വഞ്ചിയൂര്‍: കോടതി സമുച്ചയം ഉള്‍പ്പെടെ സ്ഥിതിചെയ്യുന്ന വഞ്ചിയൂരില്‍ വെള്ളം സംബന്ധിച്ച പ്രശ്നങ്ങളാണ് അധികവും. വെള്ളപ്പൊക്കം, വെള്ളക്കെട്ട്, കുടിവെള്ളം ഇല്ലായ്മ, അശുദ്ധജലത്തിന്റെ ഒഴുക്ക് ഇങ്ങനെയുള്ള വിഷയങ്ങള്‍ ജന്മഭൂമി ജനസദസില്‍ ഉയര്‍ന്നു ഋഷിമംഗലം, കോണ്‍വെന്റ് റോഡ് തുടങ്ങിയ പ്രദേശങ്ങളില്‍ കുടിവെള്ളം ഇല്ലാത്തത് വലിയ പ്രശ്നമാണ്. പല വീടുകളും താമസക്കാര്‍ ഇല്ലാതെ പൂട്ടിയിടേണ്ടിവന്ന അവസ്ഥയാണ്. പാറ്റൂരില്‍ ആര്‍ട്ടക് മാളിന് മുന്നില്‍ പൈപ്പ് പൊട്ടി കുടിവെള്ളം മുടങ്ങുന്നത് നിത്യസംഭവമാണ്.
അഴുക്കുജലം ഒഴുകുന്ന ആമയിഴഞ്ചാന്‍ തോടിന്റെ ഏകദേശം 100 മീറ്ററോളം ദൂരം സ്ലാബ് ഇട്ട് റോഡ് ആക്കിയിട്ടുണ്ട്. ശേഷിച്ച ഭാഗവും അങ്ങനെ ചെയ്യണമെന്ന ആവശ്യം ഉയര്‍ന്നു. സ്ലാബ് ഇട്ട് വഴിയാക്കിയ ഇടം അഭിഭാഷകര്‍ പാര്‍ക്കിംഗിനായി ഉപയോഗിക്കുന്നതിനാല്‍ ഉദ്ദേശിച്ച ഫലം ലഭിക്കുന്നില്ല. പദ്ധതി പാറ്റൂര്‍ വരെ നീട്ടാന്‍ പണം അനുവദിച്ചിരുന്നെങ്കിലും നടപ്പായില്ല.
ആയൂര്‍വേദ കോളജ്, പുളിമുട്, സ്റ്റാച്യു തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളില്‍നിന്നുള്ള മഴവെള്ളം വേഗത്തില്‍ വഞ്ചിയൂരിലേക്ക് എത്തുന്നത് വെള്ളപ്പൊക്കത്തിന് കാരണമാകുന്നു. ഇതിന് ശാശ്വത പരിഹാരം വേണം. ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയെ വഞ്ചിയൂരിന്റെ സാംസ്കാരിക കേന്ദ്രമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ടു. എസ്. പ്രേംകുമാര്‍ അധ്യക്ഷനായി. ജന്മഭൂമി ഓണ്‍ലൈന്‍ എഡിറ്റര്‍ പി. ശ്രീകുമാര്‍, ബിജെപി സംസ്ഥാന ഉപാധ്യക്ഷ പ്രൊഫ. വി. ടി. രമ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: