Kerala

ചരിത്രം കുറിച്ച് ഖാദി-ഗ്രാമ വ്യവസായമേഖല; നാഴികക്കല്ലായി 1.70 ലക്ഷം കോടി രൂപയുടെ വിറ്റുവരവ്

Published by

തിരുവനന്തപുരം: 2024-25 സാമ്പത്തിക വർഷത്തിൽ ചരിത്രനേട്ടത്തിൽ ഖാദി-ഗ്രാമ വ്യവസായ കമ്മീഷൻ (കെവിഐസി). 1.70 ലക്ഷം കോടിരൂപയുടെ വിറ്റുവരവാണ് ഈ കാലയളവിൽ രേഖപ്പെടുത്തിയത്. സ്വയംപര്യാപ്തതയിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തിലെ അഭൂതപൂർവമായ നാഴികക്കല്ലാണിത്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭ (എംഎസ്എംഇ) മന്ത്രാലയത്തിന്റെ മാർഗനിർദേശവും ദശലക്ഷക്കണക്കിനു ഗ്രാമീണ കരകൗശല വിദഗ്ധരുടെ കഠിനാധ്വാനവുമാണ് ഈ വിജയത്തിനു പിന്നിലെന്നു കെവിഐസി ചെയർമാൻ മനോജ് കുമാർ പറഞ്ഞു. ന്യൂദൽഹിയിലെ രാജ്ഘാട്ട് ഓഫീസിൽ ഇതുമായി ബന്ധപ്പെട്ട താൽക്കാലിക കണക്കുകളും അദ്ദേഹം പുറത്തിറക്കി. മഹാത്മാഗാന്ധിയുടെ ഖാദിയുടെ പൈതൃകം ദേശീയ ഐക്യത്തിന്റെ കരുത്തുറ്റ പ്രതീകമായി പരിണമിച്ചുവെന്നും 2047ൽ വികസിത രാഷ്‌ട്രമാകാനുള്ള ഇന്ത്യയുടെ കുതിപ്പിന് ഇതു ഗണ്യമായ സംഭാവനയേകുമെന്നും മനോജ് കുമാർ പറഞ്ഞു.

കഴിഞ്ഞ 11 വർഷത്തിനിടെയുണ്ടായതു ശ്രദ്ധേയമായ പുരോഗതി

കഴിഞ്ഞ ദശകത്തിൽ, ഉൽപ്പാദനത്തിലും വിൽപ്പനയിലും കെവിഐസി അസാധാരണ വളർച്ചയാണു കൈവരിച്ചത്. ഉൽപ്പാദനം 2013-14ലെ ₹26,109.07 കോടിയിൽനിന്ന് 2024-25ൽ ₹1,16,599.75 കോടിയെന്ന നിലയിൽ (347% വർധന) ഏകദേശം നാലിരട്ടിയായി വർദ്ധിച്ചു. വിൽപ്പന 2013-14ലെ ₹31,154.19 കോടിയിൽനിന്ന് ഏകദേശം അഞ്ചിരട്ടിയായി വർദ്ധിച്ച് 2024-25ൽ ₹1,70,551.37 കോടിയായി (447% വർദ്ധന). തൊഴിലവസരങ്ങളിലുണ്ടായത് 49.23% വർദ്ധനയാണ്. ഇപ്പോൾ 1.94 കോടി പേർക്കാണ് ഈ മേഖലയിൽ തൊഴിൽ നൽകുന്നത്. 2013-14ൽ ഇത് 1.30 കോടിയായിരുന്നു.

2024-25 ലെ പ്രധാന നേട്ടങ്ങൾ

ഖാദി വസ്ത്രങ്ങളിൽ റെക്കോർഡ് വിൽപ്പനയാണ് ഈ കാലയളവിലുണ്ടായത്. ഉൽപ്പാദനം 366% വർദ്ധിച്ച് ₹3,783.36 കോടിയിലെത്തി. വിൽപ്പന ആറുമടങ്ങു വർദ്ധിച്ച് ₹7,145.61 കോടിയായി. ന്യൂഡൽഹി ഖാദി ഗ്രാമോദ്യോഗ് ഭവന്റെ വിറ്റുവരവ് ₹110.01 കോടിയിലെത്തി. 2013-14 കാലയളവിനെ അപേക്ഷിച്ച് ഇത് ഇരട്ടിയാണ്. പിഎം തൊഴിൽ സൃഷ്ടിക്കൽ പരിപാടിക്കു (PMEGP) കീഴിൽ സ്ഥാപിക്കപ്പെട്ട 10 ലക്ഷത്തിലധികം യൂണിറ്റുകൾ 90 ലക്ഷം പേർക്കു തൊഴിൽ നൽകി.

ഗ്രാമോദ്യോഗ് വികാസ് യോജന

ഗ്രാമോദ്യോഗ് വികാസ് യോജന പദ്ധതിപ്രകാരം ഗ്രാമപ്രദേശങ്ങളിലെ പരമാവധി പേർക്കു തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ, 2025-26ൽ ഗ്രാമീണ തൊഴിൽ സംരംഭങ്ങൾക്കുള്ള ബജറ്റ് വിഹിതം കെവിഐസി ₹60 കോടിയെന്ന നിലയിൽ ഇരട്ടിയാക്കി. ഇതു സുപ്രധാന നാഴികക്കല്ലുകൾ കൈവരിക്കാൻ സഹായിച്ചു. 2021-22 സാമ്പത്തിക വർഷത്തിൽ ഇത് 25.65 കോടി രൂപയായിരുന്നു. വൈദ്യുതിയിൽ പ്രവർത്തിക്കുന്ന മൺപാത്രചക്രങ്ങൾ, തയ്യൽ മെഷീനുകൾ, തേനീച്ചപ്പെട്ടികൾ, ചന്ദനത്തിരി യന്ത്രങ്ങൾ എന്നിവയുൾപ്പെടെ 2,87,752 ഉപകരണങ്ങൾ വിതരണം ചെയ്തു. പരിശീലനത്തിലൂടെയും ഉപകരണ വിഹിതത്തിലൂടെയും ഗ്രാമീണ ഇന്ത്യയിൽ സ്വയംപര്യാപ്തത വർദ്ധിപ്പിച്ചു.

​സ്ത്രീശാക്തീകരണം

വനിതാ കരകൗശല വിദഗ്ധരെ ശാക്തീകരിക്കുന്നതിൽ കെവിഐസി ഗണ്യമായ പുരോഗതി കൈവരിച്ചു. കഴിഞ്ഞ ദശകത്തിലെ 7.43 ലക്ഷം പരിശീലനാർത്ഥികളിൽ 57.45 ശതമാനവും സ്ത്രീകളാണ്. അഞ്ചുലക്ഷം ഖാദി കരകൗശല വിദഗ്ധരിൽ 80% പേരും സ്ത്രീകളാണ്. കഴിഞ്ഞ 11 വർഷത്തിനിടെ കരകൗശലത്തൊഴിലാളികളുടെ വേതനം 275% വർദ്ധിച്ചു. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ മാത്രം 100% വർദ്ധനയാണുണ്ടായത്.

ദേശീയ വളർച്ചയെ മുന്നോട്ടു നയിക്കൽ

രാജ്യത്തിന്റെ സാമ്പത്തിക അഭിലാഷങ്ങൾ സാക്ഷാത്കരിക്കുന്നതിലും രാജ്യത്തെ മൂന്നാമത്തെ വലിയ ആഗോള സമ്പദ്‌വ്യവസ്ഥയാക്കുന്നതിലും കെവിഐസിയുടെ നേട്ടങ്ങൾ നിർണായകമാണെന്ന് ശ്രീ മനോജ് കുമാർ പറഞ്ഞു. ഗ്രാമവികസനം, കരകൗശലത്തൊഴിലാളികൾക്കു സാമ്പത്തിക അവസരങ്ങൾ സൃഷ്ടിക്കൽ, സ്വയംപര്യാപ്തത കൈവരിക്കൽ, സുസ്ഥിര വളർച്ചയെ നയിക്കൽ എന്നി‌വയുടെ അടിത്തറയായി കെവിഐസി തുടർന്നും പ്രവർത്തിക്കും. പരിവർത്തനത്തിന്റെ ഘടകമായും ‘ഏകഭാരതം ശ്രേഷ്ഠഭാരതം’ എന്നതിന്റെ സ്തംഭമായും നിലകൊള്ളുന്ന ഖാദിയുടെ പാരമ്പര്യത്തിന് ഈ നേട്ടങ്ങൾ കരുത്തുപകരുന്നുവെന്നും മനോജ് കുമാർ പറഞ്ഞു.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by