India

നടി കാദംബരിയെ പീഡിപ്പിച്ച കേസില്‍ മുന്‍ ഇന്റലിജന്‍സ് മേധാവിയുടെ കുരുക്കു മുറുകുന്നു, തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന് പുതിയ കേസ്

Published by

വിജയവാഡ: ഹിന്ദി നടി കാദംബരി ജെത്വാനിയെ അകാരണമായി അറസ്റ്റ് ചെയ്ത് പീഡിപ്പിച്ചകേസില്‍ അറസ്റ്റിലായ മുന്‍ ഇന്റലിജന്‍സ് മേധാവി പി സീതാരാമ ആഞ്ജനേയലുവിനെതിരെ മറ്റൊരു കേസും രജിസ്റ്റര്‍ ചെയ്തു. ഗവണ്‍മെന്റ് എംപ്ലോയീസ് അസോസിയേഷന്‍ പ്രസിഡന്റ് കെ ആര്‍ സൂര്യനാരായണയെ തോക്ക് കാട്ടി ഭീഷണിപ്പെടുത്തിയതിനാണ് പുതിയ കേസ്. മുന്‍ ആന്ധ്ര മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വിശ്വസ്തനായിരുന്നു ആഞ്ജനേയലു.

രേഖാമൂലമുള്ള നിര്‍ദ്ദേശങ്ങളോ മതിയായ തെളിവുകളോ ഇല്ലാതെ നടി കാദംബരി ജെത്വാനിയെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിട്ടതിന് സെപ്റ്റംബറില്‍ വിജയവാഡയിലെ മുന്‍ പോലീസ് കമ്മീഷണര്‍ ക്രാന്തി റാണ ടാറ്റ, മുന്‍ ഡെപ്യൂട്ടി കമ്മീഷണര്‍ വിശാല്‍ ഗുന്നി എന്നിവര്‍ക്കൊപ്പം ആഞ്ജനേയുലുവു സസ്പെന്‍ഷനിലായിരുന്നു.

സിനിമാ നിര്‍മ്മാതാവും ജഗന്‍ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി അംഗവുമായ കെവിആര്‍ വിദ്യാസാഗറിന്റെ പരാതിയെത്തുടര്‍ന്ന് 2024 ഫെബ്രുവരി 2 ന് മുംബൈയിലെ വസതിയില്‍ നിന്ന് നടിയെയും കുടുംബത്തെയും അറസ്റ്റ് ചെയ്യുകയായിരുന്നു. ജത്വാനിയ്‌ക്കും കുടുംബത്തിനുമെതിരെ വഞ്ചന, വ്യാജരേഖ ചമയ്‌ക്കല്‍, പിടിച്ചുപറി എന്നീ കുറ്റങ്ങള്‍ ചുമത്തി അന്ന് കേസെടുത്തിരുന്നു.

അതേസമയം വിദ്യാസാഗര്‍ പ്രണയത്തിന്റെ പേരില്‍ തന്നെ വഞ്ചിക്കുകയായിരുന്നെന്ന് നടി കാദംബരി ജെത്വാനി ആരോപിച്ചു. പൊലീസിന്‌റെ സഹായത്തോടെ വിദ്യാസാഗര്‍ തന്നെ ഒഴിവാക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നെന്നുമാണ് അവര്‍ പറഞ്ഞത്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക