ഓരോ രാജ്യത്തെയും ഓപ്പണ്‍ ഡോറിന്റെ പങ്കാളികള്‍ നടത്തുന്ന നൂറ് ചോദ്യങ്ങളടങ്ങുന്നൊരു സര്‍വേയിലൂടെയാണ് അവര്‍ ഡാറ്റ ശേഖരണം നടത്തുന്നത്. ഇത് പുറമെ നിന്നുള്ള വിദഗ്ധര്‍ പരിശോധിക്കുകയും സ്വതന്ത്രമായി ഓഡിറ്റ് ചെയ്യുന്നുവെന്നും റിപ്പോര്‍ട്ട് അവകാശപ്പെടുന്നു. അക്രമങ്ങള്‍ നേരിട്ട ക്രൈസ്തവ വിഭാഗങ്ങളുടെ എണ്ണം, അതിന്റെ തീവ്രത, ആവൃത്തി എന്നിവയുടെ അനുപാതം തുടങ്ങിയവ അടിസ്ഥാനമാക്കി 16 പോയിന്റുകളില്‍ നിന്നാണ് ഓരോ ചോദ്യത്തിനും സ്‌കോര്‍ നല്‍കുന്നത്. അന്തിമ സ്‌കോര്‍ 100-ല്‍ കണക്കാക്കി ഒരു രാജ്യത്തെ പീഡനത്തിന്റെ തോത് നിര്‍ണ്ണയിക്കുന്നു. ഓരോ ചോദ്യത്തിനും നല്‍കുന്ന റാങ്കിങ്ങുകള്‍, ഉയര്‍ന്നത്, വളരെ ഉയര്‍ന്നത്, തീവ്രം എന്നിങ്ങനെയാണ് .
തെറ്റായ കണക്കുകളും പൊരുത്തക്കേടുകളും
റിപ്പോര്‍ട്ട് പരിശോധിക്കുമ്പോള്‍ തെറ്റുകളും ക്രമേക്കേടുകളുമുള്ളതായി മനസിലാക്കാം. ഉദാഹരണത്തിന് ഓപ്പണ്‍ ഡോര്‍സിന്റെ 2023 ലെ ‘വേള്‍ഡ് വാച്ച് ലിസ്റ്റ്’ പ്രകാരം ഭാരതത്തിലെ മൊത്തം ജനസംഖ്യ 140 കോടിയും ക്രിസ്ത്യന്‍ ജനസംഖ്യ 6.9 കോടിയുമാണ്. ഡാറ്റ അനുസരിച്ച്, ഭാരതത്തിലെ ക്രിസ്ത്യന്‍ ജനസംഖ്യ 4.94% ആണ്. എന്നാല്‍ വസ്തുതകള്‍ എന്താണ് പറയുന്നത്?. 2011 ലെ സെന്‍സസ് പ്രകാരം രാജ്യത്തെ ക്രൈസ്തവ ജനസംഖ്യ 2.3% ആയിരുന്നു. അതേസമയം രാജ്യത്തെ മൊത്തം ജനസംഖ്യ 121കോടിയായിരുന്നു. അതായത് അന്ന് ക്രിസ്ത്യന്‍ ജനസംഖ്യ ഏകദേശം 2.78 കോടിയായിരുന്നു. റിപ്പോര്‍ട്ട് പ്രകാരം ഈ ജനസംഖ്യ 2022ല്‍ 50% വര്‍ദ്ധിച്ചവെന്ന് കണക്കിലെടുത്താല്‍ പോലും ആകെ എണ്ണം ഇപ്പോഴും കൂടുതലല്ലേ എന്ന സംശയമാണുയരുക. റിപ്പോര്‍ട്ട് പ്രകാരം ഒരു മത സമുദായത്തിന്റെ മാത്രമല്ല രാജ്യത്തെ മൊത്തം ജനസംഖ്യയില്‍ പോലും 20% (2011, 2022 ഇടയില്‍ 16.23%) വര്‍ദ്ധിച്ചിട്ടില്ലെന്ന് കാണാം. ഇത്തരത്തില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാന ഘടകമായ ജനസംഖ്യ കണക്കുകളില്‍ പോലും ക്രമക്കേടുണ്ട്.
റിപ്പോര്‍ട്ടില്‍ മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയ റാങ്കിങ്ങിലും നിരവധി പൊരുത്തക്കേടുകളുണ്ട്. കൂടുതല്‍ അതിക്രമങ്ങളുള്ള രാജ്യങ്ങള്‍ കുറഞ്ഞ നിരക്കുള്ള രാജ്യങ്ങളെക്കാള്‍ താഴ്ന്ന റാങ്കിലാണ്. പാകിസ്ഥാന്റെയും സുഡാന്റെയും ഉദാഹരണങ്ങള്‍ തന്നെയെടുക്കാം. പട്ടിക പ്രകാരം, പാകിസ്ഥാനിലെ അക്രമ നിരക്ക് 0.01% ആണ്. സുഡാനിലിത് 0.012% ആണ്. എന്നാല്‍ റിപ്പോര്‍ട്ടില്‍ സുഡാന്‍ പത്താം സ്ഥാനത്തും പാകിസ്ഥാന്‍ ഏഴാം സ്ഥാനത്തുമാണ്. സിറിയയും മ്യാന്‍മറുമാണ് മറ്റ് രണ്ടു ഉദാഹരണങ്ങള്‍. സിറിയയുടെ അക്രമ നിരക്ക് 0.058% വും മ്യാന്‍മറിന്റേത് 2.54% മാണ്. എന്നാല്‍ സിറിയയുടെ റാങ്ക് 12 ഉം മ്യാന്‍മറിന്റേത് 14 ഉം ആണ്. ഓപ്പണ്‍ ഡോറിന്റെ ഡാറ്റ ശേഖരണത്തിന്റെയും റാങ്കിങ്ങിന്റെയും രീതിശാസ്ത്രം എത്രത്തോളം പിഴവുള്ളതാണെന്ന് ഇത് വ്യക്തമാക്കുന്നു.
തീവ്ര മതംമാറ്റ സുവിശേഷകരുടെ ഇടപെടല്‍
ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണല്‍ ശേഖരിച്ച വിവരങ്ങള്‍ വിശകലനം ചെയ്തിരിക്കുന്നത് 2007 ല്‍ സ്ഥാപിതമായ ‘ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ റിലീജിയസ് ഫ്രീഡ’ (ഐഐആര്‍എഫ്) മാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. എല്ലാ മതങ്ങളുടെയും സ്വാതന്ത്ര്യം ഉറപ്പാക്കാന്‍ ലക്ഷ്യമിടുന്ന ഗവേഷകരുടെയും വിദഗ്ധരുടെയും ശൃംഖലയാണെന്നാണ് ഈ സ്ഥാപനം സ്വയം അവകാശപ്പെടുന്നതെങ്കിലും അതിലെ അംഗങ്ങളില്‍ നിരവധി സജീവ മതംമാറ്റ സുവിശേഷകരുണ്ട്. ഉദാഹരണത്തിന് ഇതിന്റെ എക്‌സിക്യൂട്ടീവ് എഡിറ്ററായുള്ള ഡോ. ജാനറ്റ് എപ്പ് ബക്കിങ്ഹാം മുന്‍പ് ‘ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് കാനഡ’യുടെ ലീഗല്‍ കോണ്‍സലായിരുന്നു. വെബ്‌സൈറ്റ് നല്‍കുന്ന വിവരങ്ങള്‍ പ്രകാരം ഐഐആര്‍എഫിന്റെ സീനിയര്‍ റിസര്‍ച്ച് ഫെല്ലോ റൊണാള്‍ഡ് ബോയ്ഡ്-മാക്മില്ലലാണ്. കിഴക്കന്‍ യൂറോപ്പില്‍ ശീതയുദ്ധക്കാലത്ത് അദ്ദേഹം ബൈബിള്‍ കള്ളക്കടത്ത് നടത്തുകയും, ഇംഗ്ലണ്ടിലെ ബ്രിസ്റ്റലില്‍ പാസ്റ്ററായും ഹോങ്കോങ്ങില്‍ പത്രപ്രവര്‍ത്തകനായും, ചൈനയില്‍ രഹസ്യ സുവിശേഷ പ്രസംഗകരുടെ പരിശീലകനായും പാകിസ്ഥാനില്‍ ദൈവശാസ്ത്ര പ്രൊഫസറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഐഐആര്‍എഫിന്റെ പ്രസിഡന്റ് ഡോ.മുള്‍ട്ട് തോമസ് പോളും അതിന്റെ യൂറോപ്യന്‍ പ്രതിനിധിയായ എയറി-ഡി-പാറ്ററും ‘വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സ്’ ന്റെ ഭാഗമാണ്. അതുകൊണ്ടു തന്നെ തീവ്ര സുവിശേഷകരായ ഇവര്‍ പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ഓപ്പണ്‍ ഡോറിന്റെ റിപ്പോര്‍ട്ടുകള്‍ എത്രത്തോളം നിഷ്പക്ഷമാകുമെന്ന് ഊഹിക്കാം.
ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ
ഓപ്പണ്‍ ഡോര്‍സ് തയ്യാറാക്കിയ റിപ്പോര്‍ട്ടിനാവശ്യമായ വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത് വിവിധ സംഘടനകളുടെ റിപ്പോര്‍ട്ടുകളും വാര്‍ത്താ ലേഖനങ്ങളുമുള്‍പ്പെടെയുള്ളവയെ അടിസ്ഥാനമാക്കിയാണ്. ഉദാഹരണത്തിന് അവയിലൊന്നായ ‘ഇവാഞ്ചലിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്ത്യ’ (ഇഎഫ്‌ഐ) ആഗോള സുവിശേഷ ശൃംഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ 65,000 ത്തിലധികം സുവിശേഷ സഭകളുടെ കൂട്ടായ്മയായ ഇത് ‘വേള്‍ഡ് ഇവാഞ്ചലിക്കല്‍ അലയന്‍സി’ലെ അംഗം കൂടിയാണ്. 1951ല്‍ സ്ഥാപിതമായ ഇഎഫ്‌ഐ ഭാരതത്തിലെ സുവിശേഷ ക്രിസ്ത്യാനികള്‍ക്കിടയില്‍ സഹകരണവും കൂട്ടായ്മയും സുവിശേഷ സന്ദേശം പ്രചരിപ്പിക്കുന്നതിനും വേണ്ടിയുള്ളതാണെന്നാണ് അവകാശപ്പെടുന്നത്.
അതേസമയം ഇഎഫ്‌ഐയുടെ സെക്രട്ടറി ജനറല്‍ റെവ. വിജയേഷ് ലാല്‍ ആണ്. അദ്ദേഹത്തിന്റെ സ്വന്തം ബ്ലോഗില്‍ പറയും പ്രകാരം 1999 -ല്‍ ഭാരതത്തിലെ ‘ഓപ്പണ്‍ ഡോര്‍സ് ഇന്റര്‍നാഷണലി’ന്റെ (ഒഡിഐ) ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രതിനിധിയായിരുന്ന അദ്ദേഹം 2013 ഡിസംബര്‍ വരെ അതിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി സേവനമനുഷ്ഠിച്ചു. ചുരുക്കത്തില്‍ പരസ്പര ബന്ധിതമായ ഇഎഫ്‌ഐയും ഓപ്പണ്‍ ഡോര്‍ ഇന്റര്‍നാഷണലും ചേര്‍ന്നുണ്ടാക്കുന്ന വ്യാജ വിവരങ്ങളാണ് ഭാരതത്തെ മോശമാക്കി ചിത്രീകരിക്കാന്‍ ലോകമെമ്പാടും ഉപയോഗിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ വിശകലനം ചെയ്യുമ്പോള്‍ അത് വിശ്വസനീയമല്ലയെന്ന് കൂടി വ്യക്തമാവും. ‘ഹേറ്റ് ആന്‍ഡ് ടാര്‍ഗറ്റഡ് വയലന്റ് എഗൈന്‍സ്റ്റ് ക്രിസ്ത്യന്‍സ് ഇന്‍ ഇന്ത്യ’ അഥവാ ‘ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്കെതിരായ വെറുപ്പും ലക്ഷ്യമാക്കിയ അക്രമവു’മെന്ന തലക്കെട്ടിലുള്ള ഇഎഫ്‌ഐയുടെ 2021 റിപ്പോര്‍ട്ട് തന്നെ ഇതിനുദാഹരണമാണ്. ഗ്രാഫുകളും, ചാര്‍ട്ടുകളും നിരവധി, സ്ഥിതിവിവരക്കണക്കുകളും ഉപയോഗിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നതെങ്കിലും നല്‍കിയിരിക്കുന്ന ഡാറ്റയെക്കുറിച്ചുള്ള ഒരു റഫറന്‍സോ അവ എങ്ങനെ വേര്‍തിരിച്ചെടുത്തുവെന്നതിനെക്കുറിച്ചുള്ള രീതിശാസ്ത്രമോ വ്യക്തമാക്കുന്നില്ല. നിരവധി ചിത്രങ്ങള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും അത് ഏത് സംഭവമെന്നോ എവിടെയാണെന്നോ സമയമോ തീയതിയോ സൂചിപ്പിക്കുന്നില്ല. എന്നാല്‍ അതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന എല്ലാ കേസുകളും തെറ്റാണെന്ന് കരുതാനാവില്ല. അതില്‍ പലതിനും ഉറവിടമില്ല. പലതും ഓണ്‍ലൈനില്‍ തിരിഞ്ഞാല്‍ ലഭിക്കാത്തതുമാണ്.
(ന്യൂദല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനാണ് ലേഖകന്‍)
നാളെ: ഫിയാക്കോണയെന്ന വില്ലനും ബുദ്ധി കേന്ദ്രങ്ങളും
പ്രതികരിക്കാൻ ഇവിടെ എഴുതുക: