കരിക്കകം: കരിക്കകം വാര്‍ഡിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ഉണ്ടാകണമെന്നും മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമാക്കണമെന്നും നിര്‍ദ്ദേശം. ചെറിയ മഴപെയ്താല്‍പോലും വാര്‍ഡിലെ പലപ്രദേശങ്ങളും വെള്ളക്കെട്ടിലാകുന്നു. കക്കൂസുകള്‍ നിറയുന്നു. ഇതിനു പരിഹാരമായി കരിക്കകം പ്രദേശത്തെ ഡ്രെയിനേജ് സംവിധാനവുമായി ബന്ധിപ്പിക്കണമെന്നും ജന്മഭൂമി കരിക്കകം വാര്‍ഡില്‍ സംഘടിപ്പിച്ച ജനസദസ്സില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. കരിക്കകത്തുനിന്ന് 5 കിലോമീറ്റര്‍ മാത്രമാണ് മുട്ടത്തറ സിവേജ് പ്ലാന്റിലേക്ക് ദൂരമുള്ളത്. അതിനാല്‍ ഇത്ര ചെറിയദൂരം പൈപ്പിട്ടുകൊണ്ട് കരിക്കകത്തെ ഡ്രെയിനേജു സംവിധാനവുമായി ബന്ധിപ്പിക്കാം. ലുലുമാളിലേക്കു പോകുന്ന ഡ്രെയിനേജ് പൈപ്പുമായി ബന്ധിപ്പിച്ചാലും മതിയാകുമെന്നും അഭിപ്രായമുയര്‍ന്നു.
മഴക്കാല പൂര്‍വ്വ ശുചീകരണം കാര്യക്ഷമമാകാത്തതുമൂലവും വെള്ളക്കെട്ടുണ്ടാകുന്നുണ്ടെന്ന് ജനസദസ്സില്‍ പങ്കെടുത്ത റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഓടയില്‍ നിന്നു കോരുന്ന മണ്ണും മാലിന്യവും ഓടയുടെ വശങ്ങളില്‍ തന്നെ നിക്ഷേപിക്കുന്നതിനാല്‍, മഴപെയ്യുമ്പോള്‍ അതു വീണ്ടും ഓടയിലേക്കുതന്നെ ഒഴുകിയിറങ്ങുന്നു. വാര്‍ഡില്‍ റെയില്‍വേയുടെ സ്ഥലത്ത് ഓട പണിയാനുള്ള അനുമതിയുണ്ടാകണം. ജലസംഭരണികളും കുളങ്ങളും നദികളും പുനരുദ്ധരിക്കാനും പദ്ധതിയുണ്ടാകണം. നദികള്‍ ശുചീകരിക്കാതെ തിരുവനന്തപുരത്ത് വികസനം ഉണ്ടാകില്ല. കരമനയാറും പാര്‍വ്വതിപുത്തനാറും കിള്ളിയാറും ശുദ്ധീകരിച്ച് ജനങ്ങള്‍ക്ക് ഉപയോഗ യോഗ്യമാക്കണം.
ആള്‍സെയിന്റ്‌സ് കോളജിനുമുന്നിലെ റെയില്‍വേഗേറ്റ് പൊതുജനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള ഗേറ്റാക്കണമെന്ന ആവശ്യവും ഉയര്‍ന്നു. കരിക്കകം ക്ഷേത്രത്തിനു മുന്നില്‍ ദേശീയപാതയില്‍ കാല്‍നടയാത്രക്കാര്‍ക്കായി ഫുട്ട് ഓവര്‍ബ്രിഡ്ജ് നിര്‍മ്മിക്കണം. അപകടങ്ങള്‍ പെരുകുന്നതിനാല്‍ ഈ ഭാഗത്ത് ട്രാഫിക്ക് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കണം.
വാര്‍ഡില്‍ പല സ്ഥലത്തും ജനങ്ങള്‍ മാലിന്യം വലിച്ചെറിയുന്നത് രോഗം പകരുന്നതിന് കാരണമാകുന്നുണ്ടെന്ന് ജനസദസ്സില്‍ അഭിപ്രായമുയര്‍ന്നു. ഉപയോഗിക്കാത്ത, കാടുകയറിക്കിടക്കുന്ന പുരയിടങ്ങളിലേക്കാണ് മാലിന്യങ്ങള്‍ വലിച്ചെറിയുന്നത്. വാര്‍ഡുകള്‍ക്ക് പണം അനുവദിക്കുന്നതില്‍ നഗരസഭ കാട്ടുന്ന വിവേചനം വികസന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ രാഷ്‌ട്രീയത്തിന് അതീതമായ സമീപനം നഗരസഭാധികൃതരില്‍ നിന്നുണ്ടാകണമെന്നും ജനസദസ്സ് ആവശ്യപ്പെട്ടു.
കരിക്കകം ചാമുണ്ഡി ക്ഷേത്രം അയ്യപ്പ ഭക്തവിശ്രമ ഇടത്താവളത്തില്‍ നടന്ന ജനസദസ്സില്‍ വാര്‍ഡ് കൗണ്‍സിലര്‍ ഡി.ജി.കുമാരന്‍ അധ്യക്ഷത വഹിച്ചു. ജന്മഭൂമി ഡസ്‌ക് ചീഫ് ആര്‍.പ്രദീപ് മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ഉള്ളൂര്‍ മുന്‍ മണ്ഡലം പ്രസിഡന്റ് കരിക്കകം മണികണ്ഠന്‍, ബിജെപി ഉള്ളൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി ശ്യാം കരിക്കകം എന്നിവര്‍ സംസാരിച്ചു. റെസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, പൊതു പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: