പത്തനംതിട്ട: കോന്നി ആനക്കൂട്ടില്‍ നാല് വയസുകാരന്‍ കോണ്‍ക്രീറ്റ് തൂണ്‍ ശരീരത്തില്‍ വീണ് മരിച്ച സംഭവത്തില്‍ ജീവനക്കാര്‍ക്ക് സസ്പെന്‍ഷന്‍. ദക്ഷിണ മേഖലാ ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആണ് നടപടി സ്വീകരിച്ചത്.
ഇക്കോ ടൂറിസം കേന്ദ്രത്തിന്റെ ചുമതലയുള്ള സെഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ആര്‍. അനില്‍കുമാര്‍, സലീം, സതീഷ്, സജിനി, സുമയ്യ ഷാജി എന്നീ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഡി എഫ് ഒ, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ എന്നിവരെ സ്ഥലം മാറ്റുമെന്ന് സൂചനയുണ്ട്. വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്റെ നിര്‍ദേശം പ്രകാരമാണ് നടപടി.
കോണ്‍ക്രീറ്റ് തൂണുകളുടെ സുരക്ഷിതത്വം ഉറപ്പാക്കിയില്ലെന്ന ഗുരുതര വീഴ്ച ഉണ്ടായ സാഹചര്യത്തിലാണ് ജീവനക്കാര്‍ക്കെതിരെ വകുപ്പുതല നടപടി സ്വീകരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് അടൂര്‍ കടമ്പനാട് നിന്നും കുടുംബത്തോടൊപ്പം ആനക്കൊട്ടില്‍ കാണാന്‍ എത്തിയ നാലുവയസുകാരന്‍ അഭിരാം കോണ്‍ക്രീറ്റ് തൂണ് വീണ് മരിച്ചത്. ഉപയോഗശൂന്യമായ കോണ്‍ക്രീറ്റ് തൂണുകള്‍ ബലക്ഷയം വന്നിട്ടും എടുത്തു മാറ്റാതെ നിലനിര്‍ത്തിയതായിരുന്നു അപകടകാരണം.
മരിച്ച കുട്ടിയുടെ സംസ്‌കാരം നാളെ കടമ്പനാട്ടെ വീട്ട് വളപ്പില്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: