Kerala

തൃശൂര്‍ പൂരം ന്യൂനതയില്ലാതെ നടത്തും, ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പൂരം കാണുവാന്‍ നടപടി- മന്ത്രി എ. കെ ശശീന്ദ്രന്‍

ഇത്തവണ പൂരത്തിന് വനം വകുപ്പിന്റെ ആര്‍.ആര്‍.ടി ടീമും രംഗത്ത് ഉണ്ടാകുമെന്നും സി.സി.എഫ്

Published by

തൃശൂര്‍: തൃശൂര്‍ പൂരം ന്യൂനതകളില്ലാതെ നടത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വനംവകുപ്പ് മന്ത്രി എ. കെ ശശീന്ദ്രന്‍ . തൃശൂര്‍ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ട്രേറ്റ് എക്സിക്യൂട്ടീവ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാതെ പൂരം കാണുവാന്‍ ഉള്ള സ്വകര്യമൊരുക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും.പൂരവുമായി ബന്ധപ്പെട്ട് ഉത്തരവുകള്‍ ജില്ലാ കളക്ടറുടെ അറിവോടെയും സമ്മതത്തോടെയും വേണം പുറപ്പെടുവിക്കാനെന്നും മന്ത്രി എ. കെ ശശീന്ദ്രന്‍ പറഞ്ഞു.

പൂരത്തിന്റെ സുരക്ഷ ഒരുക്കാന്‍ പൂരം കമ്മിറ്റിയും ആന ഉടമസ്ഥരും സഹകരിക്കണം. ദൈനദിനപ്രവര്‍ത്തനങ്ങള്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരീക്ഷിക്കണം. എറണാകുളം റീജിയണല്‍ സി.സി.എഫ് എല്ലാ ദിവസവും നടത്തിപ്പ് സംബന്ധിച്ച് റിപ്പോര്‍ട്ട് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നല്‍കണം.

ആന എഴുന്നെള്ളിപ്പുമായി ബന്ധപ്പെട്ട് ഉദാരമായ സമീപനം വനം വകുപ്പിന്റെ ഭാഗത്ത് നിന്ന് വേണമെന്ന് ഓണ്‍ലൈനായി യോഗത്തില്‍ പങ്കെടുത്ത റവന്യു മന്ത്രി കെ രാജന്‍ ആവശ്യപ്പെട്ടു. ചട്ടങ്ങളും നിയമങ്ങളും കാലാകാലങ്ങളില്‍ മാറിവരുന്നതിനാല്‍ ആനയുടമസ്ഥര്‍ ആനയെ വിട്ടുതരാന്‍ മടിക്കുന്ന സാഹചര്യമുണ്ട്. ആന പാപ്പാന്മാരുടെ വിവരങ്ങള്‍ പൊലീസിന് നല്‍കുന്നതില്‍ ആനയുടമകള്‍ക്ക് ബുദ്ധിമുട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ആന എഴുന്നെള്ളിപ്പിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങള്‍ വനം വകുപ്പ് എറണാകുളം സെന്‍ട്രല്‍ റീജിയണ്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇന്ദു വിജയന്‍ യോഗത്തില്‍ വിശദീകരിച്ചു. ഇത്തവണ പൂരത്തിന് വനം വകുപ്പിന്റെ ആര്‍.ആര്‍.ടി ടീമും രംഗത്ത് ഉണ്ടാകുമെന്നും സി.സി.എഫ് അറിയിച്ചു.

പൂരം ഭംഗിയായി നടത്തുവാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അറിയിച്ചു. പൂരവുമായി ബന്ധപ്പെട്ട ഏത് ആവശ്യങ്ങള്‍ക്കും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥന്‍ അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ആയിരിക്കും.

ഘടകപൂരങ്ങളുടെ യോഗം വിളിച്ച് ചേര്‍ത്ത് സമയക്രമം പാലിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു.

ആനകളുടെ പരിശോധനാ സമയം നീട്ടുവാന്‍ പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. ജില്ലാ മോണിറ്ററിംഗ് കമ്മിറ്റി ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് മന്ത്രി നിര്‍ദ്ദേശം നല്‍കി. ആവശ്യമെങ്കില്‍ അധിക സ്‌ക്വാഡിനെ നിയോഗിക്കുന്നതിനുള്ള സാധ്യത പരിശോധിക്കും.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by