കൊച്ചി: ചിപ്പി എന്ന നടി എല്ലാവര്‍ഷവും മുടങ്ങാതെ നടത്തുന്ന ഒരു പ്രാര്‍ത്ഥനയുണ്ട്. അത് ആറ്റുകാലമ്മയ്ക്കുള്ള പൊങ്കാലയാണ്. ആ പ്രാര്‍ത്ഥനയാണ് തന്റെ ജീവിതത്തിലെ സകലസൗഭാഗ്യങ്ങള്ക്കും കാരണമെന്ന് ചിപ്പി കരുതുന്നു. മലയാളനടിയായി, നായികയായി വിജയിച്ച ശേഷം മിനി സ്ക്രീനില്‍ നിരവധി സൂപ്പര്‍ പരമ്പരകളിലെ നായികയായും വിജയിച്ചതിന് പിന്നില്‍ ആറ്റുകാലമ്മയുടെ അനുഗ്രഹമാണെന്ന് ചിപ്പി പറയുന്നു.. ഇപ്പോഴിതാ ചിപ്പിയുടെ ഭര്‍ത്താവ് രഞ്ജിത് നിര്‍മ്മിച്ച ‘തുടരും’ എന്ന സിനിമ സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയാണ്.
225 തിയറ്ററുകളില്‍ റിലീസ് ചെയ്ത സിനിമ പൊടുന്നനെ 400 സ്ക്രീനിലേക്ക് വളരുകയായിരുന്നു. അതുപോലെ ബുക്ക് മൈ ഷോയ്ക്ക് ഇതുവരെ ലഭിക്കാത്ത രീതിയില്‍ മണിക്കൂറില്‍ 30000 ബുക്കിങ്ങാണ് സംഭവിക്കുന്നത്. മലയാളസിനിമ കണ്ട ഏറ്റവും സുന്ദരമായ സിനിമകളില്‍ ഒന്നാണിതെന്ന് പലരും സമൂഹമാധ്യമങ്ങളില്‍ കുറിക്കുന്നു.
മൃദുലമായ ഒരു ഫാമിലി ഫീല്‍ ആണ് സംവിധായകന് തരുണ്‍ മൂര്‍ത്തി കൊണ്ടുവന്നത്. ഒരു പഴയ അംബാസഡര്‍ കാറിന്റെ ഉടമയുടെ കഥയാണിത്. പ്രേക്ഷകരെ മുള്‍മുനയില്‍ നിര്‍ത്തുന്ന സസ്പെന്‍സാണ് തരുണ്‍ മൂര്‍ത്തി കൊണ്ടുവരുന്നത്. നാടകം, പരസ്യമേഖല, അഭിനേതാവ്എല്ലാം കൂടിച്ചേര്‍ന്ന സംവിധായകനായ തരുണ്‍ മൂര്‍ത്തി അത്ഭുതം സൃഷ്ടിക്കുകയാണ്. കെ.ആര്. സുനിലിന്റെ കഥയും മികച്ചതായി. കെ.ആര്. സുനിലിനൊപ്പം തിരക്കഥയെഴുതാന്‍ തരുണ്‍ മൂര്‍ത്തിയും സഹായിച്ചിട്ടുണ്ട്. സംഗീതവും ഗാനരചനയും എല്ലാം ഹൃദയത്തില്‍ തൊടുന്നു. പ്രകാശ് വര്‍മ്മ എന്ന പുതുമുഖനടന്റെ പ്രകടനമാണ് കൂടുതല്‍ കയ്യടി നേടുന്നത്. എന്തായാലും കുടുംബപ്രേക്ഷകരെ വീണ്ടും തിയറ്ററിലേക്ക് കൊണ്ടുവരികയാണ് തുടരും എന്ന സിനിമ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: