തിരുവനന്തപുരം: മോട്ടര്‍ വാഹന വകുപ്പില്‍ 221 അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാരെ കൂട്ടത്തോടെ സ്ഥലംമാറ്റി. 48 മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്. ഓഫീസ് വിഭാഗത്തിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലും ജോലി ചെയ്തിരുന്നവരെയാണ് പരസ്പരം സ്ഥലം മാറ്റിയത്. എന്‍ഫോഴ്സ്മെന്റ് വിഭാഗത്തില്‍ നാലോ അതിലധികമോ വര്‍ഷം ജോലി ചെയ്യുന്ന 111 പേരെ ഓഫിസിലേക്കും ആര്‍ടി ഓഫീസുകളില്‍ ജോലി ചെയ്യുന്ന 110 പേരെ എന്‍ഫോഴ്സ്മെന്റ് വിങ്ങിലേക്കും പരസ്പരം മാറ്റിയാണ് ഉത്തരവ്.
ജനറല്‍ ട്രാന്‍സ്ഫര്‍ ഉടന്‍ നടക്കാനിരിക്കെ ഉദ്യോഗസ്ഥരോട് സമ്മതം ചോദിക്കാതെയും സീനിയോറിറ്റി നിബന്ധനകള്‍ പാലിക്കാതെയും നടത്തിയ അടിയന്തര സ്ഥലംമാറ്റത്തില്‍ ഉദ്യോഗസ്ഥര്‍ക്കിടയില്‍ നീരസമുണ്ട്. സ്ഥലംമാറ്റം ചട്ടവിരുദ്ധമാണെന്നും കോടതിയെ സമീപിക്കുമെന്നുമാണ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. എന്നാല്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന സ്ഥലംമാറ്റ പ്രശ്നം പരിഹരിക്കാന്‍ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ പദ്ധതി സമര്‍പ്പിച്ചിരുന്നുവെന്നും അത് അംഗീകരിക്കപ്പെട്ടതോടെയാണ് സ്ഥലംമാറ്റ നടപടി എടുത്തതെന്നുമാണ് മോട്ടോര്‍വാഹന വകുപ്പിന്റെ നിലപാട്.
ചിലര്‍ വര്‍ഷങ്ങളായി എന്‍ഫോഴ്സ്മെന്റ് വിങ്ങിലോ ഓഫീസ് വിങ്ങിലോ മാത്രമായി ജോലി ചെയ്തു വരികയാണ്. ഉദ്യോഗസ്ഥര്‍ക്ക് എല്ലാ വിഭാഗത്തിലും ജോലിപരിചയം ഉണ്ടാകേണ്ടത് അനിവാര്യമാണെന്നാണ് സര്‍ക്കാര്‍ നിലപാട്. ഇതുനുസരിച്ചാണ് നടപടി എടുത്തിരിക്കുന്നതെന്ന് ഗതാഗത കമ്മിഷണര്‍ വ്യക്തമാക്കി.
അടുത്തു തന്നെ ജനറല്‍ ട്രാന്‍സ്ഫര്‍ വിജ്ഞാപനം പുറപ്പെടുവിക്കുമെന്നും അപ്പോള്‍ ഉദ്യോഗസ്ഥര്‍ക്ക് ഓപ്ഷന് നല്‍കാനുള്ള അവസരമുണ്ടാകുമെന്നുമാണ് ഗതാഗതവകുപ്പിന്റെ വിലയിരുത്തല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: