാജ ബാബു, പ്രാചി ജയ്സ്വാള്‍ എന്നിവരും സ്പെഷല്‍ സെന്റര്‍ ഫോര്‍ മോളിക്യുലാര്‍ മെഡിസിനിലെ സീറ്റിലേക്ക് ഗോവര്ദ്ധന് സിങും എതിരില്ലാതെയാണ് ജയിച്ചത്.
ജെഎന്‍യുവിലെ വിദ്യാര്‍ത്ഥികള്‍ എബിവിപി യിലൂടെ തെരഞ്ഞെടുത്ത നല്ല മാറ്റത്തിന്റെ തുടക്കമാണ് ഈ വിജയങ്ങളെന്ന് എബിവിപി യൂണിറ്റ് പ്രസിഡന്റ് രാജേശ്വര് കാന്ത് ദുബെ പറഞ്ഞു. ദേശീയത, അക്കാദമിക മികവ്, വിദ്യാര്‍ത്ഥി ക്ഷേമം എന്നിവയോടുള്ള പ്രതിബദ്ധതയുടെ ഫലമാണിത്. കാമ്പസിനെ രാഷ്ട്രനിര്‍മ്മാണത്തിന്റെയും വിദ്യാര്‍ത്ഥി ക്ഷേമത്തിന്റെയുംകേന്ദ്രമാക്കി മാറ്റുന്നതിന് പൂര്‍ണ്ണ സമര്‍പ്പണത്തോടെ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: