ന്യൂദൽഹി ; കേന്ദ്രസർക്കാർ നിർദേശിച്ച സമയപരിധിയ്‌ക്കുള്ളിൽ ഇന്ത്യ വിടാത്ത പാകിസ്ഥാനികൾക്ക് മൂന്ന് വർഷം തടവും 3 ലക്ഷം രൂപ പിഴയും ശിക്ഷ . ഹ്രസ്വകാല വിസയിലുള്ള പാകിസ്ഥാൻ പൗരന്മാരെ അറസ്റ്റ് ചെയ്യാനും പ്രോസിക്യൂട്ട് ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
2025ലെ ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്‌സ് ബില്ലിന്റെ സെക്ഷൻ 23 പ്രകാരം, വിസ കാലാവധി കഴിഞ്ഞാൽ, വിസ വ്യവസ്ഥകൾ ലംഘിക്കുകയോ, ഇന്ത്യയിൽ നിയന്ത്രിത മേഖലകളിൽ പ്രവേശിക്കുകയോ ചെയ്യുന്ന വിദേശ പൗരന്മാർക്ക് 3 വർഷം വരെ തടവോ പരമാവധി ₹3 ലക്ഷം പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും.
ഇന്ത്യയിൽ ഹ്രസ്വകാല വിസയിലുള്ള എല്ലാ പാകിസ്ഥാൻ പൗരന്മാർക്കും ഏപ്രിൽ 27-നകം രാജ്യം വിടണമെന്ന് കാണിച്ച് കേന്ദ്രസർക്കാർ നിർദേശം നൽകിയിരുന്നു. മെഡിക്കൽ വിസയിൽ എത്തിയവർക്ക് ഏപ്രിൽ 29-നകം പോകാനും നിർദേശം നൽകി.ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ആക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ നിലപാട് കടുപ്പിച്ചത്.
ഏപ്രിൽ 27-നകം ഇന്ത്യ വിടേണ്ട 12 വിഭാഗത്തിൽ ബിസിനസ്സ്, സിനിമ, പത്രപ്രവർത്തകർ, ട്രാൻസിറ്റ്, കോൺഫറൻസ്, പർവതാരോഹക സംഘം, വിനോദസഞ്ചാര സംഘം എന്നിവരാണ് ഉൾപ്പെടുന്നത് . നാടുകടത്തേണ്ട പാകിസ്ഥാൻ പൗരന്മാരെ കണ്ടെത്തി അതിനനുസരിച്ച് ക്രമീകരണങ്ങൾ ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എല്ലാ സംസ്ഥാനങ്ങളിലെയും മുഖ്യമന്ത്രിമാരോട് നിർദ്ദേശിച്ചു.
പഹൽഗാം ആക്രമണത്തെത്തുടർന്ന് ഇന്ത്യൻ സർക്കാരിന്റെ നിർദ്ദേശപ്രകാരം ഒമ്പത് നയതന്ത്രജ്ഞരും ഉദ്യോഗസ്ഥരും ഉൾപ്പെടെ 509 പാകിസ്ഥാൻ പൗരന്മാർ കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ ഇന്ത്യ വിട്ടു. 14 നയതന്ത്ര ഉദ്യോഗസ്ഥരും ഉദ്യോഗസ്ഥരുമടക്കം 745 ഇന്ത്യക്കാരും പാകിസ്ഥാനിൽ നിന്ന് വാഗാ-അട്ടാരി അതിർത്തി വഴി മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക