ജിദ്ദ: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി അറേബ്യയിലെ ജിദ്ദയിലെത്തി. ജിദ്ദ കിങ് അബ്‌ദുൽ അസീസ് അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ മോദിക്ക് ഊഷ്‌മള സ്വീകരണം നല്‍കി. 40 വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ജിദ്ദയിൽ എത്തുന്നത്. മോദിയുടെ വിമാനം സൗദി വ്യോമാതിർത്തിയിൽ പ്രവേശിച്ചപ്പോൾ തന്നെ സൗദി അറേബ്യയിൽ നിന്നുള്ള യുദ്ധവിമാനങ്ങളുടെ അകമ്പടി ഉണ്ടായിരുന്നു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ അൽ സൗദിന്റെ ക്ഷണപ്രകാരമാണ് മോദി ജിദ്ദയിലെത്തിയത്. ഇനി റിറ്റ്സ് കാൾട്ടൺ ഹോട്ടലില്‍ വച്ച് ഇന്ത്യൻ സാമൂഹിക പ്രതിനിധികളുടെ യോഗത്തെ മോദി അഭിസംബോധന ചെയ്യും. ശേഷം സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ജിദ്ദയിലെ അൽസലാം പാലസിൽ വച്ച് കൂടിക്കാഴ്‌ച്ച നടത്തും.
സൗദി അറേബ്യയുമായുള്ള ദീർഘകാലവും തന്ത്രപരവുമായ ബന്ധത്തെ ഇന്ത്യ വളരെയധികം വിലമതിക്കുന്നുവെന്ന് സന്ദർശനത്തിന് മുമ്പ് പ്രധാനമന്ത്രി മോദി പറഞ്ഞു. “സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് പോകുന്നു, അവിടെ ഞാൻ വിവിധ യോഗങ്ങളിലും പരിപാടികളിലും പങ്കെടുക്കും. സൗദി അറേബ്യയുമായുള്ള നമ്മുടെ ചരിത്രപരമായ ബന്ധത്തെ ഇന്ത്യ വിലമതിക്കുന്നു. കഴിഞ്ഞ ദശകത്തിൽ ഉഭയകക്ഷി ബന്ധങ്ങൾക്ക് ഗണ്യമായ വേഗത കൈവരിച്ചിട്ടുണ്ട്. തന്ത്രപരമായ പങ്കാളിത്ത കൗൺസിലിന്റെ രണ്ടാം യോഗത്തിൽ പങ്കെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. അവിടെയുള്ള ഇന്ത്യൻ സമൂഹവുമായും ഞാൻ സംവദിക്കും,” പ്രധാനമന്ത്രി മോദി എക്‌സില്‍ പോസ്റ്റ് ചെയ്‌തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: