തിരുവനന്തപുരം: നമ്മുടെ നാട്ടില്‍ ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം വ്യാപിക്കുന്നത് ശത്രുരാജ്യങ്ങളുടെ സോഫ്റ്റ് വാര് ആണെന്നും ഭാരതം വികസിത രാഷ്ട്രമാകുന്നതില്‍ നിന്ന് തടയുകയാണ് ഇവരുടെ ലക്ഷ്യമെന്നും ആരോഗ്യസര്‍വകലാശാല വിസി ഡോ. മോഹനന് കുന്നുമ്മല്‍ പറഞ്ഞു.
ദേശീയ സേവാഭാരതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ജനകീയ സഭ സംസ്ഥാന കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ന്യൂക്ലിയര്‍ ബോംബുകള്‍ ഉപയോഗിക്കുന്നതിനുപകരമുള്ള ബുദ്ധിപരമായ ആക്രമണമാണ് ലഹരിവ്യാപനം. ഏറ്റവും വലിയ ദേശസ്നേഹികളുടെ നാടായിരുന്ന പഞ്ചാബിനെ ഖാലിസ്ഥാന്‍ വിഘടനവാദത്തിലേക്കെത്തിച്ചതും ലഹരിയുടെ വ്യാപനമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.
2047ല്‍ ഭാരതം വികസിതരാഷ്ട്രമാകുമെന്നത് യാഥാര്‍ത്ഥ്യമാണ്. അധ്വാനശേഷിയുള്ള 80 കോടി ജനങ്ങളാണിവിടെയുള്ളത്. ലോകത്ത് ഏറ്റവും കൂടുതല്‍ യുവാക്കളുള്ള നാടാണിത്. യുവാക്കളെ നശിപ്പിച്ച് രാജ്യപുരോഗതി തടയാനുള്ള ആസൂത്രിതനീക്കമാണ് ശത്രുരാജ്യങ്ങള്‍ നടത്തുന്നത്. പഹല്‍ഗാമില്‍ 26 പേരെയാണ് കൊന്നതെങ്കില്‍ ലഹരിമൂലം ഇവിടെ ദിനംപ്രതി 2000 ത്തോളം പേരാണ് കൊല്ലപ്പെടുന്നത്. ലഹരിക്കടിമപ്പെട്ട പഹല്ഗാമുകള് നമുക്കുചുറ്റും ആവര്‍ത്തിക്കാതിരിക്കാന്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുന്‍ ഡിജിപി ആര്. ശ്രീലേഖ അധ്യക്ഷയായി. ഔദ്യോഗിക ദു:ഖാചരണം ആയതിനാല്‍ ശബ്ദ സന്ദേശത്തിലൂടെ ഗവര്‍ണര്‍ വിശ്വനാഥ് ആര്‍ലേക്കര്‍ ആശംസ അറിയിച്ചു.
ആര്‍എസ്എസ് ദക്ഷിണകേരളം പ്രാന്ത സഹകാര്യവാഹ് കെ.ബി. ശ്രീകുമാര്‍ ആമുഖപ്രഭാഷണം നടത്തി. ദേശീയ സേവാഭാരതി സംസ്ഥാന ഉപാധ്യക്ഷന്‍ ഡി.വിജയന് ലഹരിവിരുദ്ധ ജനകീയ സഭ ഭാരവാഹി പ്രഖ്യാപനം നടത്തി.
സാമൂഹ്യപ്രവര്‍ത്തക ഡോ.എം.എസ്.സുനില്‍, ദേശീയ സേവാഭാരതി സംസ്ഥാന അധ്യക്ഷന്‍ ഡോ. രഞ്ജിത് വിജയഹരി, സെക്രട്ടറി കെ.സുരേഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. 1100 ലഹരിവിരുദ്ധ ക്യാമ്പുകള്‍ സംഘടിപ്പിച്ച അസിസ്റ്റന്റ് എക്സൈസ് ഇന്‍സ്പെക്ടര്‍ സജികുമാറിനെ ആദരിച്ചു. തദ്ദേശസ്വയംഭരണ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിവിരുദ്ധ ജനകീയ സഭ ഉണ്ടാക്കി പ്രവര്‍ത്തനം ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: