India

‘പാക് നടന്റെ സിനിമ ഇന്ത്യയില്‍ വേണ്ട’; ഫവാദ് ഖാന്‍ നായകനാകുന്ന ചിത്രം റിലീസ് ചെയ്യില്ലെന്ന് കേന്ദ്രസർക്കാർ

Published by

ന്യൂദൽഹി ; പാകിസ്ഥാൻ നടൻ ഫവാദ് ഖാൻ അഭിനയിച്ച ബോളിവുഡ് ചിത്രം അബിർ ഗുലാൽ ഇന്ത്യയിൽ റിലീസ് ചെയ്യില്ല. വാണി കപൂർ നായികയായി അഭിനയിക്കുന്ന ചിത്രം രാജ്യത്തെ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന് കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി. പഹൽഗാം ഭീകരാക്രമണത്തിന് ശേഷമാണ് തീരുമാനം

ഒന്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം ഫവാദ് ഖാന്‍ ബോളിവുഡിലേക്ക് മടങ്ങിവരുന്ന ചിത്രമാണ് ‘അബിര്‍ ഗുലാല്‍’. വാണി കപൂറാണ് ചിത്രത്തിലെ നായിക. ഖൂബ്‌സൂരത്ത് (2014), കപൂര്‍ ആന്‍ഡ് സണ്‍സ് (2016), യേ ദില്‍ ഹേ മുഷ്‌കില്‍ (2016) എന്നീ ബോളിവുഡ് ചിത്രങ്ങളില്‍ നേരത്തെ ഫവാദ് ഖാന്‍ അഭിനയിച്ചിരുന്നു.

2016-ലെ ഉറി ഭീകരാക്രമണത്തിന് ശേഷം ഇന്ത്യന്‍ മോഷന്‍ പിക്‌ചേഴ്‌സ് പ്രൊഡ്യൂസേഴ്‌സും ഓള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷനും പാക് അഭിനേതാക്കള്‍ ഇന്ത്യന്‍ സിനിമയില്‍ പ്രവര്‍ത്തിക്കുന്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ഓദ്യോഗികമായി വിലക്കേര്‍പ്പെടുത്താനുള്ള ഹര്‍ജി 2023-ല്‍ ബോംബെ ഹൈക്കോടതി തള്ളിയിരുന്നുവെങ്കിലും 2016 മുതല്‍ പാക് താരങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കുണ്ടെന്നാണ് ഇന്‍ഡസ്ട്രിക്ക് അകത്തുള്ളവര്‍ പറയുന്നത്.

‘അബിര്‍ ഗുലാലി’ന് ഇന്‍ഡസ്ട്രിക്ക് അകത്തുനിന്ന് നേരത്തെ തന്നെ എതിര്‍പ്പുണ്ടായിരുന്നെന്നാണ് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. പഹല്‍ഗാം ആക്രമണത്തോടെ ഇത് രൂക്ഷമായി. ഭീകരാക്രമണത്തെ അപലപിച്ച് ഫവാദ് ഖാന്‍ കഴിഞ്ഞദിവസം കുറിപ്പ് പങ്കുവെച്ചിരുന്നു. ചിത്രത്തിലെ രണ്ട് പാട്ടുകള്‍ നേരത്തെ പുറത്തിറങ്ങിയിരുന്നു. ഭീകരാക്രണത്തിന് പിന്നാലെ യൂട്യൂബ് ഇന്ത്യയില്‍നിന്ന് ഇരുപാട്ടുകളും അപ്രത്യക്ഷമായി.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by