Kerala

രാജ്യതലസ്ഥാനത്ത് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍

Published by

ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ പ്രതിഷേധിച്ച് രാജ്യതലസ്ഥാനത്ത് കടകള്‍ അടച്ചിട്ട് വ്യാപാരികള്‍. ദല്‍ഹിയിലെ 900 ലധികം വരുന്ന വിപണികളിലെ എട്ട് ലക്ഷത്തിലധികം കടകള്‍ അടച്ചിട്ട് വ്യാപാരികള്‍ പ്രതിഷേധത്തിന്റെ ഭാഗമായതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേഴ്സ് (സിഎഐടി) അറിയിച്ചു.

കൊണാട്ട് പ്ലേസ്, സദര്‍ ബസാര്‍, ചാന്ദ്നി ചൗക്ക്, ജന്‍പഥ്, മുഖര്‍ജി നഗര്‍, സരോജിനി നഗര്‍, ഗാന്ധിനഗര്‍ എന്നിവിടങ്ങളിലെ കടകളെല്ലാം അടഞ്ഞുകിടന്നു. തുണിത്തരങ്ങള്‍, സ്വര്‍ണം, സുഗന്ധവ്യഞ്ജനങ്ങള്‍, പാത്രങ്ങള്‍, പഴം, പച്ചക്കറികള്‍ തുടങ്ങി എല്ലാ മേഖലയിലുംപെട്ട വ്യാപാരികള്‍ പ്രതിഷേധത്തിന്റെ ഭാഗമായി. ചേംബര്‍ ഓഫ് ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി (സിടിഐ) ആണ് കടകളടച്ചുള്ള ബന്ദിന് ആഹ്വാനം ചെയ്തത്. ഇത് വെറുമൊരു പ്രതിഷേധം മാത്രമല്ലെന്നും തീവ്രവാദത്തിനെതിരായ ഒറ്റക്കെട്ടായ നിലപാടാണെന്നും സിടിഐ ചെയര്‍മാന്‍ ബ്രിജേഷ് ഗോയല്‍ പ്രതികരിച്ചു. പഹല്‍ഗാമില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ സ്മരണക്കായി കടകള്‍ അടച്ചിടുകയാണെന്നും അദ്ദേഹം പറഞ്ഞു. ചാന്ദ്നി ചൗക്കില്‍ നിന്ന് ചെങ്കോട്ടയിലേക്ക് വ്യാപാരികള്‍ പ്രകടനവും നടത്തി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by