ലാഴ്സണ് ആന്‍റ് ടൂബ്രോയുടെ ഡിഫന്‍സ് രംഗത്തെ ഡയറക്ടറായ ജെ.ഡി. പാട്ടീലിനൊപ്പം എല്‍ആന്റ് ടി വികസിപ്പിച്ച ടാങ്കറിന് മുന്പില് പ്രതിരോധമന്ത്രി രാജ് നാഥ് സിങ്ങ് (വലത്ത്) പ്രതിരോധരംഗത്ത് പ്രവര്‍ത്തിക്കുന്ന വന്‍സ്വകാര്യക്കമ്പനികളായ എല്‍ ആന്‍റ് ടി, അദാനി ഡിഫന്‍സ്, ടാറ്റാ അഡ്വാന്‍സ് ഡ് സിസ്റ്റംസ് എന്നിവയുടെ ലോഗോ (ഇടത്ത്)
ന്യൂദല്‍ഹി: ആയുധനിര്‍മ്മാണ രംഗത്ത് വന്‍നിക്ഷേപമിറക്കി മെയ്ക്ക് ഇന്‍ ഇന്ത്യ ശക്തമാക്കി സ്വകാര്യകമ്പനികള്‍. എല്‍ ആന്‍റ് ടി, ടാറ്റ അഡ്വാന്‍സ് ഡ് സിസ്റ്റം, അദാനി ഡിഫന്‍സ് എന്നീ കമ്പനികള്‍ ഇന്ത്യയുടെ പ്രതിരോധമേഖലയ്ക്ക് ആവശ്യമായ ആര്‍ട്ടിലറി ഗണ്ണുകള്‍, ഡ്രോണുകള്‍, മിസൈല്‍ സംവിധാനം എന്നിവ നിര്‍മ്മിക്കാന്‍ ശക്തമായി രംഗത്തുള്ളത് വലിയ അനുഗ്രഹമാണ്. ആത്മനിര്‍ഭര്‍ ഭാരത് എന്ന ദൗത്യം നിറവേറ്റാന്‍ സ്വകാര്യമേഖലയില്‍ നിന്നും പ്രതിരോധ ആവശ്യത്തിനുള്ള ഉപകരണങ്ങളും ആയുധങ്ങളും കൂടുതല്‍ സമാഹരിക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ നയം. പ്രതിരോധമേഖലയ്‌ക്കാവശ്യമായ ഗവേഷണ-വികസന പ്രവര്‍ത്തനങ്ങളുടെ 25 ശതമാനം സ്വകാര്യമേഖലയ്‌ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും നീക്കിവെയ്‌ക്കുക എന്നതാണ് മോദി സര്‍ക്കാരിന്റെ പുതിയ പ്രതിരോധനയത്തിലെ പ്രഖ്യാപനം.
ഗവേഷണവും വികസനവും (ആര്‍ ആന്‍റ് ഡി) പ്രതിരോധമേഖലയില്‍ ശക്തിപ്പെടുത്തിയാലേ പുതിയ കാലത്തിന് അനുസൃതമായ ഉപകരണങ്ങളും ആയുധങ്ങളും പ്രതിരോധസംവിധാനങ്ങളും രാജ്യത്തിന് വളര്‍ത്തിയെടുക്കാന്‍ കഴിയൂ. ഇസ്രയേല്‍ പോലെ പ്രതിരോധമേഖലയില്‍ അതിശക്തമായ രാജ്യങ്ങള്‍ ശക്തരാകുന്നത് ഗവേഷണ-വികസനപ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇന്ന് തീവ്രവാദരംഗത്ത് അതിശക്തമായ മധ്യേഷ്യയിലെ ഹമാസ്, ഹെസ്ബുള്ള, ഹൂതി ശൃംഖലയെ ഒറ്റയ്‌ക്ക് നേരിട്ട് വിജയം വരിക്കാന്‍ ഇസ്രയേലിനായത് ഇത്തരം പ്രതിരോധരംഗത്തെ ഗവേഷണവികസന പ്രവര്‍ത്തനങ്ങളിലൂടെയാണ്. ഇതാണ് മോദി സര്‍ക്കാര്‍ പിന്തുടരാന്‍ ശ്രമിക്കുന്നത്. ചേരിചേരാ നയം പോലെ എല്ലാവരെയും ഭയപ്പെട്ടുകൊണ്ടുള്ള മുന്നോട്ട് പോക്ക് രാജ്യത്തെ ദുര്‍ബലമാക്കാനേ സഹായിക്കൂ എന്നും ഈ സര്‍ക്കാര്‍ കരുതുന്നു.
ഭീകരവാദശൃംഖലകള്‍ ശക്തമാകുന്ന ഈ കാലത്ത്, അവരെ പുതിയ പ്രതിരോധസാങ്കേതികവിദ്യകളാല്‍ നേരിട്ടേ മതിയാവൂ. എ ഐ, ഡ്രോണ്‍ തുടങ്ങിയ പുതിയ സാങ്കേതികവിദ്യങ്ങള്‍ അതിശക്തമായി പരീക്ഷിക്കപ്പെടുകയാണിന്ന്. ഇസ്രയേല്‍ ശാക്തീകരിക്കപ്പെട്ട സിമന്‍റ് ബങ്കറുകള്‍ക്കകത്ത് ഒളിച്ചിരിക്കുന്ന തീവ്രവാദി നേതാക്കളെ വധിച്ചത് അവിടേക്ക് സൈനികരെ നേരിട്ട് അയച്ചിട്ടല്ല. പകരം ഈ തീവ്രവാദികളുടെ നീക്കം ആധുനിക സാങ്കേതികവിദ്യകളാല്‍ ഇസ്രയേലില്‍ ഇരുന്നകൊണ്ട് തന്നെ നിര്‍ണ്ണയിച്ച് ഡ്രോണ്‍ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള ആധുനികമായ നിയന്ത്രിത സ്ഫോടനത്താലാണ്. ഇവിടെ കൊല്ലപ്പെടുക ആ തീവ്രവാദി നേതാവ് മാത്രമാണ്. ഇത്തരം ഒരു ബിന്ദുവിനെ മാത്രം കേന്ദ്രീകരിച്ചുള്ള അതിസൂക്ഷ്മ ആയുധപ്രയോഗങ്ങള്‍ നടത്താനുള്ള കഴിവ് ആര്‍ജ്ജിക്കണമെങ്കില്‍ അതിന് അതിവേഗം മാറ്റങ്ങള്‍ക്കൊപ്പം ചുവടുവെയ്‌ക്കുന്ന, റിസര്‍ച്ചിലും ഡവലപ് മെന്‍റിലും ശ്രദ്ധകേന്ദ്രീകരിക്കുന്ന സ്വകാര്യകമ്പനികളേക്കൂടി ഈ രംഗത്ത് ഉപയോഗിച്ചേ മതിയാവൂ. ഴയ ഇന്ത്യയല്ല. കരുത്തരായ പുതിയ ഇന്ത്യയെയാണ് മോദി സര്‍ക്കാര്‍ കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്നത്. അതിന് കളികളുടെ ചുവടുകളും മാറ്റിയേ തീരൂ.
ചൈനയും യുഎസും ഇതുപോലെ സ്വകാര്യകമ്പനികളെ അവരുടെ ആയുധനിര്‍മ്മാണ രംഗത്ത് ഉപയോഗിക്കുന്നുണ്ട്. മികച്ച ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും എപ്പോള്‍ എത്ര വേണമെങ്കിലും ആയുധങ്ങള്‍ നിര്‍മ്മിക്കുന്നതിനും ഈ സംവിധാനം സഹായകരമാണെന്നതാണ് സത്യം. പൊതുമേഖലാസ്ഥാപനങ്ങള്‍ക്ക് പലപ്പോഴും സര്‍ക്കാര്‍ ഫണ്ടുകളെ മാത്രം ആശ്രയിക്കേണ്ടിവരുമ്പോള്‍ ഈ രംഗത്തെ പുതിയ ചുവടുവെയ്പുകള്‍ നടത്തുന്നതിന് പരിമിതകളുണ്ട്.
ഇപ്പോള്‍ പ്രതിരോധമേഖലയ്‌ക്ക് ആവശ്യമായ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മ്മിക്കുന്നതിന് പൊതുമേഖലാ സ്ഥാപനങ്ങളായ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡ് (എച്ച് എഎല്‍), ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്നീ കമ്പനികളും സജീവമായി രംഗത്തുണ്ട്. 2020ലാണ് സ്വകാര്യമേഖലയെക്കൂടി പ്രതിരോധമേഖലയിലെ ഉപകരണങ്ങളും ആയുധങ്ങളും നിര്‍മ്മിക്കാന്‍ ഉപയോഗിക്കാമെന്ന രീതിയില്‍ പ്രതിരോധരംഗത്ത് പരിവര്‍ത്തനം വരുത്തിയത് മോദി സര്‍ക്കാരാണ്. ഇതിന് ശേഷമാണ് ഈ രംഗത്ത് സ്വകാര്യമേഖലാ കമ്പനികള്‍ എത്തിയത്. അതുപോലെ പ്രതിരോധരംഗത്ത് ഇന്ത്യയ്‌ക്കാവശ്യമായ ആയുധങ്ങളും പ്രതിരോധഉപകരണങ്ങളും ഇന്ത്യ തന്നെ നിര്‍മ്മിക്കണമെന്ന തീരുമാനവും മോദി സര്‍ക്കാര്‍ നടപ്പിലാക്കി.
പ്രതിരോധരംഗത്ത് 2024ല്‍ മാത്രം സ്വകാര്യകമ്പനികള്‍ നേടിയത് 50000 കോടിയുടെ ഓര്‍ഡറുകളാണ്. കെ9 വജ്ര ഹോവിറ്റ്സര്‍ തോക്കുകള്‍ എല്‍ ആന്‍റ് ടി നിര്‍മ്മിക്കുന്നു. സി295 എയര്‍ ക്രാഫ്റ്റുകളുടെ നിര്‍മ്മാണത്തിന് അമേരിക്കയിലെ എയര്‍ബസുമായി ടാറ്റ അഡ്വാന്‍സ് ഡ് സിസ്റ്റംസ് സഹകരിച്ച് പ്രവര്‍ത്തിക്കുന്നു. ഭാരത് ഫോര്‍ജിന്റെ കല്യാണി ഗ്രൂപ്പ് പ്രതിരോധ ആവശ്യത്തിനുള്ള വാഹനങ്ങള്‍ നിര്‍മ്മിക്കുന്നതിലാണ് ശ്രദ്ധ കകേന്ദ്രീകരിച്ചിരിക്കുന്നത്.
പ്രതിരോധരംഗത്തെ പൊതുമേഖലാസ്ഥാപനങ്ങളിലെ മികച്ച എഞ്ചിനീയര്‍മാരെ സ്വകാര്യ കമ്പനികള്‍ വന്‍തുക ശമ്പളം നല്‍കി സ്വന്തമാക്കുന്നു എന്നത് ഒരു പ്രശ്നമാണെങ്കിലും സ്വകാര്യമേഖലയ്‌ക്ക് ഈ രംഗത്ത് ആഗോളതലത്തിലുള്ള മാറ്റങ്ങള്‍ക്കൊത്ത് ചുവടുവെയ്‌ക്കാന്‍ കഴിയും. ഇതിനെ ഒരു മെച്ചെന്തെന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ പ്രതിരോധക്കമ്പനികള്‍ സ്വകാര്യമേഖലയുമായി മത്സരിക്കുന്നതിന്റെ ഭാഗമായി നവീകരിക്കപ്പെടും. ഈയിടെ എച്ച് എഎല്‍ അമേരിക്കയിലെ ജിഇയുമായി സഹകരിച്ച് എഫ് 414 എഞ്ചിനുകള്‍ നിര്‍മ്മിക്കുന്നുണ്ട്. അതുപോലെ ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എഇഎസ്എ റഡാറുകള്‍ നിര്‍മ്മിക്കാന്‍ ശ്രമിച്ചുവരുന്നതും പൊതുമേഖലകമ്പനികള്‍ നവീകരിക്കപ്പെടുന്നതിന്റെ തെളിവാണ്.സ്വകാര്യമേഖലയിലേക്ക് മികച്ച എഞ്ചിനീയര്‍മാരെ നഷ്ടപ്പെടാതിരിക്കാന്‍ പൊതുമേഖലാകമ്പനികള്‍ അവരുടെ എച്ച് ആര്‍ നയങ്ങള്‍ പരിഷ്കരിക്കുന്നുമുണ്ട്.
സൈനിക ഉപകരണനിര്‍മ്മാണരംഗത്ത് പ്രവേശിക്കാന്‍ സ്വകാര്യമേഖലയ്‌ക്ക് മേല്‍ നിലനിന്നിരുന്ന എല്ലാ നിയന്ത്രണവും ചൈനയിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. ഇത് ചൈനയുടെ ആയുധനിര്‍മ്മാണരംഗം അതിവേഗം ആധുനികവല്‍ക്കരിക്കുന്നതിന് കാരണമായി. ഇതേ മാതൃക തന്നെയാണ് ഇന്ത്യയും ഈ രംഗത്ത് അനുവര്‍ത്തിക്കുന്നത്. സ്വകാര്യമേഖലയുടെ സാങ്കേതിക, മാനേജ്മെന്‍റ് നവീകരണം, മത്സരക്ഷമത, കാര്യക്ഷമത എന്നീ ഗുണങ്ങള്‍ പ്രതിരോധരംഗത്തിന് ഗുണം ചെയ്യുമെന്ന് കേന്ദ്രം കരുതുന്നു. ഈ രംഗത്ത് ഇന്ത്യ നേരിടുള്ള പല വെല്ലുവിളികളും പരിഹരിക്കാന്‍ സ്വകാര്യമേഖലയ്‌ക്ക് കഴിയുമെന്നും സര്‍ക്കാര്‍ കണക്കുകൂട്ടുന്നു. ഇന്നവേഷന്‍സ് ഫോര്‍ ഡിഫന്‍സ് എക്സലന്‍സ് (ഐഡിഇഎക്സ്) പോലുള്ള പരിപാടികള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനായി കൂടുതല്‍ പരീക്ഷണോന്മുഖികളായ സ്റ്റാര്ട്ടപ് കമ്പനികളേയും പ്രയോജനപ്പെടുത്തുന്നുണ്ട്. പ്രതിരോധമേഖലയ്‌ക്കാവശ്യമായ വരുംകാലത്തെ സാങ്കേതിക വിദ്യകള്‍ വികസിപ്പിക്കാന്‍ ഇതുവഴി സാധിക്കുമെന്നും മോദി സര്‍ക്കാര്‍ കരുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക