ന്യൂദല്‍ഹി: കേരളത്തിലെ ചില്ലറ പണപ്പെരുപ്പം രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍. മാര്‍ച്ചിലെ കണക്കുപ്രകാരം കേരളത്തിലെ ചില്ലറ പണപ്പെരുപ്പം 6.59% ആണ്. ഫെബ്രുവരിയിലെ 7.31%ത്തില്‍ നിന്നു താഴെയെത്തിയെങ്കിലും ദേശീയ ശരാശരിയും മറ്റു സംസ്ഥാനങ്ങളിലെ റിപ്പോര്‍ട്ടും താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലാണ് ഏറ്റവുമുയര്‍ന്ന നിരക്കില്‍ ചില്ലറ പണപ്പെരുപ്പം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയം പുറത്തുവിട്ട കണക്കാണ് സംസ്ഥാനത്തെ ചില്ലറ വിലക്കയറ്റത്തോത് രാജ്യ ശരാശരിയെക്കാള്‍ ഇരട്ടിയാണെന്നു വ്യക്തമാക്കുന്നത്.
രാജ്യത്തെ ചില്ലറ പണപ്പെരുപ്പം അഞ്ചര വര്‍ഷത്തിനിയിടയിലെ ഏറ്റവും കുറഞ്ഞ നിരക്കായ 3.34% ആണ്. ചില്ലറ പണപ്പെരുപ്പ നിരക്കു നാലു ശതമാനം താഴെ നിര്‍ത്താനാണ് റിസര്‍വ് ബാങ്ക് ശ്രമിക്കുന്നത്. റിസര്‍വ് ബാങ്ക് ലക്ഷ്യത്തെക്കാള്‍ മുകളിലാണ് കേരളമുള്‍പ്പെടെ നാലു സംസ്ഥാനങ്ങളിലെ ചില്ലറ പണപ്പെരുപ്പം. അതില്‍ ഏറ്റവും ഒന്നാമതാണ് കേരളം. കര്‍ണാടകയാണ് രണ്ടാമത്, 4.44%. ഛത്തീസ്ഗഡില്‍ 4.25%, ജമ്മുകശ്മീരില്‍ 4% എന്നിങ്ങനെയാണ്. ഏറ്റവും കുറഞ്ഞ പണപ്പെരുപ്പ നിരക്ക് തെലങ്കാനയിലാണ്-1.06%, ദല്‍ഹി -1.48%, ആന്ധ്രപ്രദേശ്-2.5%, ഝാര്‍ഖണ്ഡ്-2.08% എന്നിങ്ങനെ പിന്നാലെയുണ്ട്.
സ്റ്റാറ്റിസ്റ്റിക്സ് മന്ത്രാലയ കണക്കു പ്രകാരം ഫെബ്രുവരിയിലെ ചില്ലറ പണപ്പെരുപ്പം 3.61% ആയിരുന്നു. ഏഴു മാസത്തെ ഏറ്റവും താഴ്ന്ന നിരക്കായിരുന്നു ഇത്. ഭക്ഷ്യവസ്തുക്കളുടെ വിലയിലെ കുത്തനെയുള്ള കുറവാണ് പണപ്പെരുപ്പം കുറയാന്‍ കാരണം. മാര്‍ച്ചിലെത്തിയപ്പോള്‍ അതു പ്രതീക്ഷിച്ചതിനെക്കാള്‍ കുറഞ്ഞു. എന്നാല്‍, ദേശീയ ശരാശരിയും മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോഴും കേരളത്തില്‍ ഭക്ഷ്യവസ്തുക്കളുടെ വില കുത്തനെ ഉയരുകയാണെന്നു കാണുന്നു.
ചില്ലറ പണപ്പെരുപ്പം കുറയുമെന്ന റിസര്‍വ് ബാങ്ക് കണക്കുകൂട്ടലുകള്‍ ശരിയാകുന്നെന്നാണ് ദേശീയ ശരാശരി സൂചിപ്പിക്കുന്നത്. ചില്ലറ പണപ്പെരുപ്പം വിലയിരുത്തിയാണ് റിസര്‍വ് ബാങ്ക് റിപ്പോ നിരക്കു പരിഷ്‌കരിക്കുന്നത്. പണപ്പെരുപ്പം കുറയുന്നതു കണക്കിലെടുത്തും ജിഡിപി വളര്‍ച്ചയ്‌ക്കു പിന്തുണയേകാനും കഴിഞ്ഞ ഫെബ്രുവരിയിലും ഈ മാസവും റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 0.25% വീതം കുറച്ചിരുന്നു. പണപ്പെരുപ്പം രണ്ടു ശതമാനം മുതല്‍ 6% വരെ നില നില്‍ക്കുന്നതാണ് രാജ്യത്തെ സമ്പദ് വ്യവസ്ഥയ്‌ക്കു ഗുണകരമെന്നാണ് റിസര്‍വ് ബാങ്ക് നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: