പാറശ്ശാല: അതിര്‍ത്തി പഞ്ചായത്തുകളില്‍ പകര്‍ച്ചവ്യാധികള്‍ പടരുന്നു. പനിയും മഞ്ഞപ്പിത്തവും ഡെങ്കിയും ബാധിച്ച് ആരോഗ്യ കേന്ദ്രങ്ങളിലെത്തുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. മിക്ക പഞ്ചായത്തുകളിലും മഴക്കാല ശുചീകരണം തുടങ്ങിയിട്ടില്ല. വൈറല്‍ പനി ബാധിതരുടെ എണ്ണവും കൂടുന്നു. മഴ തുടങ്ങുന്നതിനു മുമ്പു തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തിയിരുന്ന ഇടങ്ങളില്‍ പ്രവൃത്തികള്‍ തുടങ്ങിയിട്ടില്ല. പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ വാര്‍ഡ് തലങ്ങളില്‍ തുടങ്ങേണ്ട പണികള്‍ മഴയ്‌ക്ക് മുമ്പ് തുടങ്ങുകയാണ് പതിവ് എന്നാല്‍ ഇത്തവണ ഇതുവരെയും ശുചീകരണം തുടങ്ങിയില്ല. ചില പഞ്ചായത്തുകളില്‍ വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെങ്കിലും സമഗ്രമായ കമ്മറ്റികള്‍ കൂടിയുള്ള പ്രവൃത്തികള്‍ക്ക് തുടക്കമായില്ല.
വെള്ളറടയിലെ മുട്ടയ്‌ക്കോട് കോളനിയില്‍ രണ്ടുപേര്‍ക്ക് ഡെങ്കിപ്പനി ദിവസങ്ങള്‍ക്ക് മുന്‍പ് സ്ഥിരീകരിച്ചിരുന്നു. പാറശ്ശാലയിലും കുന്നത്തുകാലിലും റോഡ് നിര്‍മ്മാണം നടക്കുന്ന സ്ഥലങ്ങളിലുള്‍പ്പെടെ മാലിന്യങ്ങള്‍ നീക്കം ചെയ്യാതെയും ഓടകളിലെ ചെളി കോരിമാറ്റാതെയും കിടക്കുകയാണ്. ഓടകളിലും റോഡിലും മലിനജലം കെട്ടിക്കിടക്കുന്നത് കൊതുക് ശല്യം കൂടുന്നതിനും പകര്‍ച്ച വ്യാധി വ്യാപനത്തിനും കാരണമാകുന്നു. മഴക്കാല പൂര്‍വശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ ഗ്രാമപഞ്ചായത്തുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഗ്രാമ പഞ്ചായത്തുകളുടെ തനത് ഫണ്ട് ഉപയോഗിക്കാനും അനുമതി നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊതുക് നശീകരണ പ്രവര്‍ത്തനങ്ങള്‍ ഒന്നും തുടങ്ങിയിട്ടില്ല. ഇടയ്‌ക്ക് പെയ്യുന്ന വേനല്‍മഴ പകര്‍ച്ച വ്യാധികള്‍ പടരാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയാണ്. പാറശ്ശാല താലൂക്ക് ആശുപത്രിയിലും കുന്നത്തുകാല്‍ വെള്ളറട അരോഗ്യ കേന്ദ്രങ്ങളിലും പനിയും പകര്‍ച്ചവ്യാധിയും മൂലം ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക