ന്യൂദല്‍ഹി: പ്രൊജക്ട് ചീറ്റയുടെ ഭാഗമായി ദക്ഷിണാഫ്രിക്കയിലെ ബോട്‌സ്വാനയില്‍ നിന്നും എട്ട് ചീറ്റപ്പുലികളെ കൂടി കൊണ്ടുവരാനൊരുങ്ങി ഭാരതം. മെയ് മാസത്തോടെ നാല് ചീറ്റകളെകൂടി ഭാരതത്തില്‍ എത്തിക്കുമെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവിന്റെ സാന്നിധ്യത്തില്‍ ഭോപ്പാലില്‍ നടന്ന പ്രൊജക്റ്റ് ചീറ്റ അവലോകന യോഗത്തില്‍ അറിയിച്ചു.
ദക്ഷിണാഫ്രിക്ക, ബോട്‌സ്വാന, കെനിയ എന്നിവിടങ്ങളില്‍ നിന്ന് കൂടുതല്‍ ചീറ്റകളെ ഭാരതത്തിലേക്ക് കൊണ്ടുവരുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പ്രൊജക്റ്റ് ചീറ്റയ്‌ക്കായി ഇതുവരെ 112 കോടിയിലധികം രൂപയാണ് ചെലവഴിച്ചത്.
കുനോ ദേശീയോദ്യാനത്തില്‍ നിലവില്‍ 26 ചീറ്റകളുണ്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. അതില്‍ 16 എണ്ണം തുറന്ന വനത്തിലും 10 എണ്ണം പുനരധിവാസ കേന്ദ്രത്തിലുമാണ്. ചീറ്റപ്പുലികളെ നിരീക്ഷിക്കുന്നതിനായി സാറ്റലൈറ്റ് കോളര്‍ ഐഡികള്‍ ഉപയോഗിച്ച് 24 മണിക്കൂറും ട്രാക്കിങ് നടക്കുന്നുണ്ടെന്നും അറിയിച്ചു.
അഞ്ച് പെണ്‍ ചീറ്റകള്‍ അടങ്ങുന്ന എട്ട് നമീബിയന്‍ ചീറ്റകളെ 2022 സപ്തംബര്‍ 17നാണ് കുനോ ദേശീയോദ്യാനത്തില്‍ തുറന്നുവിട്ടത്. 2023 ഫെബ്രുവരിയില്‍, ദക്ഷിണാഫ്രിക്കയില്‍ നിന്ന് 12 ചീറ്റകളെ കൂടെ എത്തിച്ചിരുന്നു. നിലവില്‍ കുനോ ദേശീയോദ്യാനത്തില്‍ ഭാരതത്തില്‍ ജനിച്ച 14 കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ 26 ചീറ്റപ്പുലികളാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: