ന്യൂദൽഹി : കൈലാസ് മാനസരോവർ തീർത്ഥാടനം ഈ വർഷം വീണ്ടും ആരംഭിക്കാൻ പോകുന്നു. ഇന്ത്യ-ചൈന വിദേശകാര്യ മന്ത്രാലയങ്ങൾ തമ്മിലുള്ള ചർച്ചകൾക്ക് ശേഷമാണ് ഈ യാത്ര വീണ്ടും തുടങ്ങാൻ പോകുന്നത്. ഈ വർഷത്തെ കൈലാസ് മാനസരോവർ യാത്ര ജൂൺ 30 മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി പറഞ്ഞു. ഉത്തരാഖണ്ഡ് സർക്കാരും വിദേശകാര്യ മന്ത്രാലയവും ചേർന്നാണ് യാത്ര സംഘടിപ്പിക്കുന്നത്.
പിത്തോറഗഡ് ജില്ലയിലെ ലിപുലേഖ് ചുരത്തിൽ നിന്ന് എല്ലാ വർഷവും സംഘടിപ്പിക്കുന്ന കൈലാസ മാനസരോവർ യാത്ര, കോവിഡ്-19 കണക്കിലെടുത്ത് 2020 മുതൽ നടത്തിയിട്ടില്ല. അതിനുശേഷം ഇന്ത്യ-ചൈന ബന്ധത്തിലെ സംഘർഷം കാരണം ഈ യാത്ര വീണ്ടും മാറ്റിവയ്‌ക്കുകയായിരുന്നു. എന്നാൽ ഈ വർഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി ധാമിയുടെയും പ്രത്യേക ശ്രമങ്ങൾ കാരണം കൈലാസ മാനസരോവർ യാത്ര-2025 നടത്താൻ തീരുമാനിച്ചിരിക്കുന്നത്.
അതേ സമയം യാത്ര സുരക്ഷിതമായി നടത്തുന്നതിനെക്കുറിച്ച് തിങ്കളാഴ്ച ന്യൂദൽഹിയിലെ വിദേശകാര്യ മന്ത്രാലയത്തിൽ ഒരു യോഗം നടന്നിരുന്നു. ഇത്തവണത്തെ കൈലാസ് മാനസരോവർ യാത്ര കുമയോൺ മണ്ഡൽ വികാസ് നിഗം നടത്തുമെന്ന് യോഗത്തിൽ തീരുമാനിച്ചു. ഈ യാത്ര ദൽഹിയിൽ നിന്ന് ആരംഭിച്ച് പിത്തോറഗഡിലെ ലിപുലേഖ് പാസ് റൂട്ട് വഴിയായിരിക്കും നടത്തുക. 2025 ജൂൺ 30 മുതൽ യാത്ര ആരംഭിക്കും. 50 പേർ വീതമുള്ള 5 ഗ്രൂപ്പുകളായി ആകെ 250 പേർ യാത്ര നടത്തും.
യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാരുടെയും ആരോഗ്യ പരിശോധന ആദ്യം ദൽഹിയിൽ നടത്തും. പിന്നീട് ഗുഞ്ചിയിൽ (പിത്തോറഗഡ്) എത്തുമ്പോൾ അവരെ ഐടിബി സേനയും പരിശോധിക്കും. അതേ സമയം കൈലാസ് മാനസരോവർ യാത്ര ആരംഭിക്കുന്നതിനൊപ്പം ഇന്ത്യ-ടിബറ്റ് (ചൈന) അതിർത്തി വ്യാപാരം ആരംഭിക്കാനുള്ള സാധ്യതയുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: