കൊച്ചി: പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട കൊച്ചി ഇടപ്പള്ളി സ്വദേശി രാമചന്ദ്രന്റെ ഭൗതികദേഹം സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം ഇടപ്പള്ളി പൊതു ശ്മശാനത്തില്‍ എത്തിക്കുകയായിരുന്നു. സഹപ്രവർത്തകർ ഗണഗീതം ചൊല്ലിക്കൊണ്ടാണ് രാമചന്ദ്രന് വിടനൽകിയത്.
വികാരനിർഭരമായ രംഗങ്ങൾക്കിടെ രാമചന്ദ്രന്റെ മൃതദേഹം വീട്ടിൽനിന്ന് പുറത്തേക്കെടുത്തപ്പോൾ വർഗീയതയ്‌ക്കും ഭീകരതയ്‌ക്കും എതിരായ മുദ്രാവാക്യം വിളികൾ ഉയർന്നു. “പരമ പവിത്രമതാമീ മണ്ണിൽ ഭാരതാംബയേ പൂജിക്കാൻ” എന്ന ഗണഗീതം ആലപിച്ചുകൊണ്ട് സ്വയം സേവകസംഘം രാമചന്ദ്രനെ യാത്രയച്ചത്. സീമാജാഗരൺ മഞ്ച് അഖില ഭാരതീയ സംയോജക് എ ഗോപാലകൃഷ്ണൻ കഴിഞ്ഞ ദിവസം രാമചന്ദ്രന്റെ കുടുംബത്തെ സന്ദർശിച്ചപ്പോഴാണ് ഗണഗീതം ചൊല്ലി തന്നെ യാത്രയാക്കണമെന്ന ഭർത്താവിന്റെ ആഗ്രഹത്തെ കുറിച്ച് ഭാര്യ ഷീല തുറന്നുപറഞ്ഞത്.
എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം രാവിലെ ഏഴരയോടെയാണ് പൊതുദർശനത്തിനായി ചങ്ങമ്പുഴ പാർക്കിലെത്തിച്ചത്. ചങ്ങമ്പുഴ പാര്‍ക്കില്‍ നടന്ന പൊതുദര്‍ശനത്തിൽ വിവിധ മേഖലകളിൽനിന്നുള്ള പ്രമുഖരടക്കം ആയിരങ്ങൾ അന്തിമോപചാരം അര്‍പ്പിച്ചു. പിന്നീട് പത്തരയോടെ മങ്ങാട്ടുറോഡിലെ വസതിയിലെത്തിച്ച മൃതദേഹം കാണാൻ നിരവധി പേർ ഒഴുകിയെത്തി. ശ്മശാനത്തിലേയ്‌ക്കുള്ള യാത്രയ്‌ക്കിടയിലും വഴിയരികിൽ നൂറുകണക്കിനുപേർ രാമചന്ദ്രന് വിടനൽകാൻ കാത്തുനിന്നു.
കേന്ദ്രമന്ത്രി സുരേഷ് ഗോപി, ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍, ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍, മന്ത്രിമാരായ പി. രാജീവ്, എ.കെ. ശശീന്ദ്രന്‍, പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, കൊച്ചി മേയര്‍ എം. അനില്‍കുമാര്‍, എറണാകുളം കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, നടന്‍ ജയസൂര്യ ഉള്‍പ്പെടെ നിരവധി പേര്‍ അന്തിമോപചാരമര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: