ന്യൂദല്‍ഹി: പഹല്‍ഗാം ഭീകരാക്രമണ പശ്ചാത്തലത്തില്‍ പാകിസ്ഥാനെതിരേ കൂടുതല്‍ ശക്തമായ നടപടികള്‍ക്ക് ഭാരതം. ആഭ്യന്തര മന്ത്രി അമിത് ഷായും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറും രാഷ്ട്രപതി ഭവനിലെത്തി രാഷ്ട്രപതി ദ്രൗപദി മുര്‍മുവുമായി കൂടിക്കാഴ്ച നടത്തി. ആക്രമണത്തില്‍ പാകിസ്ഥാനുള്ള പങ്കിനെക്കുറിച്ചും ഭാരതം സ്വീകരിച്ച നയതന്ത്ര നടപടികളെപ്പറ്റിയും കേന്ദ്ര മന്ത്രിമാര്‍ രാഷ്ട്രപതിയെ ധരിപ്പിച്ചു. കരസേനാ മേധാവി ഇന്ന് ജമ്മുകശ്മീരിലെത്തും. പഹല്‍ഗാം സന്ദര്‍ശിച്ച് ഉന്നത സൈനിക ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തും.
പാകിസ്ഥാനിലെ ഭാരതീയരോട് വേഗം തിരികെ വരാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു. പാക് സര്‍ക്കാരിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ട് ഭാരതത്തില്‍ നിരോധിച്ചു.
പാര്‍ലമെന്റ് അനക്സില്‍ സര്‍വകക്ഷി യോഗം ചേര്‍ന്നു. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ആഭ്യന്തര മന്ത്രി അമിത് ഷാ, വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കര്‍, ധനകാര്യ മന്ത്രി നിര്‍മല സീതാരാമന്, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ, ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എംപി, മറ്റു കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ യോഗത്തിനെത്തി. കേന്ദ്രസര്‍ക്കാരിന്റെ നടപടികള്‍ക്ക് സര്‍വകക്ഷിയോഗം പിന്തുണ അറിയിച്ചു.
ആക്രമണത്തില്‍ പാകിസ്ഥാന്റെ പങ്കിനെക്കുറിച്ച് ഭാരതം വിവിധ രാജ്യങ്ങളുടെ നയതന്ത്ര പ്രതിനിധികളോട് വിശദീകരിച്ചു. അട്ടാരി, ഹുസൈനിവാല, സദ്കി എന്നിവിടങ്ങളിലെ റിട്രീറ്റ് ചടങ്ങ് കുറച്ചതായി ബിഎസ്എഫ് അറിയിച്ചു. ഇരുരാജ്യങ്ങളുടെയും ഗാര്‍ഡ് കമാന്‍ഡര്‍മാര്‍ തമ്മിലെ പ്രതീകാത്മക ഹസ്തദാനം താത്കാലികമായി നിര്‍ത്തി. ചടങ്ങിനിടെ ഗേറ്റ് അടയ്ക്കും.
സിന്ധു നദീജല കരാര്‍ മരവിപ്പിക്കലും പ്രതിരോധ ഉദ്യോഗസ്ഥരെ പുറത്താക്കിയതും ഉള്‍പ്പെടെ കര്‍ശന നടപടികളാണ് ബുധനാഴ്ച ഭാരതം സ്വീകരിച്ചത്. ബുധനാഴ്ച അര്‍ദ്ധരാത്രി പാകിസ്ഥാന് ഹൈക്കമ്മിഷനിലെ ഉന്നത ഉദ്യോഗസ്ഥനായ സാദ് അഹമ്മദ് വാറൈച്ചിനെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം തീരുമാനങ്ങള്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: