പി. ശ്രീകുമാര്‍
(ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍)
‘എത്രയോ വമ്പന്മാരായ കത്തോലിക്കര്‍ക്ക് കിട്ടാത്ത സുവര്‍ണ അവസരമാണ് ശ്രീകുമാറിന് കിട്ടിയത് എന്നോര്‍ത്ത് അസൂയ തോന്നുന്നു’ ഫ്രാന്‍സിസ് മാര്‍പാപ്പയോടൊപ്പം ഞാന്‍ നില്‍ക്കുന്ന ചിത്രം കണ്ടപ്പോള്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ ജോണ്‍ മുണ്ടക്കയം കുറിച്ച വരികളാണിത്. തികച്ചും ശരിയായ നിരീക്ഷണം. അസൂയപ്പെടല്‍ റോമിലും നാട്ടിലും നേരിട്ട് അനുഭവിക്കുകയും ചെയ്തു. അസൂയ തോന്നിയാലും ഇല്ലങ്കിലും തികച്ചും അവിചാരിതമായിരുന്നു ആ സന്ദര്‍ശനം. ശിവഗിരി മഠം വത്തിക്കാനില്‍ സംഘടിപ്പിക്കുന്ന സമ്മേളനത്തില്‍ പങ്കെടുക്കാന്‍ തെരഞ്ഞെടുത്തപ്പോള്‍ ചിന്തിച്ചതും ആഗ്രഹിച്ചതും മാര്‍പാപ്പയെ നേരില്‍ കാണാന്‍ അവസരം കിട്ടുമോ എന്നതായിരുന്നു. കിട്ടുമെന്ന് അറിഞ്ഞപ്പോള്‍ എന്തു സമ്മാനം കൊടുക്കാനാകും എന്ന് ചിന്തിച്ചു. ഇ. കെ. നായനാര്‍ ഭഗവത്ഗീത സമ്മാനിച്ചത് ഓര്‍ത്തു. ‘ഋഗ്വേദം കൈയില്‍ വെച്ചിട്ടെന്തിന് മറ്റൊന്ന് തേടി നടക്കുന്നു’. സമ്മാനിക്കേണ്ടത് ഋഗ്വേദം തന്നെ…
‘ഹിന്ദുക്കള്‍ക്ക് ഒരു ഗ്രന്ഥമുണ്ടോ?’ എന്ന ചോദ്യത്തിന് ‘ഉണ്ട്, അതാണ് വേദം’ എന്ന് സ്വാമി സത്യാനന്ദ സരസ്വതി പറയുമായിരുന്നു. എല്ലാ ഹൈന്ദവ ഭവനങ്ങളിലും വേദം എത്തണം എന്നും സ്വാമി നിഷ്‌കര്‍ഷിച്ചിരുന്നു. ‘കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക’ സ്വാമിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിന് ശ്രമിച്ചു. ഹൂസ്റ്റണില്‍ നടന്ന കണ്‍വന്‍ഷനില്‍ പങ്കെടുത്തവര്‍ക്കെല്ലാം ഋഗ്വേദം സമ്മാനിച്ചു. സംസ്‌കൃതത്തിലും ഇംഗ്ലീഷിലും പാരായണം ചെയ്യാവുന്ന അര്‍ത്ഥസഹിതമുള്ള വേദം തയാറാക്കി നല്‍കുന്നതില്‍ എനിക്കും ചെറിയ പങ്ക് വഹിക്കാനായി. വത്തിക്കാനിലേക്കുള്ള യാത്രയില്‍ ഋഗ്വേദത്തിന്റെ കോപ്പി കരുതി.
സമ്മേളനത്തെ ആശീര്‍വദിക്കാന്‍ മാര്‍പാപ്പ എത്തി. ഞാന്‍ ഉള്‍പ്പെടെ ചിലര്‍ സമ്മാനങ്ങളുമായി എത്തിയിരുന്നു. സമ്മാനങ്ങള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ മുന്‍കൂട്ടി വാങ്ങി. നേരിട്ട് നല്‍കാമെന്നുള്ള മോഹം പോളിഞ്ഞു എന്നു കരുതി. മാര്‍പാപ്പയുടെ പ്രസംഗത്തിനു ശേഷം അറിയിപ്പു വന്നു. ‘ഓരോരുത്തര്‍ക്കും പാപ്പയുടെ അടുത്തെത്തി ആശീര്‍വാദം വാങ്ങാം’. എന്റെ ഊഴം വന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ വാങ്ങി സൂക്ഷിച്ച സ്ഥലത്തുപോയി ഋഗ്വേദം തിരിച്ചെടുത്തു.
‘ഹിന്ദുത്വത്തിന്റെ അടിസ്ഥാന ഗ്രന്ഥങ്ങളില്‍ ആദ്യത്തേത്’ എന്നു പറഞ്ഞു കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് സമ്മാനിച്ചു. ഗ്രന്ഥം തിരിച്ചു മറിച്ചും നോക്കിയ ശേഷം ചെറുചിരിയോടെയുള്ള ചോദ്യം ‘ഇതെനിക്കുള്ളതോ?’
തീര്‍ച്ചയായും എന്നു പറഞ്ഞ് ഞാന്‍ തൊഴുതു. ചെറുപുഞ്ചിരിയുമായി മാര്‍പാപ്പ കുറച്ചുനേരം കൂടി എന്റെ മുഖത്തേക്ക് നോക്കി. സുവര്‍ണാവസരം തന്നെയായിരുന്നു അത്. കൂടിക്കാഴ്ച മാധ്യമപ്രവര്‍ത്തകനായ എന്നെ കേരളത്തിലെ ഹൈന്ദവനേതാവായി മാധ്യമങ്ങള്‍ മാറ്റി എന്നത് മറുവശം. വാര്‍ത്താ ഏജന്‍സികള്‍ക്ക് ‘മാര്‍പാപ്പയ്‌ക്ക് ഋഗ്വേദം സമ്മാനിച്ചത്’ വാര്‍ത്തയായി. രാജ്യത്തും പുറത്തുമുള്ള നൂറിലധികം മാധ്യമങ്ങള്‍ ഏജന്‍സിയുടെ വാര്‍ത്ത എടുത്തുപയോഗിച്ചു. ‘കേരളത്തിലെ ഹിന്ദു നേതാവ് മാര്‍പാപ്പയ്‌ക്ക് ഋഗ്വേദം സമ്മാനിച്ചു’ എന്ന തലക്കെട്ടായിരുന്നു കൂടുതലും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: