ജിദ്ദ: സൗദി അറേബ്യ ഇന്ത്യയുടെ ഏറ്റവും മൂല്യവത്തായ പങ്കാളിയും വിശ്വസ്ത സുഹൃത്തും തന്ത്രപരമായ സഖ്യകക്ഷിയുമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019 ൽ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ രൂപീകരിച്ചതിനുശേഷം ഉഭയകക്ഷി ബന്ധം എങ്ങനെ ഗണ്യമായി വികസിച്ചുവെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു. രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിൽ എത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, അറബ് ന്യൂസിന് നൽകിയ പ്രത്യേക അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു.
2016 ന് ശേഷം മോദിയുടെ സൗദി അറേബ്യയിലേക്കുള്ള മൂന്നാമത്തെ സന്ദർശനമാണിത്. സൗദി അറേബ്യയുമായുള്ള ഇന്ത്യയുടെ വളർന്നുവരുന്ന ബന്ധത്തിന്റെ “അനന്തമായ സാധ്യതകളെ” മോദി പ്രശംസിച്ചു. നമ്മുടെ പങ്കാളിത്തത്തിന് പരിധിയില്ലാത്ത സാധ്യതകളുണ്ട്. അനിശ്ചിതത്വങ്ങൾ നിറഞ്ഞ ഒരു ലോകത്ത്, സ്ഥിരതയുടെ ഒരു സ്തംഭം പോലെ നമ്മുടെ ബന്ധം ശക്തമായി നിലകൊള്ളുന്നു – മോദി പറഞ്ഞു.
സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാന്റെ നേതൃത്വത്തെ അദ്ദേഹം പ്രശംസിച്ചു, അദ്ദേഹത്തെ “നമ്മുടെ ഉഭയകക്ഷി ബന്ധങ്ങളുടെ ശക്തനായ വക്താവ്” എന്നും വിഷൻ 2030 പ്രകാരമുള്ള പരിഷ്കാരങ്ങളിലൂടെ ആഗോള പ്രശംസയ്‌ക്ക് പ്രചോദനം നൽകിയ ഒരു ദീർഘവീക്ഷണിയെന്നും മോദി വിശേഷിപ്പിച്ചു.
“ഞാൻ മുഹമ്മദ് ബിൻ സല്മാനെ കണ്ടുമുട്ടുമ്പോഴെല്ലാം, അദ്ദേഹത്തിന്റെ മഹത്വം എന്നിൽ ആഴത്തിൽ സ്വാധീനിക്കാറുണ്ട്. അദ്ദേഹത്തിന്റെ ഉൾക്കാഴ്ചകൾ, ദീർഘവീക്ഷണമുള്ള ദർശനം, തന്റെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള അദ്ദേഹത്തിന്റെ അഭിനിവേശം എന്നിവ ശരിക്കും ശ്രദ്ധേയമാണ് – മോദി പറഞ്ഞു.
അനിശ്ചിതത്വങ്ങൾ നിറഞ്ഞ ലോകത്ത് സ്ഥിരതയുടെ സ്തംഭംപോലെ ഇരുരാജ്യങ്ങളുടേയും ബന്ധം ശക്തമായി നിലകൊള്ളുന്നെന്ന് മോദി പറഞ്ഞു. ആഗോള വെല്ലുവിളികൾക്കിടയിലും ഊർജ്ജം, കൃഷി, വിവരക്കൈമാറ്റം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരം വളർവന്നതായും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. സാങ്കേതികവിദ്യ, ഹരിത ഹൈഡ്രജൻ തുടങ്ങിയ മേഖലകളിൽ സൗദിയുമായി ആഴത്തിലുള്ള ബന്ധം രൂപപ്പെടുന്നതിനെ പ്രധാനമന്ത്രി സ്വാഗതംചെയ്തു. സൗദി അറേബ്യയിലെ വിവിധ മേഖലകളിൽ ഇന്ത്യൻ കമ്പനികൾ ശക്തമായ സാന്നിധ്യം നിലനിർത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2030 വേൾഡ് എക്സ്പോയ്‌ക്കും 2034-ലെ ഫിഫ ലോകകപ്പിനും ആതിഥേയത്വം വഹിക്കാനുള്ള അവസരം ലഭിച്ചതിനേയും മോദി അഭിനന്ദിച്ചു. അത്യധികം അഭിമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: