തിരുവനന്തപുരം: എല്ലാം എറിഞ്ഞു തള്ളാനുള്ളതാണ് നമ്മുടെ പുഴകളെന്ന സങ്കല്പം കേരളത്തിലുണ്ടെന്ന് മുൻ ഗവർണർ കുമ്മനം രാജശേഖരൻ. വീടുകളിലെയും സ്ഥാപനങ്ങളിലെയും മാലിന്യങ്ങൾ വലിച്ചെറിയുന്നത് പുഴകളിലേക്കാണ്. പല അഴുക്കുചാലുകളുടെയും അവസാനം നമ്മുടെ പുഴകളിലാണെന്നും അദ്ദേഹം പറഞ്ഞു. ജന്മഭൂമി സുവര്‍ണജൂബിലിയോട് അനുബന്ധിച്ച് അനന്തപുരിയില്‍ നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്രയിൽ കല്ലിയോട് നടന്ന പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു കുമ്മനം.
മറ്റ് സംസ്ഥാനങ്ങളിൽ പുഴകളെ കാണുന്നത് അമ്മയായിട്ടാണ്. ഗംഗാ നദിയെ എത്ര പരിപാവനമായിട്ടാണ് അവിടെയുള്ളവർ സംരക്ഷിക്കുന്നത്. ഗംഗാ മാതാവ് എന്നാണവർ വിളിക്കുന്നത്. നദീ തീരങ്ങളിൽ താമസിക്കുന്നവർ അമ്മയുടെ മടിത്തട്ടിലാണ് കഴിയുന്നത്. നദീ തടങ്ങളെല്ലാം സംസ്കാരങ്ങളുടെ ഈറ്റില്ലങ്ങളാണ്. നമ്മുടെ ഭാരത പുഴയുടെയും പമ്പയുടെയും തീരത്ത് ഒരു സംസ്കാരം ഉണ്ടായിരുന്നു. നദീ തീരങ്ങളാണ് ജനവാസ യോഗ്യമായിട്ടുള്ള സ്ഥലമെന്നും കുമ്മനം പറഞ്ഞു.
നമസ്‌തേ കിള്ളിയാര്‍ നദീവന്ദന യാത്ര നെടുമങ്ങാട് തീർത്ഥങ്കരയിൽ നിന്നുമാണ് ആരംഭിച്ചത്. വൈകുണ്ഠ നാരായണ സ്വാമി ക്ഷേത്രത്തിൽ തൊഴുത്, നദീപൂജ നടത്തി ആരംഭിച്ച യാത്ര മുൻ ഐഎസ്ആർഒ ചെയർമാൻ ജി. മാധവൻ നായർ ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: