Editorial

അഞ്ചാംപത്തികളെ തുറന്നുകാട്ടണം

Published by

ശ്മീരിലെ പഹല്‍ഗാമില്‍ പാക് ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുടെ മതപ്പിശാചുക്കള്‍ നടത്തിയ കൂട്ടക്കൊലയ്‌ക്ക് പ്രാദേശികമായ പിന്തുണ ലഭിച്ചുവെന്ന് വ്യക്തമായിരിക്കുകയാണ്. കൊലയാളി സംഘത്തില്‍ കശ്മീര്‍ സ്വദേശികളും ഉണ്ടെന്ന് നേരത്തെ സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ തദ്ദേശീയരായ ഒന്നല്ല, രണ്ടു ഭീകരര്‍ ഉണ്ടെന്ന് കണ്ടെത്തി അവരുടെ വീടുകള്‍ കഴിഞ്ഞദിവസം സുരക്ഷാസേന തകര്‍ക്കുകയുണ്ടായി. പഹല്‍ഗാമിലെ വിനോദസഞ്ചാര കേന്ദ്രത്തില്‍ ഇസ്ലാമിക ഭീകരര്‍ നിരപരാധികളായ മനുഷ്യരെ മതംനോക്കി കൂട്ടക്കൊല ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നല്ലോ. ഇത്തരം ദൃശ്യങ്ങളിലൊന്നില്‍ കൂട്ടക്കൊല കണ്ട് ചിരിക്കുന്ന മുഖങ്ങള്‍ കാണുകയുണ്ടായി. ഭീകരവാദത്തെ പിന്തുണയ്‌ക്കുകയും ന്യായീകരിക്കുകയും, അവര്‍ നിരപരാധികളെ കൊന്നൊടുക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവര്‍ ഇപ്പോഴും അവിടെയുണ്ടെന്നു വേണം മനസ്സിലാക്കാന്‍.

ഇത്തരം ആഭ്യന്തര ശത്രുക്കളും അഞ്ചാംപത്തികളും കശ്മീരില്‍ മാത്രം ഒതുങ്ങുന്നതല്ല. പഹല്‍ഗാമിലെ ഭീകരാക്രമണം സുരക്ഷാ വീഴ്ച കൊണ്ടാണെന്നു പ്രചരിപ്പിക്കുന്നവരും ഇക്കൂട്ടത്തില്‍പ്പെടുന്നു. അവിടെ നിന്ന് സുരക്ഷാസേനയെ പിന്‍വലിച്ചതാണത്രേ ഭീകരവാദികള്‍ക്ക് തുണയായത്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് കശ്മീരില്‍ കര്‍ശനമായ സുരക്ഷ ഏര്‍പ്പെടുത്തിയപ്പോള്‍ പട്ടാള ഭരണമാണെന്നും, ജനങ്ങളുടെ സൈ്വര ജീവിതം തകര്‍ക്കുകയാണെന്നും മുറവിളികൂട്ടിയവരാണ് ഇപ്പോള്‍ സുരക്ഷാ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്നത്! ഭീകരമായ കാപട്യം എന്നല്ലാതെ എന്താണ് ഇതിനെ വിളിക്കുക? ഏതു സാഹചര്യത്തിലും ഭീകരവാദത്തെ അനുകൂലിക്കുന്ന രാജ്യവിരുദ്ധ മനോഭാവമാണിത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതാണ് പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് കാരണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി പറഞ്ഞിരിക്കുന്നത് രാജ്യദ്രോഹമാണ്. 2019 ലാണ് നരേന്ദ്ര മോദി സര്‍ക്കാര്‍ അത്യന്തം വിവേചനപരമായ ഈ വിവാദ വകുപ്പ് എടുത്തു കളഞ്ഞത്. സുപ്രീംകോടതിയും ഇത് ശരിവച്ചതാണ്. ഈ വകുപ്പ് പ്രാബല്യത്തിലിരുന്നപ്പോള്‍ കശ്മീരില്‍ ഭീകരാക്രമണം നിത്യസംഭവമായിരുന്നു. ഈ വകുപ്പ് നീക്കം ചെയ്ത ശേഷം ആറുവര്‍ഷത്തോളം കശ്മീര്‍ ശാന്തമാവുകയും, വികസനത്തിന്റെ പാതയിലേക്ക് വരികയും ചെയ്തു. ബഹുഭൂരിപക്ഷം കശ്മീരികളും ഇതില്‍ സംതൃപ്തരായിരുന്നു. ഈ സത്യം കാണാതെയാണ് കശ്മീരിനെ ഭാരതത്തില്‍ നിന്ന് അടര്‍ത്തി മാറ്റാന്‍ ശ്രമിക്കുന്ന പാകിസ്ഥാന്റെയും ഭീകരവാദികളുടെയും ഭാഷയില്‍ എം.എ. ബേബിയെപ്പോലുള്ളവര്‍ സംസാരിക്കുന്നത്. കശ്മീരില്‍ കൊലചെയ്യപ്പെട്ട മലയാളിയായ രാമചന്ദ്രന്റെ നിര്യാണത്തില്‍ അനുശോചിച്ചെങ്കിലും പഹല്‍ഗാം കൂട്ടക്കൊലയെ ശക്തമായി അപലപിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാവാത്തും കാണേണ്ടതുണ്ട്.

പഹല്‍ഗാമിലെ ആക്രമണത്തിന് പിന്നില്‍ ഭീകര സംഘടനയാണോ ഭാരതത്തിലെ തന്നെ സംഘടനയാണോയെന്ന് അന്വേഷിച്ച് കണ്ടെത്തണമെന്നും, അതിനു മുന്‍പ് ആരുടെയെങ്കിലും തലയില്‍ കെട്ടിവയ്‌ക്കേണ്ട കാര്യമില്ലെന്നുമാണ് കോണ്‍ഗ്രസ് നേതാവ് വി.ഡി. സതീശന്‍ പ്രതികരിച്ചത്. ഇതേ ലഷ്‌കര്‍ ഭീകരര്‍ മുംബൈ ആക്രമിച്ചപ്പോള്‍ അതിനു പിന്നില്‍ ഹിന്ദു തീവ്രവാദികളാണെന്ന് പ്രചരിപ്പിച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. പുല്‍വാമയില്‍ ഭാരത സൈനികരെ പാക് ഭീകരര്‍ കൂട്ടക്കൊല ചെയ്തപ്പോഴും അത് മോദി സര്‍ക്കാര്‍ ആസൂത്രണം ചെയ്തതാണെന്ന് പറയാന്‍ മടിക്കാത്ത രാജ്യദ്രോഹികള്‍ കോണ്‍ഗ്രസിലുണ്ട്. ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നയാളാണ് താനെന്ന് സതീശനും തെളിയിച്ചിരിക്കുകയാണ്.

സംഭവിച്ചത് സംഭവിച്ചു, ഇനി ഭിന്നിപ്പില്ലാതെ നോക്കണമെന്നാണ് സതീശന്റെ സാരോപദേശം. പഹല്‍ഗാമിലെ കൂട്ടക്കുരുതി വെറുതെയങ്ങ് സംഭവിക്കുകയായിരുന്നില്ല. അതിനു പിന്നില്‍ പാകിസ്ഥാനും, അവര്‍ തീറ്റിപ്പോറ്റുന്ന മതഭീകരവാദികളുമാണ്. ഇക്കൂട്ടരെ കണ്ടെത്തി ശിക്ഷിക്കേണ്ട എന്നാണോ സതീശന്റെയും കോണ്‍ഗ്രസിന്റെയും അഭിപ്രായം? കോണ്‍ഗ്രസില്‍ രാജ്യസ്‌നേഹികള്‍ ആരെങ്കിലും അവശേഷിക്കുന്നുണ്ടെങ്കില്‍ അവര്‍ക്കും ഈ അഭിപ്രായമാണോ?പഹല്‍ഗാം കൂട്ടക്കൊലയില്‍ സര്‍ക്കാരിനൊപ്പം നില്‍ക്കുകയാണെന്ന് പറയുന്ന കോണ്‍ഗ്രസിന്റെ വാക്കുകള്‍ക്ക് എന്ത് ആത്മാര്‍ത്ഥതയാണുള്ളത്?

മുസ്ലിം വോട്ടുബാങ്കിന്റെ ആനുകൂല്യം ലഭിക്കുന്നതിനു വേണ്ടി ദേശവിരുദ്ധമായി ചിന്തിക്കുകയും, അഭിപ്രായ പ്രകടനങ്ങള്‍ നടത്തുകയും ചെയ്യുന്നവരെ കരുതിയിരിക്കണം. ജനങ്ങള്‍ക്ക് മുന്‍പില്‍ അവരെ തുറന്നു കാട്ടണം.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by