India

കശ്മീരില്‍ ഏഴ് ഭീകരരുടെ വീടുകള്‍ സ്ഫോടനത്തില്‍ തകര്‍ത്ത് തരിപ്പണമാക്കി സേന; കൊണ്ടറിയുമ്പോള്‍ ഭീകരരും പാഠം പഠിക്കുമെന്ന് സേന

പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അഞ്ച് ഭീകരരുടെ വീടുകള്‍ കശ്മീര്‍ ജില്ലാ ഭരണകൂടം സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡര്‍ വരെ ഉള്‍പ്പെടുന്നു. തീവ്രവാദികൾക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം.

Published by

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ അതില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഏഴ് ഭീകരരുടെ വീടുകള്‍ കശ്മീര്‍ ജില്ലാ ഭരണകൂടം സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ ലഷ്കര്‍ ഇ ത്വയിബയുടെ കമാന്‍ഡര്‍ വരെ ഉള്‍പ്പെടുന്നു. തീവ്രവാദികൾക്കെതിരെ നടപടികള്‍ കടുപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

വെള്ളിയാഴ്ച അഞ്ച് പേരുടെ വീടുകളും വ്യാഴാഴ്ച രാത്രി രണ്ട് പേരുടെ വീടുകളും സ്ഫോടക വസ്തുക്കള്‍ വെച്ച് തകര്‍ത്തു. ഇതില്‍ വെള്ളിയാഴ്ച തകര്‍ക്കപ്പെട്ട അഞ്ച് വീടുകളുടെ ഉടമകളായ തീവ്രവാദികള്‍ പാകിസ്ഥാനുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നവരാണ്. വ്യാഴാഴ്ച തകര്‍ത്ത രണ്ട് വീടുകളുടെ ഉടമകളായ ഭീകരര്‍ പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തവരാണ്.  വ്യക്തിപരമായ നഷ്ടങ്ങള്‍ നേരിട്ട് അനുഭവിക്കുമ്പോള്‍ ഭീകരരും ജീവിതത്തില്‍ പാഠങ്ങള്‍ പഠിച്ചേക്കുമെന്നതാണ് സൈന്യത്തിന്റെ കണക്കുകൂട്ടല്‍.

ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ വീട് തകര്‍ക്കുന്നു:

കശ്മീരിലെ ഷോപിയാൻ, കുൽഗാം എന്നീ ജില്ലകളിൽ ഓരോ വീടുകളും പുൽവാമയിൽ മൂന്ന് വീടുകളുമാണ് തകർത്തത്. ഷോപിയാനിൽ മുതിർന്ന ലഷ്കരെ ത്വയ്ബ കമാൻഡർ ഷാഹിദ് അഹ്മദ് കുട്ടേയുടെ വീടാണ് തകര്‍ത്തത്. ചോടിപോറ ഗ്രാമത്തിലുള്ള ഇദ്ദേഹത്തിന്റെ വീടാണ് തകര്‍ത്തത്. ഈ വീട് സ്ഫോടനത്തില്‍ നിമിഷങ്ങള്‍ക്കകം തകര്‍ന്ന് തരിപ്പണമായി. തീവ്രവാദികളെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജമാക്കുന്ന ഭീകരനാണ് കുട്ടെ. കഴിഞ്ഞ നാലഞ്ച് വര്‍ഷങ്ങളായി ഇദ്ദേഹം ദേശദ്രോഹപ്രവര്‍ത്തനങ്ങളുമായി കശ്മീരില്‍ സജീവമാണ്.

കുൽഗാമില്‍ ഭീകരൻ സാഹിദ് അഹമ്മദിന്റെ വീടാണ് തകര്‍ത്തത്. കുല്‍ഗാമിലെ മട്ടലാം പ്രദേശത്തെ ഇദ്ദേഹത്തിന്റെ വീടാണ് സ്ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് തകര്‍ത്തത്.

പുൽവാമയിൽ ലഷ്കർ ഭീകരൻ അഹ്സാൻ ഉൾ ഹഖിന്റെ വീട് സ്ഫോടനത്തില്‍ തകര്‍ത്തു. മുറാന്‍ പ്രദേശത്താണ് അഹ്സാൻ ഉൾ ഹഖിന്റെ വീട്. 2018 മുതല്‍ അഹ്സാന്‍ ഉള്‍ ഹഖ് പാകിസ്ഥാനിലായിരുന്നു. അവിടെ ഭീകരപ്രവര്‍ത്തനങ്ങളില്‍ പരിശീലനം നേടിയിരുന്നതായും പറയുന്നു. ഈയിടെ ഇദ്ദേഹം കശ്മീരിലേക്ക് തിരിച്ചുവന്നതോടെ കേന്ദ്ര ഇന്‍റലിജന്‍സ് ആശങ്കയിലായിരുന്നു.

ലഷ്കര്‍ ഭീകരനായ എഹ്സാന്‍ അഹമ്മദ് ഷേഖിന്റെ വീടാണ് പുല്‍വാമയില്‍ തകര്‍ത്ത രണ്ടാമത്തെ വീട്. 2023 മുതല്‍ തീവ്രവാദപ്രവര്‍ത്തനങ്ങളില്‍ സജീവമാണ് എഹ്സാന്‍ അഹമ്മദ് ഷേഖ്. ഇദ്ദേഹത്തിന്റെ ഇരുനില വീടാണ് സ്ഫോടകവസ്തുക്കള്‍ വെച്ച് തകര്‍ത്തത്. ഹാരിസ് അഹമ്മദ്  ഷെയ്ഖ് എന്ന ലഷ്കര്‍ ഭീകരന്റെ വീടാണ് പുല്‍വാമയില്‍ സ്ഫോടനത്തില്‍ തകര്‍ത്ത മൂന്നാമത്തെ വീട്. പുല്‍വാമയിലെ കചിപോറ പ്രദേശത്താണ് ഹാരിസ് അഹമ്മദ് ഷെയ്ഖിന്റെ വീട്.

പഹല്‍ഗാം ആക്രമണത്തില്‍ പങ്കെടുത്തതായി സംശയിക്കുന്ന രണ്ട് പേരുടെ വീടുകള്‍ വ്യാഴാഴ്ച രാത്രി തന്നെ സ്ഫോടനത്തിലൂടെ തകര്‍ത്തിരുന്നു. ആദില്‍ ഹുസൈന്‍ തൊകാര്‍, ആസിഫ് ഷെയ്ഖ് എന്നിവരുടെ വീടുകളാണ് സ്ഫോടനത്തില്‍ തകര്‍ത്തത്. ഇവരുടെ വീടിനകത്ത് തന്നെ സ്ഫോടകവസ്തുക്കള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നതായും പറയുന്നു. ആദില്‍ ഹുസൈന്‍ തൊകാറിന്റെയും അദ്ദേഹത്തിന്റെ കൂടെ പഹല്‍ഗാം ആക്ഷനില്‍ പങ്കെടുത്ത മറ്റ് രണ്ട് തീവ്രവാദികളുടെയും രേഖാചിത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. ആദില്‍ ഹുസൈന്‍ തൊകാറിന്റെ കൂടെയുണ്ടായിരുന്ന മറ്റ് രണ്ട് പേര്‍ പാകിസ്ഥാന്‍ സ്വദേശികളാണെന്ന് കരുതുന്നു. ഹാഷിം മൂസ എന്ന സുലേമാനും അലിഭായി എന്ന് വിളിക്കപ്പെടുന്ന തല്‍ഹ ഭായിയും ആണ് ആദില്‍ ഹുസൈന്‍ തൊകാറിന്റെ കൂടെയുണ്ടായിരുന്നത് എന്ന് സംശയിക്കുന്നു. ഈ രണ്ട് പേരും പാക് ഭീകരരാണ്.

അതേസമയം പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ, ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജ് അടക്കമുള്ള ആശുപത്രികൾക്ക് സര്‍ക്കാര്‍ അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്ന ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുകയാണ്. ജീവനക്കാരുടെ അവധി നിയന്ത്രിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അടിയന്തര സാഹചര്യം നേരിടാൻ തയ്യാറായി നിൽക്കണം എന്നും അറിയിപ്പിൽ പറയുന്നു.

പാകിസ്ഥാനുമായുള്ള വെടിനിർത്തൽ കരാർ റദ്ദാക്കുന്നതടക്കം വിഷയങ്ങളിൽ ഉടൻ ഉന്നത തലത്തിൽ കൂടിയാലോചന ഉണ്ടാകുമെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. പഹൽഗാം ഭീകരാക്രമണത്തിൽ പാകിസ്ഥാന്റെ പങ്ക് ഇന്ത്യ സ്ഥിരീകരിച്ചതായാണ് വിവരം. ആക്രമണവുമായി ബന്ധപ്പെട്ട ഇൻറലിജൻസ് വിവരവും അന്വേഷണവും വിരൽ ചൂണ്ടുന്നത് പാകിസ്ഥാന്റെ പങ്കിലേക്കാണ്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക