കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ തുടര്‍നടപടികളിലേക്ക് കടന്ന് ഇഡി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴി ആവശ്യപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കി. എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെയാണ് ഇഡി ഇപ്പോള്‍ വീണ്ടും കേസുമായി മുന്നോട്ട് പോകുന്നുവെന്ന സൂചന നല്‍കുന്നത്.
കേസില്‍ എസ്എഫ്ഐഒ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ കോടതിയില്‍ അപേക്ഷ നല്‍കി ഇഡി കുറ്റപത്രം വാങ്ങിയിരുന്നു. ഈ കുറ്റപത്രം പരിശോധിച്ചതിന് ശേഷമാണ് കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളുടേയും പകര്‍പ്പും മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയനടക്കമുള്ളവരുടെ മൊഴിയും ആവശ്യപ്പെട്ട് വീണ്ടും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.
ഇപ്പോള്‍ ആവശ്യപ്പെട്ട രേഖകള്‍ വിശദമായി പരിശോധിച്ചതിന് ശേഷം ഇനി നോട്ടീസ് അയച്ച് തുടര്‍നടപടികളിലേക്ക് നീങ്ങുകയാകും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചെയ്യുക. അതേസമയം, സി.എം.ആർ.എൽ എക്‌സാലോജിക് ഇടപാടില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരേ ഹൈക്കോടതി നോട്ടീസ് അയച്ചിരുന്നു. ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തില്‍ അന്വേഷണം സി.ബി.ഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാധ്യമ പ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിന്മേലായിരുന്നു ഹൈക്കോടതി നടപടി.
സി.എം.ആര്‍.എല്‍ – എക്‌സാലോജിക് കരാറിനെതിരായ എസ്.എഫ്.ഐ.ഒ നടപടി ചോദ്യം ചെയ്ത് സി.എം.ആർ.എൽ ഹൈക്കോടതിയില്‍ ഹരജി നൽകിയിരുന്നു. കേസിൽ എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഹൈക്കോടതിയിൽ സി.എം.ആർ.എല്ലിന്റെ ഹർജി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: