റോം: ഫ്രാന്‍സിസ് മാര്‍പാപ്പ മണ്ണിലേക്ക് മടങ്ങി. അദ്ദേഹത്തിന്റെ ആഗ്രഹ പ്രകാരം റോമിലെ സാന്താമരിയ മജോറെ ബസിലിക്കയിലാണ് അന്ത്യവിശ്രമം ഒരുക്കിയത്.
സംസ്കാര ചടങ്ങുകള്‍ കര്‍ദിനാള്‍ ജൊവാന്നി ബാറ്റിസ്റ്റയുടെ മുഖ്യകാര്‍മികത്വത്തിലായിരുന്നു .ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്ക് വിട ചൊല്ലാന്‍ ലക്ഷക്കണക്കിന് ആളുകളാണ് എത്തിയത്.ഇന്ത്യന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഉള്‍പ്പെടെ 130 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ ചടങ്ങുകളില്‍ പങ്കെടുത്തു.
വചന സന്ദേശത്തില്‍ മാര്‍പാപ്പയെ അനുസ്മരിച്ച് കര്‍ദിനാള്‍ ബാറ്റിസ്റ്റ ലോക സമാധാനത്തിന് ആഹ്വാനം ചെയ്തു. സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടില്‍, മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവാ, കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാട്, മേജര്‍ ആര്‍ച്ച് ബിഷപ് ഇമെരിറ്റസ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി തുടങ്ങിയവര്‍ സംസ്കാരച്ചടങ്ങില്‍ സഹകാര്‍മികത്വം വഹിച്ചു.
സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നിന്ന് വിലാപയാത്രയായി നാല് കിലോമീറ്റര്‍ അകലെയുള്ള സെന്റ് മേജര്‍ ബസിലിക്കയിലേക്ക് ഭൗതിക ദേഹം എത്തിച്ചു.ചരിത്രസ്മാരകമായ കൊളോസിയം വഴി പോപ്പ്മൊബൈല്‍ വാഹനത്തില്‍ അന്ത്യയാത്ര. ലോകനേതാക്കള്‍ അനുഗമിച്ചു. ഫ്രാന്‍സിസ് മാര്‍പാപ്പയെ അവസാനമായി കാണാന്‍ വത്തിക്കാന്റെ തെരുവീഥികളില്‍ ജനപ്രവാഹം എത്തിയിരുന്നു.
സാന്ത മരിയ മജോറെയില് 50 പേര് മാത്രം പങ്കെടുത്ത അന്ത്യവിശ്രമച്ചടങ്ങ്. കര്‍ദിനാള്‍ കെവിന് ഫാരലിന്റെ കാര്‍മികത്വത്തില്‍ ആയിരുന്നു ചടങ്ങുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: