India

പുല്‍വാമയ്‌ക്ക് ബാലക്കോട്ടിലൂടെ മറുപടി നല്‍കി; ഇനി അതിലും വലിയ മറുപടി കൊടുക്കണമെന്ന് തരൂര്‍; ബാലക്കോട്ടിനെ കോണ്‍ഗ്രസ് വിമര്‍ശിച്ചത് തരൂര്‍ മറന്നോ?

പുല്‍വാമയ്ക്ക് നമ്മള്‍ ബാലക്കോട്ടിലൂടെ മറുപടി നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പഹല്‍ഗാമില്‍ അതിനേക്കാള്‍ വലിയ തിരിച്ചടി നല്‍കണമെന്ന് പറയാനാണ് ശശി തരൂര്‍ ബാലകോട്ട് വിഷയം എടുത്തിട്ടത്.

Published by

ന്യൂദല്‍ഹി: പുല്‍വാമയ്‌ക്ക് നമ്മള്‍ ബാലക്കോട്ടിലൂടെ മറുപടി നല്‍കിയെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. പഹല്‍ഗാമില്‍ അതിനേക്കാള്‍ വലിയ തിരിച്ചടി നല്‍കണമെന്ന് പറയാനാണ് ശശി തരൂര്‍ ബാലകോട്ട് വിഷയം എടുത്തിട്ടത്.

എപ്പോഴും പുല്‍വാമയ്‌ക്ക് മറുപടിയായി ബാലകോട്ടിലെ ജെയ്ഷ് എ മുഹമ്മദ് കാമ്പുകള്‍ ആക്രമിച്ച കേന്ദ്രസര്ക്കാരിന്റെ നടപടിയെ പല രീതിയില്‍ വിമര്‍ശിച്ചവരാണ് കോണ്‍ഗ്രസ്. ആരെയും വധിക്കാന്‍ കഴിയാത്ത ബാലകോട്ട് ആക്രമണം കൊണ്ട് വലിയ പ്രയോജനം ലഭിച്ചില്ലെന്നും അന്ന് കോണ്‍ഗ്രസ് വാദിച്ചിരുന്നു. സൈന്യത്തോട് വിരോധമില്ലെന്ന് കാണിക്കാന്‍ അന്ന് ബാലകോട്ട് ആക്രമണം നടത്തിയതിന് വ്യോമസേനയെ അഭിനന്ദിക്കുകയും ആ തീരുമാനം കൈക്കൊണ്ട മോദി സര്‍ക്കാരിനെതിരെ പി.ചിദംബരവും രാഹുല്‍ ഗാന്ധിയും കിട്ടാവുന്ന അവസരങ്ങളിലൊക്കെ വിമര്‍ശിക്കുകയുമായിരുന്നു. കോണ്‍ഗ്രസിനെ അനുകൂലിച്ച് അന്ന് ബാലക്കോട്ടില്‍ ജെയ്ഷ് എ മുഹമ്മദ് ഭീകരരല്ല, മരങ്ങളാണ് തകര്‍ന്നുവീണതെന്ന് ബിബിസി ഉള്‍പ്പെടെയുള്ളവര്‍ വ്യാജറിപ്പോര്‍ട്ടുകളുമായി എത്തിയിരുന്നു. എന്നാല്‍ അന്ന് 300 മുതല്‍ 350 പാക് തീവ്രവാദികളെ വധിക്കാന്‍ കഴിഞ്ഞു എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം.

ഇപ്പോഴിതാ ആ ചരിത്രമെല്ലാം മറന്നാണ് ഞായറാഴ്ച ശശി തരൂരിന്റെ പ്രസ്താവന. പുല്‍വാമയ്‌ക്ക് നമ്മള്‍ ബാലക്കോട്ടിലൂടെ മറുപടി നല്‍കി. പഹല്‍ഗാമിന് ഇതിനേക്കാള്‍ ശക്തമായ മറുപടി നല്‍കണമെന്നായിരുന്നു ശശി തരൂരിന്റെ വാദം.

2019 ഫെബ്രുവരി 14നാണ് ഒരു പാക് തീവ്രവാദി ചാവേര്‍ ആക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്‍മാരെ വധിച്ചത്. ഇതിന് മറുപടിയായാണ് ഇന്ത്യാ-പാക് അതിര്‍ത്തിയിലെ ബാലകോട്ടിലെ ജെയ്ഷ് എ മുഹമ്മദ് തീവ്രവാദി ക്യാമ്പുകളില്‍ ഇന്ത്യ ആക്രമണം നടത്തിയത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക