Kerala

പേരൂര്‍ക്കട അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരി വിനീതയുടെ കൊലപാതകം; പ്രതി രാജേന്ദ്രന് വധശിക്ഷ, 8 ലക്ഷം രൂപ പിഴയും

Published by

തിരുവനന്തപുരം: പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായിരുന്ന നെടുമങ്ങാട് കരിപ്പൂര്‍ ചരുവിള കോണത്ത് സ്വദേശിനി  വിനീത(38)യെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി കന്യാകുമാരി തോവാള വെള്ളമഠം രാജീവ് നഗര്‍ സ്വദേശി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പ്രസൂണ്‍ മോഹനാണ് ശിക്ഷ വിധിച്ചത്. പ്രതി എട്ട് ലക്ഷം രൂപ പിഴയും അടയ്‌ക്കണം. ഇതിന് നാല് ലക്ഷം രൂപ കൊല്ലപ്പെട്ട വിനീതയുടെ മക്കൾക്ക് നൽകണം.

പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും യാതൊരു വിധ മാനസാന്തരമില്ലെന്നും പരമാവധി ശിക്ഷ തന്നെ ലഭിക്കണമെന്നും വ്യക്തമാക്കിക്കൊണ്ടാണ് കോടതി രാജേന്ദ്രനെ വധശിക്ഷയ്‌ക്ക് വിധിച്ചത്. വിനീത അണിഞ്ഞിരുന്ന നാലര പവന്റെ സ്വര്‍ണമാല കവരുന്നതിനായിരുന്നു കൊലപാതകം.

സമ്പൂര്‍ണ കോവിഡ് നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്ന ദിവസം ചെടികള്‍ നനയ്‌ക്കുന്നതിനാണ് സുനിത കടയിലെത്തിയത്.  ദൃക്‌സാക്ഷികള്‍ ഇല്ലാതിരുന്ന കേസില്‍ സാഹചര്യ തെളിവുകളെ മാത്രം ആശ്രയിച്ച പ്രോസിക്യൂഷന്‍ 118 സാക്ഷികളില്‍ 96 പേരെ സാക്ഷികളായി വിസ്തരിച്ചു. പ്രതിയുടെ സഞ്ചാരപഥം വ്യക്തമാക്കുന്നതിന് സി.സി.ടി.വി. ദൃശ്യങ്ങള്‍ അടങ്ങിയ 12 പെന്‍ഡ്രൈവ്, ഏഴ് ഡി.വി.ഡി. എന്നിവയും 222 രേഖകളും പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി.

2022 ഫെബ്രുവരി ആറിന് പകല്‍ 11.50-നാണ് ചെടി വാങ്ങാന്‍ എന്ന വ്യാജേന എത്തി പ്രതി കൊലപാതകം നടത്തിയത്. കൊല്ലപ്പെടുന്നതിന് ഒന്‍പതു മാസം മുന്‍പാണ് വിനീത ഇവിടെ ജോലിക്കെത്തിയത്. ഹൃദ്രോഗബാധിതനായ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്ന് രണ്ടു മക്കളെ പോറ്റുന്നതിനാണ് അലങ്കാരച്ചെടി വില്‍പ്പനശാലയിലെ ജീവനക്കാരിയായത്.

ഓണ്‍ലൈന്‍ സ്‌റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിച്ചിരുന്ന രാജേന്ദ്രന്‍ പണത്തിന് ആവശ്യം വരുമ്പോള്‍ കൊലപാതകങ്ങള്‍ നടത്തുകയായിരുന്നു രീതി. നേരത്തേ തമിഴ്‌നാട് വെള്ളമഠം സ്വദേശി കസ്റ്റംസ് ഓഫിസര്‍ സുബ്ബയ്യന്‍, ഭാര്യ വാസന്തി, ഇവരുടെ 13കാരിയായ വളര്‍ത്തു മകള്‍ അഭിശ്രീ എന്നിവരെ സമാനരീതിയില്‍ കൊലപ്പെടുത്തി സ്വര്‍ണവും പണവും കവര്‍ന്നിരുന്നു. ഈ കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷം ഹോട്ടല്‍ തൊഴിലാളിയായി പേരൂര്‍ക്കടയിലെത്തിയ രാജേന്ദ്രന്‍ അമ്പലമുക്കിലെ കടയിലെ ജീവനക്കാരി വിനീതയെ കൊലപ്പെടുത്തുകയായിരുന്നു.

പ്രതി എത്തുന്നതും സംഭവസ്ഥലത്തുനിന്ന് മടങ്ങിപ്പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പ്രോസിക്യൂഷന്‍ കോടതിയില്‍ ഹാജരാക്കി, പ്രതിയുടെ കൊലപാതകത്തിലെ പങ്ക് വ്യക്തമാക്കി. തമിഴ്‌നാട്ടിലെ ഫോറന്‍സിക് വിദഗ്ധരെയും പോലീസ് ഉദ്യോഗസ്ഥരെയും കോടതിയില്‍ സാക്ഷികളായി വിസ്തരിച്ചു.

വിനീതയെ കൊലപ്പെടുത്തിയ ശേഷം തമിഴ്‌നാട്ടിലെ കാവല്‍കിണറിനു സമീപമുളള ലോഡ്ജില്‍ ഒളിവില്‍ താമസിച്ചിരുന്ന പ്രതിയെ പേരുര്‍ക്കട സിഐ വി.സജികുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു. സമീപത്തെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പ്രതി പണയം വച്ചിരുന്ന വിനീതയുടെ സ്വര്‍ണമാല പോലീസ് കണ്ടെടുത്തിരുന്നു.

പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീന്‍ ഹാജരായി.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by