ജയ്‌പൂര്‍: ജനാധിപത്യ രാജ്യങ്ങളിലെ ശക്തനായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നും അദ്ദേഹത്തിന്റെ ജനപ്രിയത തന്നെ അസൂയപ്പെടുത്തുന്നുവെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്. ഇക്കാര്യം കഴിഞ്ഞ ദിവസം മോദിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ അദ്ദേഹത്തോടു പറഞ്ഞെന്നും വാന്‍സ് കൂട്ടിച്ചേര്‍ത്തു.
ഭാരതവും യുഎസും തമ്മിലുള്ള സാമ്പത്തിക വാണിജ്യ ബന്ധങ്ങള്‍ കൂടുതല്‍ ദൃഢമാക്കണം. യുഎസ് ഊര്‍ജ, പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റങ്ങള്‍ വര്‍ധിപ്പിക്കണമെന്നും വാന്‍സ് അഭിപ്രായപ്പെട്ടു. ജയ്‌പൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹൈടെക് മേഖലകളില്‍ ഭാരതവും യുഎസും കൂടുതല്‍ സഹകരണം ഉറപ്പാക്കണം. ആഗോള ഭാവി നിര്‍ണയിക്കുന്നതില്‍ ഇരു രാജ്യങ്ങളുടേയും സഹകരണം ഏറെ നിര്‍ണായകമാണ്. യുഎസും ഭാരതവും ശക്തമായ സഖ്യത്തിലൂടെ മികച്ച ഭാവി വാര്‍ത്തെടുക്കണമെന്ന് പറഞ്ഞ് പ്രതിരോധത്തില്‍ സഹകരണത്തിന്റെ പ്രാധാന്യവും വാന്‍സ് ആവര്‍ത്തിച്ചു.
അതേസമയം പ്രധാനമന്ത്രി മോദി വിട്ടുവീഴ്ചയില്ലാത്ത വിലപേശലുകളാണ് നടത്തുന്നതെന്നും വാന്‍സ് പറഞ്ഞു. വ്യാപാര ചര്‍ച്ചകളോട് ഇരു രാജ്യങ്ങളും മികച്ച രീതിയിലാണ് പ്രതികരിച്ചത്. അന്തിമ കരാറില്‍ ഉടന്‍ ഒപ്പുവെച്ചേക്കും. നിങ്ങളെ ഞാന്‍ വിശ്വസിക്കുന്നു. അതുകൊണ്ടാണ് പരസ്പരം പങ്കാളികളാകാന്‍ ആഗ്രഹിക്കുന്നത്, വാന്‍സ് കൂട്ടിച്ചേര്‍ത്തു.
















