പോപ്പ് ബെനഡിക്ട് 16-ാമന് കമ്പം സംഗീതമായിരുന്നു. മൊസാര്‍ട്ടിന്റെ വലിയ ആരാധകന്‍. എന്നാല്‍, പോപ്പ് ഫ്രാന്‍സിസിനോ ആത്മീയത പോലെ തന്നെ ഫുട്ബോളായിരുന്നു ജീവിതത്തില്‍ അലിഞ്ഞുചേര്‍ന്നത്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂണസ് അയേഴ്സിലെ തെരുവുകളില്‍ ഫുട്ബോള്‍ കളിച്ചുനടന്ന കുട്ടിക്കാലത്ത് ജോര്‍ജെ മാരിയോ ബെര്‍ഗോഗ്ലിയോയ്‌ക്ക് ഫുട്ബോള്‍ എന്നത് ജീവിതമായിരുന്നു. ഓരോ ശ്വാസത്തിലും ഫുട്ബോളുണ്ടായിരുന്നു. ജന്മനാടായ ഫ്ളോറസിലെ തെരുവുകളുടെ പര്യായം തന്നെ പട്ടിണിയായിരുന്നു. എന്നാല്‍, വിശപ്പിന്റെ കാഠിന്യത്തെ ഫുട്ബോളിന്റെ തലോടല്‍കൊണ്ട് മറികടന്നിരുന്നു എന്ന് ബെര്‍ഗോഗ്ലിയോ എപ്പോഴും പറയും. ആ നാടിന്റെ ജീവവായുവായിരുന്നു സാന്‍ ലോറെന്‍സോ ഡി അല്‍മാഗ്രോ ക്ലബ്. സാന്‍ ലോറെന്‍സോയുടെ എല്ലാ മത്സരങ്ങളും കാണാന്‍ ജോര്‍ജ്ജ് മാരിയോ ബെര്‍ഗോഗ്ലിയോ ഗാലറി സ്റ്റാന്‍ഡുകളിലെത്തും. അങ്ങനെ ഫ്രാന്‍സിസ് മാര്‍പ്പാപ്പയാകുന്നതിന് മുമ്പ്, ചുവപ്പും നീലയും നിറങ്ങളില്‍ സ്വപ്‌നം കാണുന്ന ചെളി നിറഞ്ഞ ഷൂസ് ധരിച്ച ആണ്‍കുട്ടിയായിരുന്നു അദ്ദേഹം.
ബ്യൂണസ് അയേഴ്സിലെ തെരുവുകളില്‍ തുണിക്കഷണങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച പന്ത് ഉപയോഗിച്ച് ചെറുപ്പത്തില്‍ കളിച്ചിരുന്നതായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പലപ്പോഴും ഓര്‍മ്മിച്ചിരുന്നു. എന്നാല്‍, താന്‍ അത്ര മികച്ച ഫുട്ബോളറൊന്നും ആയിരുന്നില്ലത്രേ. മിക്കപ്പോഴും ഒരു ഗോള്‍കീപ്പറായിട്ടാണ് അദ്ദേഹം കളിച്ചത്.
അതേക്കുറിച്ചുള്ള പോപ്പിന്റെ നീരീക്ഷണവും വളരെ ശ്രദ്ധേയമാണ്. ‘എവിടെ നിന്നും വരാവുന്ന അപകടങ്ങളോട്’ എങ്ങനെ പ്രതികരിക്കണമെന്ന് പഠിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമായിരുന്നു ഗോള്‍ കീപ്പറായിരിക്കുക എന്നുള്ളതെന്ന് അദ്ദേഹം വിശ്വസിച്ചു.
സാന്‍ ലോറെന്‍സോ ക്ലബ്ബിനോടുള്ള വിശ്വസ്തതയുമായി ബന്ധപ്പെട്ടതാണ് അദ്ദേഹത്തിന്റെ ഫുട്ബോളിനോടുള്ള സ്നേഹം, അവിടെ അദ്ദേഹം പിതാവിനും സഹോദരന്മാര്‍ക്കുമൊപ്പം മത്സരങ്ങള്‍ കാണാന്‍ പോയി.
വളരെ കാല്‍പ്പനികമായ ഫുട്ബോള്‍ ഓര്‍മകള്‍ എന്നാണ് പോപ്പ് അതേക്കുറിച്ച് വിശേഷിപ്പിച്ചിട്ടുള്ളത്. പോപ്പായതിനു അദ്ദേഹം ആ ക്ലബ്ബില്‍ തന്റെ അംഗത്വം നിലനിര്‍ത്തി. അത് പിന്നീട് വിവാദമായെങ്കിലും അംഗത്വം ഉപേക്ഷിക്കാന്‍ പോപ്പ് തയാറായില്ല.
മെസിയും മറഡോണയും പെലെയും ഒരുപോലെ
ഇതിഹാസ തുല്യരായ നിരവധി ഫുട്ബോള്‍ താരങ്ങളാല്‍ സമ്പന്നമായ അര്‍ജന്റീന എന്ന രാജ്യത്തുനിന്നു വന്ന പോപ്പിന് സ്വാഭാവികമായും ആ രാജ്യത്തിന്റെ ഫുട്ബോള്‍ ടീമിനെത്തന്നെയാകും ഇഷ്ടം. അത് അങ്ങനെ തന്നെ. എന്നാല്‍, ലോകോത്തര കളിക്കാരെയെല്ലാം തന്നെ പോപ്പ് ഫ്രാന്‍സിസിന് ഇഷ്ടമായിരുന്നു. സാക്ഷാല്‍ പെലെ മുതല്‍ മറഡോണ, മെസി എന്നിവരെക്കുറിച്ച് പല ഘട്ടങ്ങളില്‍ പോപ്പ് വാചലനായിട്ടുണ്ട്. ഇവരൊക്കെ പോപ്പിനെകാണാന്‍ വത്തിക്കാനിലെത്തിയിട്ടുമുണ്ട്. സ്ലാറ്റന്‍ ഇബ്രാഹിമോവിച്ച്, ജിയാന്‍ ലൂയിജി ബഫണ്‍ എന്നിവരോടുള്ള സ്നേഹവും ഫ്രാന്‍സിസ് പാപ്പ പറഞ്ഞിരുന്നു. വത്തിക്കാനില്‍ ഫുട്ബോളിലെ ഏറ്റവും മികച്ച താരങ്ങള്‍ക്ക് അദ്ദേഹം സ്വീകരണം നല്‍കി. അവരൊക്കെ പോപ്പിനെ കാണാനെത്തുമ്പോള്‍ ജേഴ്സികളിലും പന്തുകളിലുമൊക്കെ തന്റെ ഒപ്പ് നല്‍കി. താരങ്ങളുടെ ഓട്ടോഗ്രാഫ് തിരിച്ചും അദ്ദേഹം സ്വീകരിച്ചു.
മറഡോണയോടുള്ള പോപ്പിന്റെ സ്നേഹവും വളരെ പ്രശസ്തമാണ്. 2024ല്‍ പുറത്തിറങ്ങിയ പോപ്പിന്റെ ആത്മകഥയില്‍ ഒരു അധ്യായം തന്നെ മറഡോണയ്‌ക്കായി സമര്‍പ്പിച്ചു. മറഡോണയുടെ കുപ്രസിദ്ധമായ ‘ദൈവത്തിന്റെ കൈ’ ഗോള്‍ 1986 ലെ ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ തോല്‍പ്പിക്കാന്‍ അര്‍ജന്റീനയെ സഹായിച്ചതിനെക്കുറിച്ചും പോപ്പ് പറഞ്ഞിട്ടുണ്ട്.
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, പോപ്പ് എന്ന നിലയില്‍, മറഡോണയെ വത്തിക്കാനില്‍ സ്വീകരിച്ചപ്പോള്‍… പോപ്പ് അദ്ദേഹത്തോട് തമാശയായി ചോദിച്ചുവ്രേത. ദൈവത്തിന്റെ കൈ ഇതാണെങ്കില്‍ കുറ്റവാളിയുടെ കൈ ഏതാണ്?’എന്ന്.
ഏറ്റവും മികച്ച കളിക്കാരന്‍ മറഡോണയോ ലയണല്‍ മെസിയോ എന്ന ചോദ്യത്തില്‍ അല്‍പ്പം നിരാശയോടെയുള്ള ഉത്തരമാണ് പോപ്പ് നല്‍കിയത്.
‘ഒരു കളിക്കാരന്‍ എന്ന നിലയില്‍ മറഡോണ മികച്ചവനായിരുന്നു. പക്ഷേ ഒരു മനുഷ്യനെന്ന നിലയില്‍ അദ്ദേഹം പരാജയപ്പെട്ടു,’ കൊക്കെയ്‌നും മദ്യത്തിനും അടിമപ്പെട്ട അദ്ദേഹം ഒരിക്കലും ഒരു നല്ല മാതൃക അല്ല- പോപ്പ് ഫ്രാന്‍സിസ് പറഞ്ഞു.
മെസിയെ ‘മാന്യന്‍’ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. എന്നാല്‍, ഫുട്ബോള്‍ രാജാവ് പെലെയെ അദ്ദേഹം വിശേഷിപ്പിച്ചത്’ഹൃദയമുള്ള മനുഷ്യന്‍’, എന്നായിരുന്നു.
കളിക്കമ്പം
2014ലെ ലോകകപ്പ് ഫൈനല്‍ ജര്‍മനിയും അര്‍ജന്റീനയും തമ്മിലായിരുന്നുവല്ലോ. അന്നത്തെ പോപ്പ് ജര്‍മനിയില്‍നിന്നുള്ള പോപ്പ് ബെനഡിക്റ്റ് പതിനാറാമനും അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോര്‍ജെ ബെര്‍ഗോഗ്ലിയോയും ഒന്നിച്ചിരുന്നായിരുന്നു ഫൈനല്‍ കണ്ടത്. അന്ന് ജര്‍മനിയോട് അര്‍ജന്റീന പരാജയപ്പെട്ടപ്പോള്‍ ബെര്‍ഗോഗ്ലിയോ വളരെ നിരാശനായിരുന്നു. ഇറ്റലി ആതിഥേയത്വം വഹിച്ച 1990 ലോകകപ്പ് ഫൈനലില്‍ പശ്ചിമ ജര്‍മ്മനി അര്‍ജന്റീനയെ തോല്‍പ്പിച്ചപ്പോള്‍ മനംനൊന്ത് ഫുട്ബോള്‍ കളി കാണുന്നതുതന്നെ ഉപേക്ഷിക്കുന്നു എന്ന് ജോര്‍ജെ ബെര്‍ഗോഗ്ലിയോ പ്രഖ്യാപിച്ചു.
കത്തോലിക്കാ വിശ്വാസവും യേശുക്രിസ്തുവിനോടുള്ള ഭക്തിയും ആഴത്തില്‍ വേരൂന്നിയ ബ്രസീല്‍ സന്ദര്‍ശന വേളയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസീലിയന്‍ ഫുട്ബോള്‍ താരങ്ങളായ ഡാനി ആല്‍വസിനെയും റൊണാള്‍ഡീഞ്ഞോയെയും കണ്ടുമുട്ടി. ഈ കൂടിക്കാഴ്ച വിശ്വാസത്തിന്റെയും ഫുട്ബോളിന്റെയും പ്രതീകാത്മകമായ ഒരു കൂടിച്ചേരലായി മാറിയെന്ന് അദ്ദേഹം പിന്നീട് അനുസ്മരിച്ചു.
‘ലോകത്തിലെ ഏറ്റവും മനോഹരമായ കളിയാണ് ഫുട്ബോള്‍ എന്ന് പലരും പറയുന്നു. എനിക്കും അങ്ങനെ തോന്നുന്നു,’ ഫ്രാന്‍സിസ് 2019-ല്‍ പറഞ്ഞു.
കളിക്കാരെ കണ്ടുമുട്ടുമ്പോള്‍, ഫുട്ബോള്‍ കളിക്കാര്‍ക്ക് ഒരു സാമൂഹിക ഉത്തരവാദിത്തമുണ്ടെന്ന് അദ്ദേഹം എപ്പോഴും ഓര്‍മ്മിപ്പിച്ചു. 2013-ല്‍, ഇറ്റാലിയന്‍, അര്‍ജന്റീനിയന്‍ ടീമുകളെ അഭിസംബോധന ചെയ്തുകൊണ്ട്, ഫ്രാന്‍സിസ് പാപ്പ കളിക്കാരെ അവരുടെ ‘സാമൂഹിക ഉത്തരവാദിത്തങ്ങളെക്കുറിച്ച്’ ഓര്‍മ്മിപ്പിക്കുകയും ‘ബിസിനസ് ഫുട്ബോളില്‍ അതിരുകടന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. 2022-ല്‍, ഖത്തറില്‍ ഫ്രാന്‍സും അര്‍ജന്റീനയും തമ്മിലുള്ള ലോകകപ്പ് ഫൈനലിന് മുമ്പ്, വിജയിയോട് വിനയത്തോടെ വിജയം ആഘോഷിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
ഫുട്്ബോള്‍ എന്ന കളി ആത്മീയതപോലെ തന്നെയാണെന്ന് അദ്ദേഹം വിശ്വസിച്ചു. വിശ്വാസത്തില്‍ തുടങ്ങി ശരീരത്തിലൂടെ, ത്യാഗത്തിലൂടെ, താളത്തിലൂടെ മുന്നേറി പ്രത്യാശയുടെ ജ്യാമിതിയിലാണ് ഓരോ ഫുട്ബോള്‍ മത്സരവും മുന്നേറുന്നത്. ആത്മീയതയുടെ അടിസ്ഥാനവും ഇതൊക്കെ തന്നെ. പന്ത് ഒരിക്കലും അനുസരിക്കില്ല, പാസ് ഒരിക്കലും പൂര്‍ണമാകില്ല. ലക്ഷ്യം നേടുക എന്നത് കഠിനാധ്വാനം കൊണ്ടു മാത്രമേ സാധിക്കൂ എന്ന് ഫുട്ബോളിനെ ഉദാഹരിച്ച് പലപ്പോഴും പാപ്പ സംസാരിച്ചു. പാപ്പ ഈ ലോകത്തോട് വിട പറയുമ്പോള്‍ ഫുട്ബോളിന്റെ ഏറ്റവും വലിയ ആരാധകനെക്കൂടിയാണ് നഷ്ടമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: