India

സവർക്കറെ പോലെയുള്ള സ്വാതന്ത്ര്യ സേനാനികളെക്കുറിച്ച് എന്തും സംസാരിക്കാമെന്നാണോ , അതിന് നിങ്ങളെ അനുവദിക്കില്ല ; രാഹുലിന് സുപ്രീംകോടതിയുടെ ശകാരം

Published by

ന്യൂഡല്‍ഹി: വീര്‍ സവര്‍ക്കറിനെതിരേ ആക്ഷേപകരമായ പരാമര്‍ശം നടത്തിയെന്ന ആരോപണത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. സ്വാതന്ത്ര്യ സമര സേനാനികള്‍ക്കെതിരെ കോടതി അത്തരം പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും ആവര്‍ത്തിച്ചാല്‍ സ്വമേധയാ നടപടിയെടുക്കുമെന്നും സുപ്രീം കോടതി രാഹുലിന് മുന്നറിയിപ്പ് നല്‍കി.

നിങ്ങൾ സ്വാതന്ത്ര്യ സമര സേനാനികളോട് ഇങ്ങനെയാണോ നിങ്ങൾ പെരുമാറുന്നത്? നിരുത്തരവാദപരമായ ഒരു പ്രസ്താവനയും ഇനി നടത്താതിരിക്കട്ടെ,” ജസ്റ്റിസുമാരായ ദീപങ്കർ ദത്തയും മൻമോഹനും അടങ്ങിയ ബെഞ്ച് പറഞ്ഞു.

മഹാരാഷ്‌ട്രയിൽ സവർക്കർ ആരാധിക്കപ്പെടുന്നുവെന്നും ഒരു പാർട്ടിയുടെ രാഷ്‌ട്രീയ നേതാവായതിനാൽ രാഹുൽ ഗാന്ധി ഇത്തരം പ്രസ്താവനകൾ നടത്തരുതെന്നും കോടതി നിർദേശിച്ചു.

സവര്‍ക്കര്‍ ബ്രിട്ടീഷുകാരുടെ സേവകനാണെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനയോട് ജസ്റ്റിസ് ദത്ത എതിര്‍പ്പ് രേഖപ്പെടുത്തി. വൈസ്രോയിക്കുള്ള കത്തുകളില്‍ ‘നിങ്ങളുടെ വിശ്വസ്ത ദാസന്‍’ എന്ന പദം ഉപയോഗിച്ചതുകൊണ്ട് മഹാത്മാഗാന്ധിയെ ബ്രിട്ടീഷുകാരുടെ സേവകന്‍ എന്ന് വിളിക്കാമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.

വൈസ്രോയിയെ അഭിസംബോധന ചെയ്യുമ്പോള്‍ മഹാത്മാഗാന്ധി ‘നിങ്ങളുടെ വിശ്വസ്ത ദാസന്‍’ എന്ന് ഉപയോഗിച്ചിരുന്നതായി നിങ്ങളുടെ കക്ഷിക്ക് അറിയാമോ? പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ മുത്തശ്ശി (ഇന്ദിരാഗാന്ധി) സ്വാതന്ത്ര്യ സമര സേനാനിയായ മാന്യവ്യക്തിയെ(സവര്‍ക്കര്‍) പ്രശംസിച്ച് ഒരു കത്ത് അയച്ചിരുന്നുവെന്ന് നിങ്ങളുടെ കക്ഷിക്ക് അറിയാമോ?’ രാഹുലിനെ പ്രതിനിധീകരിച്ച മുതിര്‍ന്ന അഭിഭാഷകന്‍ എഎം സിങ്‌വിയോട് ജസ്റ്റിസ് ദത്ത ചോദിച്ചു.

സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് അദ്ദേഹം നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തരുത്. സ്വാതന്ത്ര്യ സമര സേനാനികളോട് പെരുമാറുന്ന രീതി ഇതല്ലെന്നും ജസ്റ്റിസ് ദത്ത പറഞ്ഞു.

‘ഞങ്ങള്‍ നിങ്ങള്‍ക്ക് സ്റ്റേ അനുവദിക്കും.. പക്ഷേ നിരുത്തരവാദപരമായ പ്രസ്താവനകള്‍ നടത്തുന്നതില്‍ നിന്ന് നിങ്ങളെ തടയും. കൂടുതല്‍ പ്രസ്താവനകള്‍ നടത്തിയാല്‍ ഞങ്ങള്‍ സ്വമേധയാ നടപടി സ്വീകരിക്കും, നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികളെക്കുറിച്ച് എന്തും സംസാരിക്കാന്‍ ഞങ്ങള്‍ നിങ്ങളെ അനുവദിക്കില്ല. അവര്‍ നമുക്ക് സ്വാതന്ത്ര്യം നല്‍കി, ഇങ്ങനെയാണോ നമ്മള്‍ അവരോട് പെരുമാറേണ്ടത്. ജസ്റ്റിസ് ദത്ത പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by