തിരുവനന്തപുരം: നാലു വര്‍ഷ ബിരുദ പ്രോഗ്രാമിന്റെ ആദ്യ വര്‍ഷം പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മേജര്‍ വിഷയം മാറ്റാനും കോളേജ് മാറ്റത്തിനും അന്തര്‍ സര്‍വ്വകലാശാല മാറ്റത്തിനും ആവശ്യമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അംഗീകരിച്ചു. FYUGP സംസ്ഥാനതല മോണിറ്ററിങ് സമിതിയാണ് മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ അടങ്ങിയ സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍ തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍വ്വകലാശാലകള്‍ വിശദമായ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കും.
മേജര്‍ മാറ്റത്തിനായി അടുത്ത അക്കാദമിക് വര്‍ഷത്തിന്റെ ആദ്യ പ്രവൃത്തി ദിനം ഓരോ വിഷയങ്ങളിലുമുള്ള ഒഴിവുകള്‍ കോളേജുകള്‍ പ്രസിദ്ധീകരിക്കും. ആവശ്യമെങ്കില്‍ പത്തു ശതമാനം അധികം സീറ്റ് ഇതിനായി അനുവദിക്കും. മൈനറായോ മള്‍ട്ടി ഡിസിപ്ലിനറി കോഴ്സിലോ പഠിക്കുന്ന വിഷയങ്ങളിലേക്കാണ് മേജര്‍ മാറ്റാന്‍ സാധിക്കുക. ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മേജര്‍ മാറ്റം ആഗ്രഹിക്കുന്ന വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് അടിസ്ഥാനപ്പെടുത്തി കോളേജുകളില്‍ റാങ്ക് ലിസ്റ്റ് തയ്യാറാക്കും. ഒരു വിദ്യാര്‍ത്ഥി മാറിപ്പോകുന്ന സീറ്റിലേക്കും പ്രവേശനം നടത്താം. ആദ്യത്തെ അഞ്ചു പ്രവൃത്തി ദിവസങ്ങള്‍ക്കുള്ളില്‍ ഈ പ്രക്രിയ പൂര്‍ത്തിയാക്കും.
കോളേജ് തലത്തില്‍ മേജര്‍ വിഷയ മാറ്റങ്ങള്‍ക്കു ശേഷം ഒഴിവുവരുന്ന സീറ്റുകള്‍ സര്‍വ്വകലാശാലയെ അറിയിച്ച് ഒഴിവുകള്‍ പ്രസിദ്ധീകരിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന അപേക്ഷ പരിഗണിച്ച് പ്രത്യേക റാങ്ക് ലിസ്റ്റ് തയ്യാറാക്കി കോളേജുകള്‍ക്ക് നല്‍കും. കോളേജുകളാണ് വിദ്യാര്‍ത്ഥികളുടെ പ്രവേശന നടപടി പൂര്‍ത്തിയാക്കുക. നിലവില്‍ പഠിക്കുന്ന സ്ഥാപനത്തില്‍ റാഗിംഗ് അടക്കമുള്ള അച്ചടക്ക നടപടികള്‍ നേരിട്ടിട്ടില്ല എന്ന സാക്ഷ്യപത്രം വിദ്യാര്‍ത്ഥി ഹാജരാക്കണം.
ആദ്യ രണ്ട് സെമസ്റ്ററുകളില്‍ മുഴുവന്‍ കോഴ്സുകളും വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് അന്തര്‍ സര്‍വ്വകലാശാലാ മാറ്റത്തിന് അപേക്ഷിക്കാന്‍ സാധിക്കും. കേരളത്തിന് പുറത്തുനിന്നുള്ള സര്‍വ്വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കും കേരളത്തിലെ സര്‍വ്വകലാശാലകളില്‍ മൂന്നാം സെമസ്റ്റര്‍ മുതല്‍ പഠിക്കാന്‍ അപേക്ഷിക്കാം. അപേക്ഷകള്‍ സര്‍വ്വകലാശാല പഠനബോര്‍ഡ് പരിശോധിച്ച് വിദ്യാര്‍ത്ഥി ആവശ്യമായ ക്രഡിറ്റ് നേടിയിട്ടുണ്ടോ എന്ന് ഉറപ്പു വരുത്തി ശുപാര്‍ശ ചെയ്യും. പ്രവേശന നടപടികള്‍ കോളേജ് തലത്തില്‍ പൂര്‍ത്തീകരിക്കും.
കഴിഞ്ഞ വര്‍ഷം മുതല്‍ തന്നെ മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടറിന്റെ അടിസ്ഥാനത്തിലാണ് ഓരോ സര്‍വ്വകലാശാലകളും നാലുവര്‍ഷ ബിരുദം നടപ്പിലാക്കുന്നത്. ക്രഡിറ്റ് മാറ്റവും, വിദ്യാര്‍ത്ഥികളുടെ അന്തര്‍ സര്‍വ്വകലാശാലാ മാറ്റവുമടക്കം ഉള്ളതിനാല്‍ സര്‍വ്വകലാശാലകള്‍ തമ്മിലുള്ള ധാരണ ആവശ്യമായതിനാല്‍ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലെ എല്ലാ സര്‍വ്വകലാശാലകള്‍ക്കും മാതൃകാ ഏകീകൃത അക്കാഡമിക് കലണ്ടര്‍ ബാധകമാക്കി. ഏറ്റവും വേഗത്തിലും ലളിതമായും പഠനവും പരീക്ഷയും മൂല്യനിര്‍ണ്ണയവും പരീക്ഷാഫലവും പ്രസിദ്ധീകരിക്കുന്നതിന് ആവശ്യമായ വിധത്തിലാണ് കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: