തിരുവനന്തപുരം: കിള്ളിയാർ മലിനമാക്കുന്നത് തടയാൻ തദ്ദേശസ്വയംഭരണ സ്ഥാപങ്ങൾ മുൻകൈ എടുക്കണമെന്ന് ഐഎസ്ആർഒ മുൻ ചെയർമാൻ ജി മാധവൻ നായർ. സ്കുൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒരു സന്നദ്ധ സംഘടന രൂപികരിച്ച് കിള്ളിയാറിനെ മാലിന്യ മുക്തമാക്കാൻ ശ്രമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാധവൻ നായർ. ഒരു കാലത്ത് പദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപമുള്ള പത്മതീർത്ഥത്തിലേക്ക് പോലും ഒഴുക്കി വിട്ടിരുന്ന കിള്ളിയാർ ഇന്ന് മാലിന്യങ്ങൾ നിറഞ്ഞ് ഉപയോഗ ശൂന്യമായിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ മുക്തമാക്കി, തടയണ കെട്ടി കിള്ളിയാറിനെ സംരക്ഷിച്ചു നിർത്തിയാൽ കൃഷി ഉൾപ്പടെയുള്ള ആവശ്യങ്ങൾക്ക് ഇതിലെ ജലം ഉപയോഗിക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു. വൈകുണ്ഠ നാരായണ സ്വാമി ക്ഷേത്രത്തിൽ തൊഴുത്, നദീപൂജ നടത്തിയ ശേഷമാണ് യാത്ര ആരംഭിച്ചത്. എൻസിസി രണ്ടാം കേരളാ ബറ്റാലിയനിലെ എൻസിസി കേഡറ്റുകൾ പരിപാടിയിൽ പങ്കാളികളായി.
എന്‍സിസി 2കെ ബറ്റാലിയന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മേജര്‍ സി.എസ്. ആനന്ദ്, ജലനിധി മുന്‍ ഡയറക്ടര്‍ ഡോ. സുഭാഷ് ചന്ദ്രബോസ്, മുന്‍ എസ്പി എന്‍. വിജയകുമാര്‍ ഐപിഎസ്, മോഹന്‍ദാസ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍പേഴ്‌സണ്‍ റാണി മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: