ന്യൂദൽഹി : ജമ്മു കശ്മീരിലെ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ഭീകരരെ വെറുതെ വിടില്ലെന്ന് ഇരു നേതാക്കളും പറഞ്ഞു. ഇരുവരും എക്സ് അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
” ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ ഞാൻ ശക്തമായി അപലപിക്കുന്നു. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവർക്ക് എന്റെ അനുശോചനം. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായങ്ങളും നൽകുന്നുണ്ട് ” – പ്രധാനമന്ത്രി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിൽ കുറിച്ചു.
കൂടാതെ “ഈ ഹീനമായ പ്രവൃത്തിക്ക് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. അവരെ വെറുതെ വിടില്ല. അവരുടെ ദുഷ്ട അജണ്ട ഒരിക്കലും വിജയിക്കില്ല. ഭീകരതയ്‌ക്കെതിരെ പോരാടാനുള്ള നമ്മുടെ ദൃഢനിശ്ചയം അചഞ്ചലമാണ്, അത് കൂടുതൽ ശക്തമാകും,” – അദ്ദേഹം കൂട്ടിച്ചേർത്തു.
ചൊവ്വാഴ്ച സൗദി അറേബ്യയിൽ നിന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുകയും സ്ഥലം സന്ദർശിക്കാനും ഉചിതമായ നടപടികൾ സ്വീകരിക്കാനും നിർദ്ദേശം നൽകുകയും ചെയ്തു.
തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദ്ദേശപ്രകാരം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ചൊവ്വാഴ്ച ന്യൂദൽഹിയിൽ നിന്ന് ശ്രീനഗറിൽ എത്തി. ശ്രീനഗറിലെ എല്ലാ ഏജൻസികളുമായും ഷാ സുരക്ഷാ അവലോകന യോഗം നടത്തും.
അതേ സമയം ഈ ഹീനമായ ഭീകരാക്രമണത്തിൽ ഉൾപ്പെട്ടവരെ വെറുതെ വിടില്ലെന്ന് അമിത് ഷാ പറഞ്ഞു. ഞങ്ങൾ കർശന നടപടിയെടുക്കുകയും ഭീകരർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകുകയും ചെയ്യുമെന്ന് കേന്ദ്ര അമിത് ഷാ ട്വിറ്ററിൽ കുറിച്ചിരുന്നു. ബുധനാഴ്ച ആഭ്യന്തരമന്ത്രി പഹൽഗാം സന്ദർശിക്കുമെന്നാണ് വിവരം.
അതേ സമയം പഹൽഗാമിൽ വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടാണ് ഭീകരർ ആക്രമണം നടത്തിയത്. വിനോദസഞ്ചാരികളുടെ പേരുകൾ ചോദിച്ചതിന് ശേഷമാണ് അവർ വെടിവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: