ന്യൂദല്‍ഹി:മുണ്ടക്കൈ-ചൂരല്‍മല അതിജീവിതരുടെ പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജി. എസ്റ്റേറ്റ് ഉടമകളാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്.
എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ അനുവദിച്ചുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യണം, മതിയായ നഷ്ടപരിഹാരം നല്‍കാതെ ഭൂമി ഏറ്റെടുക്കാന്‍ അനുവദിക്കരുത് എന്നിങ്ങനെയാണ് ഹര്‍ജിയിലെ ആവശ്യങ്ങള്‍.
2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം നഷ്ടപരിഹാരം മുഴുവന്‍ നല്‍കുന്നത് വരെ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നത് തടയണം എന്നാണ് ഹര്‍ജിയിലെ ആവശ്യം.
മുണ്ടക്കൈ-ചൂരല്‍മല ദുരന്തബാധിതരുടെ പുനരധിവാസത്തിന് ടൗണ്‍ഷിപ്പ് നിര്‍മിക്കാന്‍ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ഭൂമി ഏറ്റെടുക്കുന്നതിന് ഹൈക്കോടതി നേരത്തേ സര്‍ക്കാരിന് അനുമതി നല്‍കിയിരുന്നു.ഭൂമി ഏറ്റെടുക്കുമ്പോള്‍ 549 കോടിയിലേറെ രൂപ നഷ്ടമുണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഉടമകള്‍ പറയുന്നത്. ഇത് പരിഹരിക്കാന്‍ മതിയായ തുക നല്‍കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല.
അതേസമയം,എല്‍സ്റ്റണ്‍ എസ്റ്റേറ്റിന്റെ ഹര്‍ജി സമര്‍പ്പിക്കും മുന്‍പ് തന്നെ സര്‍ക്കാര്‍ വിഷയത്തില്‍ തടസ ഹര്‍ജി ഫയല്‍ ചെയ്തിരുന്നു.തങ്ങളുടെ വാദം കേള്‍ക്കാതെ ഉത്തരവ് പുറപ്പെടുവിക്കരുതെന്നാണ് സര്‍ക്കാര്‍ ആവശ്യം.
ഹൈക്കോടതി നിര്‍ദ്ദേശിച്ച 17 കോടി രൂപ ഉള്‍പ്പടെ 42 കോടി കെട്ടിവയ്‌ക്കാമെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്. ഇതോടെ ഭൂമി ഏറ്റെടുക്കാന്‍ ഹൈക്കോടതി അനുമതി നല്‍കി. വിഷയത്തില്‍ എസ്റ്റേറ്റ് ഉടമകളുടെ വാദം ഹൈക്കോടതി ജൂലൈ ആദ്യവാരം വിശദമായി കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: