ശ്രീനഗർ ; പഹൽഗാം ഭീകരാക്രമണത്തിൽ ഭീകരവാദികളെ കുറിച്ച് വിവരം നൽകുന്നവർക്ക് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് പൊലീസ്. നേരത്തെ സൈന്യം പുറത്തുവിട്ട രേഖാചിത്രങ്ങളിലെ മൂന്നു പേരെ തിരിച്ചറിഞ്ഞിരുന്നു. ഇതുവരെ 1500 പേരെ ചോദ്യം ചെയ്തതായാണ് റിപ്പോർട്ടുകൾ. വെടിവയ്‌പ്പ് നടത്തിയ ആസിഫ് ഫൗജി മുൻ പാക്ക് സൈനികനാണെന്നാണ് റിപ്പോർട്ടുകൾ. ഇയാളെ കൂടാതെ സുലൈമാൻ ഷാ, അബു തൽഹ എന്നിവരും ആക്രമണത്തിൽ പങ്കാളികളാണെന്നാണ് റിപ്പോർട്ടുകൾ.
അതേസമയം പഹൽഗാം ഭീകരാക്രമണ വാർത്ത എത്തിയതോടെ, ഇന്ത്യയുടെ പ്രത്യാക്രമണം ഭയന്ന് വ്യോമസേനയെ അതീവ ജാഗ്രതയിലാക്കിയിരിക്കുകയാണ് പാകിസ്ഥാൻ . മുമ്പ് നരേന്ദ്രമോദി സർക്കാർ പാകിസ്ഥാനെതിരെ രണ്ട് വലിയ സർജിക്കൽ സ്‌ട്രൈക്കുകൾ നടത്തിയിരുന്നു . 2016ൽ പാക് അധീന കശ്മീരിലെയും 2019ൽ ബാലാകോട്ടിലെയും തീവ്രവാദ ലോഞ്ച്പാഡുകൾക്കെതിരെയാണ് സർജ്ജിക്കൽ സ്ട്രൈക്ക് നടന്നത് . പഹൽഗാം ഭീകരാക്രമണത്തിന് പകരം വീട്ടാൻ ഇന്ത്യ ഒരുങ്ങുന്നുവെന്ന് സൂചനകൾ ലഭിച്ചതോടെ അതിർത്തി ഗ്രാമങ്ങൾ ഒഴിപ്പിക്കാൻ പാകിസ്ഥാൻ തങ്ങളുടെ ജെറ്റ് വിമാനങ്ങൾ സജ്ജരാക്കി കഴിഞ്ഞു.
സൈന്യവും, ഐഎസ്ഐയും അതീവജാഗ്രതയിലാണെന്നും റിപ്പോർട്ടുണ്ട് . അതേസമയം, ജമ്മു കശ്മീരിലെ പഹൽഗാമിൽ 27 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തുന്നതായി പാകിസ്ഥാൻ അറിയിച്ചു. അനന്ത്‌നാഗ് ജില്ലയിലുണ്ടായ ആക്രമണത്തിൽ വിനോദസഞ്ചാരികളുടെ ജീവൻ നഷ്ടപ്പെട്ടതിൽ ഞങ്ങൾ ആശങ്കാകുലരാണ്. മരിച്ചവരുടെ അടുത്തവരോട് ഞങ്ങൾ അനുശോചനം അറിയിക്കുന്നു, പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുന്നു,” എന്നാണ് പാകിസ്ഥാന്റെ കുറിപ്പ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: